Wednesday, May 23, 2012   4:06 PM IST
Vaartha BlogRSS
Loading
പുതിയ പ്ലാന്‍റ് ഗുജറാത്തില്‍
Published : Sunday, October 30, 2011
|
  
Text Size
ന്യൂഡല്‍ഹി

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഗുജറാത്തില്‍ പ്ലാന്‍റ് തുടങ്ങും. മെഹസന ജില്ലയില്‍ 1,500 ഏക്കറിലാവും പുതിയ പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങുക. മനേശ്വര്‍ പ്ലാന്‍റിലെ തുടര്‍ച്ചയായ തൊഴില്‍ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ പ്ലാന്‍റ് ഗുജറാത്തിലേക്കോ മഹരാഷ്ട്രയിലേക്കോ മാറ്റുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗുജറാത്തിലെ ഭൂമി വാങ്ങാന്‍ ഇന്നലെ ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കി. ഇതിനിടെ സെപ്റ്റംബര്‍ 30ന് അവസാനിച്ച ര ണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 59.81% ഇടിഞ്ഞ് 240.44 കോടിയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 598.24 കോടി. മൊത്തം വരുമാനം 14.38% കുറഞ്ഞ് 7,831.62 കോടിയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 9,147.27 കോടി.

മൂന്നു മാസക്കാലയളവില്‍ വില്‍പ്പന 19.56% കുറഞ്ഞ് 2,52,307 യൂനിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3,13,654 യൂനിറ്റ്.

ഏറ്റവുമധികം വില്‍പ്പനയുള്ള ഓള്‍ട്ടോയുടെ വില്‍പ്പന 20% ഇടിഞ്ഞ് 22,000 യൂനിറ്റായി. മനേശ്വറിലെ തൊഴില്‍ സമരം കാരണം കമ്പനിക്ക് 28,539 കാറുകളുടെ ഉത്പാദന നഷ്ടമുണ്ടായി. വിദേശ വിനിമയ നിരക്ക് ഉയര്‍ന്നതും ലാഭം കുറയുന്നതിനു കാരണം. ഇന്ധന വില വര്‍ധനയും പലിശ ഉയര്‍ന്നതും വില്‍പ്പനയെ കാര്യമായി ബാധിച്ചെന്നു കമ്പനി വക്താവ് അറിയിച്ചു. അതേ സമയം പ്രമോഷന്‍ ചെലവ് ഉയര്‍ന്നതും തിരിച്ചടിയായി.

കഴിഞ്ഞ മാസങ്ങളിലുണ്ടായ പണിമുടക്കിനെത്തുടര്‍ന്നു 1,750 കോടി വരുമാന നഷ്ടമുണ്ടായതായി മാനെജ്മെന്‍റ് അറിയിച്ചു. അനുബന്ധ യൂനിറ്റിനടക്കം 18,000 കോടിയാണു മാരുതി നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ മുടക്കുന്നത്. പ്രതിവര്‍ഷം 20 ലക്ഷം യൂനിറ്റാണു പുതിയ പ്ലാന്‍റിന്‍റെ ഉത്പാദന ശേഷി.

മാരുതിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. ഗുജറാത്തിനു മാരുതിയുടെ പുതുവത്സര സമ്മാനമാണ് പുതിയ പ്ലാന്‍റ്. സംസ്ഥാനം ഏഷ്യയിലെ ഓട്ടോ ഹബ്ബാകാന്‍ കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഒസാമു സുസുക്കി മോഡിയുമായി കഴിഞ്ഞമാസം ചര്‍ച്ച നടത്തിയിരുന്നു. ഹരിയാനയ്ക്കു പുറത്തുള്ള കമ്പനിയുടെ ആദ്യ പ്ലാന്‍റാണ് ഗുജറാത്തിലേത്.

ഡീസല്‍ എന്‍ജിന്‍ വാങ്ങുന്നതിനു ഫിയറ്റുമായുള്ള സഹകരണകരാര്‍ സംബന്ധിച്ച് രണ്ടു മാസത്തിനുള്ളില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ. കാത്തിരിപ്പു കാലാവധി ഉയര്‍ന്നതിനെത്തുടര്‍ന്ന് സ്വിഫ്റ്റിന്‍റെ ഓര്‍ഡറുകളില്‍ 10 ശതമാന ത്തോളം റദ്ദായെന്നും കമ്പനി പറഞ്ഞു.

Rate This News :
Latest News