Wednesday, May 23, 2012   3:51 PM IST
Vaartha BlogRSS
Loading
കാലികള്‍ എവിടെയെന്ന് മില്‍മ
Published : Thursday, October 20, 2011
|
  
Text Size
കോഴിക്കോട്

മുന്‍ സര്‍ക്കാരിന്‍റെ കാലത്തു ക്ഷീര വികസനത്തിനായി കൊണ്ടുവന്ന പദ്ധതികള്‍ക്ക് എന്തുപറ്റിയെന്നു മുന്‍മന്ത്രി സി. ദിവാകരന്‍ മറുപടി പറയണമെന്നു മില്‍മ. പ്രതിവര്‍ഷം 10 കോടി രൂപയുടെ കന്നുകാലികളെ സൗജന്യമായി വിതരണം ചെയ്തുവെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അങ്ങനെയെങ്കില്‍ അഞ്ചു കൊല്ലംകൊണ്ട് വിതരണം ചെയ്ത 50 കോടി രൂപയുടെ കന്നുകാലികള്‍ എവിടെപ്പോയെന്നു ദിവാകരന്‍ വ്യക്തമാക്കണം.

സംസ്ഥാനത്തെ കറവമാടുകളുടെ എണ്ണം 30 ശതമാനം കുറഞ്ഞുവെന്നാണു കണക്ക്. ദിവാകരന്‍ നടപ്പാക്കിയ പശുഗ്രാമ പദ്ധതി, ഹൈടെക് ഡയറി ഫാം പദ്ധതി എന്നിവ പരാജയമായിരുന്നെന്ന് ഇതില്‍നിന്നു മനസിലാവുന്നു. കര്‍ഷകര്‍ കാലി വളര്‍ത്തലില്‍നിന്നു പിന്‍മാറുന്ന ഇക്കാലത്തും കടമെടുത്ത് ആനുകൂല്യങ്ങള്‍ നല്‍കി അവരെ പിടിച്ചു നിര്‍ത്തുകയാണ്.

അത്തരത്തിലൊരു സംവിധാനത്തെ അനാവശ്യമായി വിമര്‍ശിക്കും മുന്‍പ് സി. ദിവാകരന്‍ സ്വന്തം ചെയ്തികള്‍ പരിശോധിക്കുന്നതു നന്നായിരിക്കുമെന്നും മില്‍മ മലബാര്‍ മേഖലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വര്‍ധിപ്പിച്ച അഞ്ചു രൂപ പാല്‍വിലയില്‍ 4.40 രൂപ മില്‍മ ക്ഷീരസംഘങ്ങളെ ഏല്‍പ്പിക്കുന്നു. സംഘങ്ങള്‍ ഇതില്‍നിന്ന് 20 പൈസ എടുത്തു ബാക്കി 4.20 രൂപ കര്‍ഷകര്‍ക്കു നല്‍കുന്നു. അഞ്ചു രൂപയില്‍ മറ്റൊരു 20 പൈസ മില്‍മ വിതരണക്കാര്‍ക്കു നല്‍കുന്നു. അവശേഷിക്കുന്ന 20 പൈസ മാത്രമാണു മില്‍മയിലേക്ക് എത്തുന്നതെന്നും അവര്‍ വിശദീകരിച്ചു.

പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും വില വര്‍ധിക്കുകയാണ്. ഈയവസരത്തില്‍ നഷ്ടം സഹിച്ചു മില്‍മ പാല്‍ വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളുകയായിരുന്നു. പാലുത്പാദനത്തിന്‍റെ ചെലവേറുകയും കര്‍ഷകര്‍ കറവമാടുകളെ ഉപേക്ഷിക്കുകയും പാലുത്പാദനം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലായിരുന്നു വില വര്‍ധിപ്പിക്കാന്‍ മില്‍മ നിര്‍ബന്ധിതമായത്. ഇതിന് അനുകൂലമായ വിധി വന്ന ശേഷം മുന്‍ ക്ഷീരവികസന വകുപ്പു മന്ത്രി സി. ദിവാകരന്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നു വ്യാപകമായ തോതില്‍ നുണപ്രചാരണങ്ങള്‍ നടക്കുന്നു.

വര്‍ധിപ്പിച്ച പാല്‍വില അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നുവെന്നാണ് ഒരു പ്രചാരണം. ഇത് അടിസ്ഥാന രഹിതം. മില്‍മ വില്‍ക്കുന്ന 11 ലക്ഷം ലിറ്റര്‍ പാലില്‍ ഏഴു ലക്ഷം ലിറ്ററും ശേഖരിക്കുന്നതു കേരളത്തിലെ കര്‍ഷകരില്‍നിന്നുതന്നെ. പുറത്തുനിന്നു പാല്‍ കൊണ്ടുവരുന്നതിനു ലിറ്ററിനു 16 പൈസ മുതല്‍ 2.06 രൂപ വരെ അധിക ചെലവുണ്ട്. എന്നിരിക്കെ, അന്യസംസ്ഥാനങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ട സ്ഥിതി മില്‍മയ്ക്കില്ല.

കാലി വളര്‍ത്തലില്‍നിന്നു ജനം പിന്‍മാറുമ്പോള്‍ മില്‍മ സബ്സിഡിയും ആനുകൂല്യങ്ങളും നല്‍കി അവരെ പിടിച്ചു നിര്‍ത്തുന്നതുകൊണ്ടാണു കേരളത്തിന്‍റെ പാല്‍കുടി മുട്ടാത്തതെന്നും ഭാരവാഹികള്‍ പറഞ്ഞു. മലബാര്‍ മേഖലായ യൂണിയന്‍ ചെയര്‍മാന്‍ പി.പി. ഗോപിനാഥ പിള്ള, എംഡി കെ.ടി. തോമസ്, സീനിയര്‍ മാനെജര്‍ കെ. ദാമോദരന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Rate This News :
Latest News