Wednesday, May 23, 2012   10:27 AM IST
Vaartha BlogRSS
Loading
വെള്ളം കിട്ടാതെ കുടുംബങ്ങള്‍
Published : Saturday, October 15, 2011
|
  
Text Size
കോഴിക്കോട്

കുടിവെള്ളം കിട്ടാക്കനിയായി മുന്നൂറോളം കുടുംബങ്ങള്‍. മൂന്നുമാസമായി തുടരുന്ന ഇവരുടെ കുടിവെള്ള പ്രശ്നത്തില്‍ കഴിഞ്ഞ മാസം കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഇപ്പോഴും പരിഹാരമൊന്നുമായില്ല. പതിനഞ്ചു ദിവസമായി പൂര്‍ണമായും കുടിവെള്ളം നിലച്ച അവസ്ഥയില്‍.

അങ്ങേയറ്റം ദുരിതത്തിലായ ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കൗണ്‍സിലറുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ മലാപ്പറമ്പ് വാട്ടര്‍ അഥോറിറ്റി ഓഫിസ് ഉപരോധിച്ചു.നഗരത്തില്‍ കിണാശേരി, മാങ്കാവ്, ചെലവൂര്‍ പ്രദേശങ്ങളിലാണ് മഴ മാറി ഒരു മാസം തികയും മുന്‍പേ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.

കഴിഞ്ഞ മൂന്നുമാസമായി തുടരുന്നതാണ് ഇവരുടെ പ്രശ്നം. കിണറുകളില്‍ വെള്ളംകിട്ടാത്ത പ്രദേശത്തുകാര്‍ക്ക് വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ളമാണ് ആകെയുള്ള ആശ്വാസം. കൂളിമാട്കുന്ന്, മലാപ്പറമ്പ് പമ്പിങ് സ്റ്റേഷനുകളില്‍ നിന്നാണ് ഇവര്‍ക്കുള്ള കുടിവെള്ളം വരുന്നത്. ഇവിടുത്തെ മോട്ടോറിന്‍റെ തകരാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ മൂന്നുമാസമായിട്ടും മോട്ടോര്‍ തകരാര്‍ പരിഹരിക്കാനോ പുതിയ മോട്ടോര്‍ വാങ്ങാനോ അധികൃതര്‍ തയ്യാറാവുന്നില്ല. പ്രശ്നം നീണ്ടുപോയപ്പോള്‍ കഴിഞ്ഞ മാസം കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുമ്പാകെ നാട്ടുകാര്‍ പരാതിയുമായി എത്തിയിരുന്നു. ഉടന്‍ മുഖ്യമന്ത്രി കലക്റ്ററേയും എക്സിക്യൂട്ടീവ് എന്‍ജിനിയറേയും വിളിച്ചുവരുത്തി പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ അതുകഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഇവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായിത്തന്നെ തുടരുന്നു. ദൂരെയുള്ള കിണറുകളില്‍ നിന്ന് രാവിലേയും വൈകുന്നേരവും തലച്ചുമടായി വെള്ളം കൊണ്ടുവന്നാണ് കുടുംബങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റുന്നത്. ഇപ്പോള്‍ 15ദിവസമായി പൂര്‍ണമായും വെള്ളം നിലച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രദേശത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മലാപ്പറമ്പ് വാട്ടര്‍ അഥോറിറ്റി ഓഫിസ് ഉപരോധിച്ചത്.

രണ്ടുമണിക്കൂറോളം നീണ്ട സമരത്തിനൊടുക്കം മോട്ടോര്‍ നന്നാക്കി പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി പ്രവര്‍ത്തകര്‍ പറഞ്ഞു. അതുവരെ ലോറിയില്‍ ദിവസവും കുടിവെള്ള വിതരണം നടത്താനും തീരുമാനിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു.

ചെലവൂര്‍ കൗണ്‍സിലര്‍ പി. ഷിനോജ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്‍റ് പ്രസാദ് അമ്പലക്കോത്ത്, നോര്‍ത്ത് പ്രസിഡന്‍റ് ഷമീജ് പാറോപ്പടി എന്നിവര്‍ നേതൃത്വം നല്‍കി.

Rate This News :
Latest News