തൊട്ടും തൊടാതെയും ചിദംബരം
Published : Tuesday,
November 01,
2011
ന്യൂഡല്‍ഹി
ജമ്മു കശ്മീരിലെ ചില ഭാഗങ്ങളില്‍ സായുധ സേനയുടെ പ്രത്യേകാധികാരം (അഫ്സ്പ) പിന്‍വലിക്കുമെന്ന മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയില്‍ വ്യക്തമായ നിലപാടില്ലാതെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ഒമര്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നു പറഞ്ഞ അദ്ദേഹം പക്ഷേ, പൂര്‍ണമായും മുഖ്യമന്ത്രിയോടു യോജിച്ചില്ല. ഇക്കാര്യത്തില്‍ പൊതുജന അഭിപ്രായം കൂടി പരിഗണിക്കണമെന്ന കോണ്‍ഗ്രസ് നിലപാട് മനസിലാക്കാനാകുമെന്നായിരുന്നു ചിദംബരം ഇന്നലെ പറഞ്ഞത്.
സംസ്ഥാന ക്യാബിനറ്റ് റിവ്യൂവിനുശേഷം ഒമര്‍ അബ്ദുള്ള കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അഫ്സ്പയെക്കുറിച്ചുള്ള സംസ്ഥാന റിവ്യൂ സുരക്ഷയുമായി ബന്ധപ്പെട്ട ക്യാബിനറ്റ് കമ്മിറ്റിയുടെ എട്ടിന അജന്‍ഡയുടെ ഭാഗമാണ്- ചിദംബരം പറഞ്ഞു. സൈന്യത്തിന്‍റെ പ്രത്യേകാധികാരം എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട റിവ്യൂ പെട്ടെന്നു വേണമെന്ന് ഒമറിനു തോന്നിയതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമറിന്‍റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സെയ്ഫുദ്ദീന്‍ സോസ് ശക്തമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയോടു വിയോജിച്ച സോസ് ഇക്കാര്യത്തില്‍ ഒമര്‍ അബ്ദുള്ള കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താതെയാണ് പ്രസ്താവന നടത്തിയതെന്നും ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ ചിദംബരം തയാറായില്ല. ക്യാബിനറ്റിലും കൂടുതല്‍ ചര്‍ച്ചകള്‍ അഭികാമ്യമാണെന്നും ജനാധിപത്യ സംവിധാനത്തില്‍ എത്രതവണ വേണമെങ്കിലും കൂടിക്കാഴ്ചകള്‍ നടത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, താഴ്വരയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച മധ്യസ്ഥരുടെ റിപ്പോര്‍ട്ട് പരിശോധിച്ചു വരുകയാണെന്നു ചിദംബരം പറഞ്ഞു. പരിശോധനയ്ക്കു ശേഷം തന്‍റെ വിലയിരുത്തല്‍ കൂടി ചേര്‍ത്ത് പ്രധാനമന്ത്രിക്കു സമര്‍പ്പിക്കും.
അഫ്സ്പയെക്കുറിച്ചു പുനരവലോകനവും ചില മേഖലകളില്‍ നിന്ന് സാവധാനം സേനയെ പിന്‍വലിക്കാനുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. അതേസമയം, സംസ്ഥാനത്തിന്‍റെ സ്വാതന്ത്യം പോലുള്ള കാര്യങ്ങളെ പരാമര്‍ശിച്ചിട്ടില്ല.
ജനാഭിപ്രായം അറിയണം: ഫാറുഖ് അബ്ദുള്ള
ശ്രീനഗര്‍
ജമ്മു കശ്മീരില്‍ സായുധ സേനയ്ക്കുള്ള പ്രത്യേകാധികാരം (അഫ്സ്പ) എടുത്തു മാറ്റുന്നതിനു മുന്‍പ് ജനഹിതം അറിയണമെന്നു ഭരണ കക്ഷി നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ പ്രസിഡന്‍റ് ഫാറുഖ് അബ്ദുള്ള. കൂട്ടുകക്ഷി സഭയിലെ നേതാക്കാളും സൈന്യവും തമ്മില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താഴ്വരയില്‍ ഭാഗികമായി അഫ്സ്പ എടുത്തു മാറ്റുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞത് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സഖ്യകക്ഷിയായ തങ്ങളുമായി കൂടിയാലോചിക്കാതെയാണ് ഒമറിന്‍റെ പ്രസ്താവനയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നിയമം മാറ്റാനുള്ള സമയമായിട്ടില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സെയ്ഫുദ്ദീന്‍ സോസ് പറഞ്ഞു.
ഭൂരിപക്ഷം ജനങ്ങളും ഭാഗികമായി അഫ്സ്പ മാറ്റണമെന്ന അഭിപ്രായമുള്ളവരാണെന്നു ഫാറുഖ് അബ്ദുള്ള ഇന്നലെ സൂചിപ്പിച്ചു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രം നിയോഗിച്ച മധ്യസ്ഥരുടെ റിപ്പോര്‍ട്ടും ഇക്കാര്യത്തില്‍ പരിഗണിക്കാവുന്നതാണ്.
Close...
Maximum Character Allowed -
4000