66 പുതിയ ശാഖകള്‍ തുറന്നു
Published : Wednesday,
October 19,
2011
കൊച്ചി
ഫെഡറല്‍ ബാങ്ക് രാജ്യത്തു 66 പുതിയ ശാഖകളും 34 എടിഎമ്മുകളും തുറന്നു. ബാങ്കിന്‍റെ 66ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വികസന പരിപാടികളുടെ ഭാഗമായാണിത്. ഇതോടെ ഫെഡറല്‍ ബാങ്കിനു രാജ്യത്താകമാനമുള്ള ശാഖകളുടെ എണ്ണം 823ഉം എടിഎമ്മുകള്‍ 877ഉം ആയി.
സമീപഭാവിയില്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ മുഖ്യസ്ഥാനത്ത് എത്താനും കേരളത്തിലെ ഒന്നാംകിട ബാങ്കായി മാറാനും ഫെഡറല്‍ ബാങ്കിനു കഴിയുമെന്ന് ശാഖകളുടെയും എടിഎമ്മുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
പുതിയ 66 ശാഖകളില്‍ 28 എണ്ണം കേരളത്തിലും 38 എണ്ണം മറ്റു സംസ്ഥാനങ്ങളിലുമാണ്. തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ബാങ്കിനു മെച്ചപ്പെട്ട സാന്നിധ്യം നേടിയെടുക്കാനും രാജ്യത്തെ 25 സംസ്ഥാനങ്ങളിലേക്കു വ്യാപിക്കാനും കഴിഞ്ഞതായി അധികൃതര്‍.
81,000 കോടി രൂപയിലേറെയാണു ബാങ്കിന്‍റെ ആകെ ബിസിനസ്. ഒരൊറ്റ ദിവസം 100 പുതിയ കേന്ദ്രങ്ങള്‍ തുറക്കുകയെന്നത് അധികമാര്‍ക്കും സാധിക്കാത്ത നേട്ടമാണെന്ന് ഉദ്ഘാടന ചടങ്ങില്‍ ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. ബാങ്കിന്‍റെ നെടുംതൂണായ ഉപയോക്താക്കള്‍ക്കു കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ തുടര്‍ന്നും ശ്രമിക്കും. ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും പ്രവര്‍ത്തന രീതി, സേവനങ്ങള്‍, ഉത്പന്നങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്താനും പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഫെഡറല്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളായ പി.സി. സിറിയക്, പി.സി. ജോണ്‍ എന്നിവരും പങ്കെടുത്തു.
ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസിന്‍റെ 95ാം ജന്മദിനം കൂടിയായിരുന്നു ഇന്നലെ. ഇതിന്‍റെ ഭാഗമായി ബാങ്ക് ആവിഷ്കരിച്ച പരിസ്ഥിതി സംരക്ഷണ പരിപാടി കെ.പി. ഹോര്‍മിസിന്‍റെ ജന്മനാടായ മൂക്കന്നൂരില്‍ ആരംഭിച്ചു.
ബാങ്കിന്‍റെ സാര്‍ഥകമായ 66 വര്‍ഷങ്ങളെ ഓര്‍മപ്പെടുത്തി ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് 66 വൃക്ഷത്തൈകള്‍ നട്ടു. ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ത്യന്‍ വ്യവസായ മേഖലയെടുക്കേണ്ട നടപടികളെക്കുറിച്ച് ചടങ്ങില്‍ അദ്ദേഹം വിശദീകരിച്ചു.
Close...
Maximum Character Allowed -
4000