നോട്ടം RBIയിലേക്ക്
Published : Monday,
October 24,
2011
മുംബൈ
ഈ വാരം ഓഹരി സൂചികകളുടെ ഗതി നിര്‍ണയിക്കുന്നതു നാളത്തെ റിസര്‍വ് ബാങ്ക് വായ്പാ അവലോകനവും യൂറോസോണിലെ സംഭവ വികാസങ്ങളുമായിരിക്കും. വോള്‍ സ്ട്രീറ്റിലെ മുന്നേറ്റം കണക്കിലെടുത്ത് സൂചികകള്‍ വ്യാപാരത്തുടക്കത്തില്‍ ഗ്രീന്‍ സോണ്‍ കണ്ടേക്കാം. യുഎസില്‍ വെള്ളിയാഴ്ച ഡൗ ജോണ്‍സ് 2.31% ഉയര്‍ന്നിരുന്നു. എസ്&പി 500 1.88% നേട്ടം കൊയ്തപ്പോള്‍ നാസ്ദാക്ക് 1.49% ഉയര്‍ന്നു. ഇത് ഇന്ന് ഏഷ്യന്‍ വിപണിയെ സ്വാധീനിക്കാവുന്ന ഘടകമാണ്. എന്നാല്‍, ഇന്ത്യന്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗരൂകരാകാനാണു സാധ്യത.
നാണയപ്പെരുപ്പം ഉയരുന്നതു നിയന്ത്രിക്കാന്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ആര്‍ബിഐ കാല്‍ ശതമാനം ഉയര്‍ത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറില്‍ 9.72 ശതമാനമാണു നാണയപ്പെരുപ്പം. ഓഗസ്റ്റില്‍ 9.78%. 2010 മാര്‍ച്ച് മുതല്‍ നാണയപ്പെരുപ്പം ഒമ്പതു ശതമാനത്തില്‍ കുറഞ്ഞിട്ടില്ല. ആശ്വാസ നിരക്കിലെത്താന്‍ നിരക്കു വര്‍ധനയ്ക്ക് ആര്‍ബിഐ മുതിര്‍ന്നാല്‍ സൂചികകള്‍ റെഡ് സോണിലെത്തും.
കഴിഞ്ഞവാരം ആഗോള ആശങ്കകളും നാണയപ്പെരുപ്പം ഉയര്‍ന്നതും സൂചികകളെ നഷ്ടത്തിലേക്ക് നയിച്ചിരുന്നു. കഴിഞ്ഞവാരം സെന്‍സെക്സിനു നഷ്ടം 1.73%. ഈ വാരം മൂന്നു പൂര്‍ണ വ്യാപാര ദിനങ്ങള്‍ മാത്രമാണുള്ളത്. ഗോവര്‍ധന പൂജയായതിനാല്‍ വ്യാഴാഴ്ച അവധി. ദീപാവലിയായതിനാല്‍ 26നു രണ്ടു മണിക്കൂര്‍ മൂഹൂര്‍ത്ത വ്യാപാരം മാത്രം.
യൂറോസോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചേരുന്ന ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നിക്ഷേപകരെ സ്വാധീനിക്കും. പ്രശ്ന പരിഹാരമായാല്‍ ആഗോള വിപണികളില്‍ ചലനം പ്രതീക്ഷിക്കാം. റിസര്‍വ് ബാങ്കിന്‍റേതു പ്രതീക്ഷിക്കുന്ന നിരക്കു വര്‍ധനയായാല്‍ ഹ്രസ്വകാലത്തേക്ക് സൂചികകള്‍ ഡൗണ്‍ ട്രെന്‍ഡിലേക്കു വീഴില്ല.
സ്വര്‍ണം
ദീപാവലി മുന്‍നിര്‍ത്തി കഴിഞ്ഞവാരം സ്വര്‍ണ വിലയില്‍ മുന്നേറ്റം. വാരാവസാനം പവന്‍ 20,000 രൂപയില്‍. ഗ്രാം ~2,500ല്‍. വ്യാഴാഴ്ച 19,600 രൂപയുണ്ടായിരുന്ന പവന് വെള്ളിയാഴ്ച 19,880 രൂപയായി. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് കൂടിയതു 400 രൂപ. ഒക്റ്റോബര്‍ ഒന്നു മുതല്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. പല തവണ പവന്‍ വില 20,000 ഭേദിച്ചെങ്കിലും പിന്നീട് തിരിച്ചിറങ്ങി.
ബോംബെ ബുള്ള്യനില്‍ പത്തു ഗ്രാമിനു 90 രൂപ ഉയര്‍ന്ന് 27,030ല്‍ ക്ലോസ് ചെയ്തു. ഇന്നത്തെ ധന്‍തേരസ് മുന്‍നിര്‍ത്തി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടി. എന്നാല്‍, യൂറോപ്യന്‍ ആശങ്കകള്‍ ഒഴിഞ്ഞതോടെ രാജ്യന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിനു 2.8% കുറഞ്ഞ് 1,642 ഡോളറായി. വില ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കിലും ഉത്സവ- ആഘോഷ സീസണ്‍ മുന്‍നിര്‍ത്തി വില്‍പ്പനയില്‍ 35% വര്‍ധനയുണ്ടാകുമെന്നാണു സൂചന.
