Wednesday, May 23, 2012   10:24 AM IST
Vaartha BlogRSS
Loading
ചൈനയിലെ വന്‍മതിലുകള്‍
Published : Wednesday, October 12, 2011
|
  
Text Size
വി. കെ. സഞ്ജു

ജയിലില്‍നിന്നിറങ്ങിയിട്ട് കൊല്ലം ഒന്നു കഴിഞ്ഞു. ഇപ്പോ ഷാങ്ഹായിലെ അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് രണ്ടു മണിക്കൂര്‍ വണ്ടിയോടിച്ച് ഓഫിസ് വരെ പോകാം. പുറം വേദന പതിവാണ്. അതിനുള്ള അക്യുപങ്ചര്‍ ചികിത്സയ്ക്കും മുടക്കമൊന്നുമില്ല. പക്ഷേ, അമെരിക്ക വരെയൊന്നു പോയി വീട്ടുകാരെ കണ്ടു വരാമെന്നു വച്ചാല്‍ സമ്മതിക്കുന്നില്ല ചൈനക്കാര്‍. എയര്‍പോര്‍ട്ട് വരെ രണ്ടു പ്രാവശ്യം പോയതാണ്. പക്ഷേ, സാറന്‍മാര്‍ തിരിച്ചു വീട്ടില്‍ പറഞ്ഞു വിട്ടു.

കേസൊക്കെ തീര്‍ന്നതാണ്. വാണിജ്യ രഹസ്യം ചോര്‍ത്തിയെന്നായിരുന്നു. പക്ഷേ, തെളിവില്ലെന്നു പറഞ്ഞു കോടതി വെറുതേ വിട്ടു. എന്നിട്ടെന്താ കാര്യം, ജയിലിന്‍റെ ഇടുങ്ങിയ ചുറ്റുമതിലുകളില്‍ നിന്നു കുറേക്കൂടി വിശാലമായൊരു ജയിലിലേക്കു തടവു ശിക്ഷ പറിച്ചു നട്ടെന്നു മാത്രം...!

ഹു ഷിചെങ് എന്നാണു പേര്. ജനിച്ചതു ചൈനയിലാണെങ്കിലും ഇപ്പോള്‍ യുഎസ് പൗരന്‍. പഠിക്കാന്‍ പോയതാണ് അമെരിക്കയില്‍. പിന്നെ ഗവേഷണവും ജോലിയുമൊക്കെയായി അവിടെത്തന്നെ കൂടി. മോട്ടോര്‍ വാഹനങ്ങളുടെ എമിഷന്‍ കണ്‍ട്രോള്‍ സംവിധാനം കണ്ടുപിടിച്ച് അവാര്‍ഡ് ഒക്കെ വാങ്ങിയിട്ടുണ്ട്. പണ്ട് അവസരങ്ങളുടെ ഖനിയായിരുന്ന അമെരിക്ക തേടിപ്പോകുകയും, പിന്നെ ലോകത്തിന്‍റെ വികസന കേന്ദ്രം കിഴക്കോട്ടു മാറിയപ്പോള്‍ പുതിയ അവസരങ്ങള്‍ തേടി ചൈനയിലേക്കു തിരിച്ചു പോരുകയും ചെയ്ത പല ശാസ്ത്രജ്ഞരും നേരിടുന്നത് ഇങ്ങനെയുള്ള അനുഭവങ്ങള്‍.

പാശ്ചാത്യര്‍ക്കു സാദാ സിവില്‍ കേസാണു വാണിജ്യ തര്‍ക്കങ്ങള്‍. ചൈനയില്‍ വകുപ്പു ക്രിമിനലാണ്. നിയമം നിയമത്തിന്‍റെ വഴിക്കാണ് എപ്പോഴും. അതു നടപ്പാക്കുന്നതു വേറേ വഴിക്കും. കോടതി വെറുതേ വിട്ട പ്രതിയെ പ്രാദേശിക ഉദ്യോഗസ്ഥര്‍ വിചാരിച്ചാലും ഇതുപോലെയൊക്കെ ശിക്ഷിക്കാം, രാജ്യമാകുന്ന വലിയ ജയിലില്‍ എന്നേയ്ക്കുമായി തളച്ചിടാം.

