Wednesday, May 23, 2012   3:44 PM IST
Vaartha BlogRSS
Loading
ആറ്റുകാലില്‍ നിന്ന്
Published : Wednesday, October 19, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

ആറ്റുകാലമ്മയുടെ അനുഗ്രഹവുമായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ സന്നിധാനത്തേക്ക്. ശബരിമില മേല്‍ശാന്തി ബാലമുരളിയും മാളികപ്പുറം മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിയും തിരുവനന്തപുരം സ്വദേശികള്‍. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ 23 വര്‍ഷമായി കീഴ്ശാന്തിയാണ് ഈശ്വരന്‍ നമ്പൂതിരി. താമസം ക്ഷേത്രത്തിനടുത്ത് കോറമംഗലം വീട്ടില്‍. ബാലമുരളി ഒരു വര്‍ഷം ആറ്റുകാല്‍ മേല്‍ശാന്തിയായിരുന്നു.

തിരുവനന്തപുരം മണികണ്ഠേശ്വരം ഇടമന ഇല്ലത്താണ് ബാലമുരളിയുടെ (38) ജനനം. അച്ഛന്‍ നീലകണ്ഠ ശര്‍മ സെക്രട്ടേറിയെറ്റ് ജീവനക്കാരനായിരുന്നു. ചെങ്ങന്നൂര്‍ കിഴക്കേനട പുത്തരുട്ട് മഠത്തിലെ ശ്യാമളാദേവിയാണ് അമ്മ. ഭാര്യ പ്രസീദ. മക്കള്‍ ജാതവേദന്‍, ദേവദത്തന്‍. ബാലമുരളിയുടെ കുടുംബത്തില്‍ അദ്ദേഹം മാത്രമാണ് ശാന്തിയായി ജോലി നോക്കുന്നത്. കൊല്ലം പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തിയാണിപ്പോള്‍. കോട്ടയം പാമ്പാടി ആലമ്പള്ളിയിലായിരുന്നു വിദ്യാഭ്യാസം.

1988ല്‍ ആലുവ തന്ത്രവിദ്യാ പീഠത്തില്‍ താന്ത്രിക വിദ്യ പഠിച്ച് തന്ത്രരത്നം ബിരുദം നേടി. പി. മാധവ്ജിയായിരുന്നു ഗുരുനാഥന്‍. പിന്നീട് കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയില്‍ നിന്നു സംസ്കൃതം അഭ്യസിച്ചു. ചെറുപ്പം മുതല്‍ മുടങ്ങാതെ ശബരിമലയില്‍ പോകുമായിരുന്ന തനിക്ക് അയ്യപ്പന്‍ തന്ന വരമായാണ് ഈ നിയോഗത്തെ കാണുന്നതെന്ന് ബാലമുരളി. മുന്‍പ് മൂന്നു തവണ മേല്‍ശാന്തി ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തിട്ടുണ്ട്.

പുറപ്പെടാശാന്തിയായി ശബരിമലയില്‍ കഴിയുമ്പോള്‍ ജ്യോതിഷ പഠനത്തിനു കൂടുതല്‍ സമയം മാറ്റിവയ്ക്കാനാണു തീരുമാനം.

കണ്ണൂര്‍ കൈതപ്രം കോറമംഗലം ഇല്ലത്തു ജനിച്ച ഈശ്വരന്‍ നമ്പൂതിരി (44) പതിനാലാം വയസില്‍ തിരുവനന്തപുരത്തെത്തി. വിമുക്ത ഭടനായ കൃഷ്ണന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്‍റെയും മകന്‍. ഭാര്യ സാവിത്രീ ദേവി അന്തര്‍ജനം. പൂര്‍ണിമയും അനന്തകൃഷ്ണനും മക്കള്‍. താത്കാലിക ശാന്തിയായാണ് ഈശ്വരന്‍ നമ്പൂതിരി ആറ്റുകാലമ്മയുടെ സന്നിധിയിലെത്തിയത്. ആറ്റുകാലമ്മയാണ് തന്‍റെ എല്ലാ ഭാഗ്യത്തിനും വളര്‍ച്ചയ്ക്കും കാരണമെന്ന് അദ്ദേഹം പറയുന്നു.

അച്ഛന്‍റെ അനുജന്‍ ദാമോദരന്‍ നമ്പൂതിരി 35 വര്‍ഷം ആറ്റുകാല്‍ ക്ഷേത്ര ശാന്തിയായിരുന്നു.

ഐടിഐ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഈശ്വരന്‍ നമ്പൂതിരി താന്ത്രികവിദ്യകള്‍ പഠിച്ചത് കുടുംബത്തില്‍ നിന്നു തന്നെ. നാലാം തവണയാണ് മേല്‍ശാന്തി ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നത്.

Rate This News :
Latest News