ധന്‍തേരസിനു സ്വര്‍ണം വാങ്ങാനുള്ള നല്ല അവസരമായി കാണുന്ന ഉത്തരേന്ത്യയില്‍ നാണയങ്ങള്‍ക്കാണു ഡിമാന്‍ഡ് കൂടുതല്‍. ധന്‍തേരസ് മുന്‍നിര്‍ത്തി ഗീതാഞ്ജലി ഉള്‍പ്പെടെയുള്ള പല ബ്രാന്‍ഡഡ് സ്വര്‍ണാഭരണ നിര്‍മാതാക്കളും പുതിയ കളക്ഷനുകള്‍ പുറത്തിറക്കി. നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തിന് ആവശ്യമേറുന്നു. കൊട്ടക് മഹീന്ദ്രയുള്‍പ്പെടെ ബാങ്കുകളും മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വിവിധ അളവുകളില്‍ നാണയങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
വെള്ളി
വെള്ളി കിലോയ്ക്ക് 600 രൂപ ഉയര്‍ന്ന് 53,200ല്‍. വ്യാവസായിക ആവശ്യം ഉയര്‍ന്നതാണു കാരണം. ഇതിനുപുറമേ ദീപാവലി ആഘോഷങ്ങള്‍ക്കു സമ്മാനം നല്‍കാന്‍ വെള്ളി നാണയങ്ങള്‍ വാങ്ങിക്കൂട്ടുന്നതും വില വര്‍ധനയ്ക്കു കാരണമായി. 10 മുതല്‍ 100 വരെ ഗ്രാം വരുന്ന നാണയങ്ങളാണു ജ്വല്ലറികള്‍ ഉപയോക്താക്കള്‍ക്കു നല്‍കുന്നത്.
ഗണേശ- ലക്ഷ്മി പൂജയ്ക്കാണ് ഉത്തരേന്ത്യയില്‍ വെള്ളി നാണയങ്ങള്‍ വാങ്ങുന്നത്. ചൈനയുടെ വ്യാവസായിക വളര്‍ച്ച ഉയര്‍ന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വെള്ളി വില വരും ദിവസങ്ങളില്‍ വര്‍ധിക്കാനാണു സാധ്യത. സ്വര്‍ണം ഒഴികെയുള്ള മറ്റു നിക്ഷേപ മാര്‍ഗങ്ങളിലേക്കു ഫണ്ടുടമകള്‍ തിരിയുന്നതും വെള്ളിക്കു ഗുണകരമാവും.
കുരുമുളക്
കറുത്ത പൊന്നിനു കഴിഞ്ഞവാരം വിലയിടിവ്. അണ്‍ ഗാര്‍ബിള്‍ഡ് കിലോയ്ക്ക് 342 രൂപയില്‍ നിന്നു 338 രൂപയിലെത്തി. ഗാര്‍ബിള്‍ഡ് 357 രൂപയില്‍ നിന്നു 353ല്‍. ലഭ്യതക്കുറവ് അനുഭവപ്പെട്ടതിനാല്‍ മുന്‍വാരങ്ങളില്‍ കുരുമുളക് വില സര്‍വകാല റെക്കോഡിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നു യുഎസ്, യൂറോപ്പിലെ ആവശ്യക്കാര്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
ഇപ്പോഴത്തെ വിലയിടിവ് താത്കാലികമാണെന്നു വിപണി വിദഗ്ധര്‍ പറയുന്നു. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കയറ്റുമതിയില്‍ അഞ്ചു ശതമാനത്തിലധികം ഇടിവുണ്ട്. ഇന്തോനേഷ്യ, ബ്രസീല്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയും കുറഞ്ഞു. ഇതാണു കുരുമുളക് കര്‍ഷകര്‍ക്കു പ്രതീക്ഷ നല്‍കുന്നത്.
റബര്‍
മുന്‍വാരങ്ങളിലെ ആലസ്യ ത്തിനു ശേഷം കര്‍ഷകര്‍ കൂടുതല്‍ ചരക്ക് വിപണിയിലെത്തിച്ചതോടെ റബര്‍ വിലയില്‍ ഇടിവ്. നാലാം ഗ്രെയ്ഡ് കിലോയ്ക്ക് 216 രൂപയില്‍ നിന്നു 210ലെത്തി. അഞ്ചാം ഗ്രെയ്ഡ് 213ല്‍ നിന്നു 208 രൂപയില്‍. ചൈനീസ് കമ്പനികള്‍ വിപണിയില്‍ നിന്നു വിട്ടുനിന്നതും ഓഹരി വിപണിയിലെ ഇടിവും വില കുറയുന്നതിനു കാരണമായി. ബാങ്കോക്കില്‍ നാലാം ഗ്രെയ്ഡ് വ്യാപാരം അവസാനിപ്പിച്ചത് 19,524 രൂപയില്‍. ടയര്‍ കമ്പനികളാണു പ്രധാന ആവശ്യക്കാര്‍.
വെളിച്ചെണ്ണ
ഡിമാന്‍ഡുണ്ടായിട്ടും കഴിഞ്ഞവാരം വെളിച്ചെണ്ണ വിലയില്‍ ഇടിവ്. വ്യവസായികളും റീട്ടെയ്ല്‍ ഉപയോക്താക്കളും വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വില കുറയാനാണു സാധ്യത.
ഓണം സീസണ്‍ കഴിഞ്ഞതോടെ സംസ്ഥാനത്തെ ഡിമാന്‍ഡ് ഫ്ളാറ്റ്. കഴിഞ്ഞ മാസങ്ങളില്‍ വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നതിനാല്‍ പല ഉപയോക്താക്കളും പാമോയിലിലേക്കു മാറിയിരുന്നു. വില കുറയുന്നതിനാല്‍ വ്യാപാരികളും ചരക്ക് ഹോള്‍ഡ് ചെയ്യുകയാണ്.
Close...
Maximum Character Allowed -
4000