കേസ് നടന്ന ടിയാന്‍ജിനിലെ പൊലീസുകാരോടു ചോദിച്ചാല്‍, ഹുവിനെതിരേ ഇപ്പോള്‍ കേസൊന്നുമില്ലെന്നു പറയും. പ്രോസിക്യൂട്ടര്‍മാരുടെ ഓഫിസിലോ, കേസ് കൊടുത്ത ഹൈസ്കി (ടിയാന്‍ജിന്‍) സ്പെഷ്യാലിറ്റി മെറ്റീരിയല്‍സ് കമ്പനിക്കാരോടോ ചോദിച്ചാല്‍, സാറ് സ്ഥലത്തില്ലെന്നു പറയും.

കഴിഞ്ഞ ജൂലൈയില്‍ മകള്‍ക്ക് ഷാങ്ഹായില്‍ വന്ന് ഹുവിനെ കാണാന്‍ കഴിഞ്ഞു. അച്ഛന്‍റെ കഷ്ടപ്പാടുകളെക്കുറിച്ച് ഉപന്യാസമെഴുതിയാണ് അവള്‍ കോളെജ് അഡ്മിഷനുള്ള ടെസ്റ്റ് പാസായത്. മകനെ കണ്ടിട്ട് മൂന്നു വര്‍ഷമായി. അവനന്ന് തന്‍റെ നെഞ്ചൊപ്പമേയുണ്ടായിരുന്നുള്ളൂ. ഇപ്പോ ആറടി പൊക്കം വച്ചിരിക്കുന്നു... കണ്ണീരൊപ്പാന്‍ ഹു മുഖം മറയ്ക്കുന്നു....

രാജ്യം വിടാന്‍ അനുവദിക്കാത്തതെന്തെന്നു ഹുവിനോട് ആരും ഇതുവരെ പറഞ്ഞിട്ടില്ല. പൊലീസുകാരോടു ചോദിക്കാന്‍ പറയും ബോര്‍ഡര്‍ കണ്‍ട്രോളുകാര്‍. കേസൊന്നുമില്ലെന്ന പൊലീസിന്‍റെ മറുപടി രണ്ടു തവണയും കേട്ടു തിരിച്ചുപോന്നു.

അതിവിശാലമായ ആ ജയിലില്‍ ഇതുപോലെ പലരും.... പക്ഷേ, ആരെക്കെയെന്ന്, എത്രപേരെന്നു പറഞ്ഞില്ല യുഎസ് നയതന്ത്ര പ്രതിനിധികള്‍. അമെരിക്കന്‍ നിയമം കുറേയൊക്കെ അറിയാം ഹുവിന്. പക്ഷേ, വേറിട്ട നാടല്ലേ ചൈന.

കെമിക്കല്‍ റിയാക്ഷനുകളുടെ വേഗം നിയന്ത്രിക്കുന്ന രാസത്വരകങ്ങളെക്കുറിച്ച് (കാറ്റലിസ്റ്റ്) ഗവേഷണം നടത്തിയിരുന്ന ഹുവിന് സ്വാതന്ത്ര്യത്തിന്‍റെ കാറ്റലിസ്റ്റ് ചൈനയിലെങ്ങും കണ്ടെത്താനാകുന്നില്ല. ഓട്ടൊമൊബീല്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകളുടെ പേരില്‍ യുഎസില്‍ ഒമ്പതും യൂറോപ്പിലും മറ്റിടങ്ങളിലുമായി ഡസന്‍ കണക്കിനും പേറ്റന്‍റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എസ്യുവി ഇനത്തില്‍പ്പെടുന്ന വാഹനങ്ങള്‍ കാരണമുള്ള മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണു നേട്ടങ്ങളില്‍ പ്രധാനം.

