ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും
Published : Thursday,
October 20,
2011
തിരുവനന്തപുരം
പ്രവാസികള്‍ക്കുള്ള സാന്ത്വന പദ്ധതിയിലെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതു പരിഗണനയിലുണ്ടെന്നു മന്ത്രി കെ.സി. ജോസഫ് നിയമസഭയെ അറിയിച്ചു. ജില്ലകളിലെ നോര്‍ക്ക ഓഫിസുകളെ പഞ്ചായത്തുകളുമായി ബന്ധപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണനെ മന്ത്രി അറിയിച്ചു.
പീക്ക് സീസണുകളില്‍ എയര്‍ ഇന്ത്യ ചാര്‍ജ് വര്‍ധിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അവര്‍ മാതൃകാപരമായ നടപടി സ്വീകരിക്കണം. പ്രവാസികളുടെ എണ്ണത്തെക്കുറിച്ചു വ്യക്തമായ കണക്കുകളില്ല. ആധാര്‍ രജിസ്ട്രേഷനിലൂടെ ഇതു വ്യക്തമാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രവാസിക്ഷേമ പദ്ധതിയില്‍ അംഗത്വത്തിനുള്ള പ്രായപരിധി 60 ആക്കുന്നതു പരിശോധിക്കും. പ്രവാസി സര്‍വകലാശാലയ്ക്ക് അനുകൂല സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 49 പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നു കെ.സി. ജോസഫ്. കയര്‍, കൃഷി, ഡയറി തുടങ്ങിയ മേഖലകളില്‍ ഉത്പാദനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിനും വനം മേഖലയുമായി ബന്ധപ്പെടുത്തിയുള്ള പദ്ധതികള്‍ക്കുമാണ് മുന്‍ഗണന.
സംസ്ഥാനത്ത് പുതിയ സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ 210 അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്നു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍.
സഹകരണ ബാങ്കുകളിലെ നിക്ഷേപം 68,388.96 കോടിയാണ്. 2006ല്‍ ഇത് 20,945.97 കോടിയായിരുന്നു. സംസ്ഥാന സഹകരണ ബാങ്കിന്‍റെ കിട്ടാക്കടം 470.02 കോടിയാണ്. ബാങ്കിന്‍റെ നഷ്ടം 313.27 കോടിയാണെന്നും മന്ത്രി. സഹകര ബാങ്കുകളിലെ നിക്ഷേപ സമാഹരണ യജ്ഞം നവംബര്‍ ഒന്നു മുതല്‍ 30 വരെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ഈ വര്‍ഷം കര്‍ഷകര്‍ക്ക് 1000 കോടി രൂപ വായ്പ നല്‍കാന്‍ ഉദ്ദേശിക്കുന്നു.
Close...
Maximum Character Allowed -
4000