യുഎസില്‍ ഇരുപതു വര്‍ഷം നീണ്ട ഗവേഷണസപര്യയ്ക്കൊടുവില്‍ 2004ലാണു ജന്മനാട്ടിലേക്കു മടങ്ങാനുള്ള തീരുമാനം. റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന ചൈനീസ് ഓട്ടൊ വിപണി എന്ന പ്രലോഭനം തീര്‍ച്ചയായും അതിനൊരു കാരണമായിരുന്നു. തന്നെപ്പോലെ പരിചയസമ്പത്തുള്ളയാളെ നാട്ടുകാര്‍ സഹര്‍ഷം സ്വാഗതം ചെയ്യുമെന്നു വിശ്വസിച്ചു പോയി. അങ്ങനെയാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡോക്റ്ററേറ്റുള്ള ഭാര്യ ഹോങ് ലിയുമൊത്ത്, കാറ്റലിറ്റിക് കണ്‍വെര്‍ട്ടറുകള്‍ക്ക് മെറ്റീരിയല്‍ സപ്ലൈ ചെയ്യാന്‍ ഒരു കമ്പനി തുടങ്ങുന്നത്.

2006ല്‍ ഹൈസ്കിയുമായി തര്‍ക്കം തുടങ്ങി. 2000ത്തില്‍ ഹു തന്നെ ഒരു വമ്പന്‍ കരാറിനു ശുപാര്‍ശ ചെയ്തിട്ടുള്ള കമ്പനിയാണ് ഹൈസ്കി. അതിന്‍റെ ചെയര്‍മാന്‍ ഷു ജുന്‍ ആകട്ടെ, അദ്ദേഹത്തിന്‍റെ യൂനിവേഴ്സിറ്റി ക്ലാസ്മേറ്റും. സിര്‍കോണിയം കാറ്റലിസ്റ്റ് നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഹു തങ്ങളുടെ എതിര്‍ കമ്പനിക്കു ചോര്‍ത്തിക്കൊടുത്തെന്നായിരുന്നു ഹൈസ്കിയുടെ ആരോപണം. പൊലീസ് നടപടികള്‍ പതിവായതോടെ ഹു കുടുംബത്തെ യുഎസിലേക്കു തിരിച്ചയച്ചു. പിന്നീട് ഹു കസ്റ്റഡിയിലുമായി. പതിനേഴു മാസം ജയിലില്‍, ഇരുപതും മുപ്പതും അന്തേവാസികളുള്ള ഗ്രൂപ്പ് സെല്ലില്‍ വാസം. വെറുതേവിട്ട് പതിനേഴു മാസം കൂടി കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. പക്ഷേ, സ്വതന്ത്രനായിട്ടില്ലെന്നു മാത്രം. വുക്സിയിലെ ഓഫീസില്‍ നിന്ന് ഷാങ്ഹായിയിലെ അപ്പാര്‍ട്ടുമെന്‍റിലേക്ക് രണ്ടരമണിക്കൂര്‍ ഡ്രൈവ്, കടുത്ത നടു വേദനയ്ക്ക് അക്യുപങ്ചര്‍ ചികിത്സ ഇതു രണ്ടുമാണ് ഇപ്പോള്‍ ചൈന അനുവദിച്ചിരിക്കുന്ന സ്വാതന്ത്ര്യങ്ങള്‍. ചൈന വിട്ടു പോകരുത് എന്ന വിലക്കിന്‍റെ വന്‍മതില്‍ ഉയര്‍ത്തിയിട്ടുണ്ട് ഹു ഷിചെങ്ങിനു മുന്നില്‍. അതു കൊണ്ടു തന്നെ കുടുംബവുമായുള്ള സമാഗമം ഹുവിനിപ്പോള്‍ ഒരു സ്വപ്നം മാത്രം...

Rate This News :
Latest News