പലസ്തീന്‍: പിന്തുണയ്ക്കില്ല
Published : Saturday,
November 05,
2011
യുനൈറ്റഡ് നേഷന്‍സ്
പലസ്തീനു സ്വതന്ത്ര രാഷ്ട്ര പദവി നല്‍കുന്നതു സംബന്ധിച്ച പ്രമേയത്തെ യുഎന്‍ രക്ഷാസമിതിയില്‍ പിന്തുണയ്ക്കില്ലെന്ന് ഫ്രാന്‍സും ബ്രിട്ടനും കൊളംബിയയും വ്യക്തമാക്കി. പ്രമേയത്തില്‍ വോട്ടെടുപ്പു നടന്നാല്‍ ഈ രാജ്യങ്ങള്‍ വിട്ടുനില്‍ക്കും.
പ്രമേയം വീറ്റോ ചെയ്യുമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പ്രമേയം പാസാകാന്‍ ആവശ്യമായ ഒമ്പത് അംഗങ്ങളുടെ പിന്തുണ രക്ഷാ സമിതിയില്‍ ലഭിച്ചാല്‍, തങ്ങള്‍ ധാര്‍മികമായി വിജയിച്ചെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളെ അംഗീകരിച്ചെന്നും പലസ്തീന് അവകാശപ്പെടാമായിരുന്നു. എന്നാല്‍ മൂന്നു രാജ്യങ്ങള്‍ കൂടി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ, രക്ഷാസമിതിയില്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന പലസ്തീന്‍ പ്രതീക്ഷ അസ്തമിക്കുമെന്ന് ഏതാണ്ടു തീര്‍ച്ചയായി.
ബ്രസീല്‍, ചൈന, ഇന്ത്യ, ലെബനന്‍, റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ ആറ് രക്ഷാസമിതി അംഗങ്ങള്‍ പലസ്തീന്‍ നീക്കത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജര്‍മനി നിലപാടു വ്യക്തമാക്കിയിട്ടില്ല. വോട്ടെടുപ്പ് ഉണ്ടായാല്‍ ജര്‍മനി എതിര്‍ത്തു വോട്ടു ചെയ്യുകയോ വിട്ടുനില്‍ക്കുകയോ ചെയ്യുമെന്നു കരുതപ്പെടുന്നു. രക്ഷാസമിതി അംഗങ്ങളായ ഗാബോണ്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നു.
ബ്രിട്ടനും ഫ്രാന്‍സും ഏതാനും ദിവസത്തിനുള്ളില്‍ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
പലസ്തീന്‍റെ അഭ്യര്‍ഥനയുടെ പകര്‍പ്പ് രക്ഷാസമിതി അംഗങ്ങള്‍ക്ക് അടുത്ത ബുധനാഴ്ച വിതരണം ചെയ്യും. പ്രമേയത്തില്‍ അന്തിമ വോട്ടെടുപ്പ് എന്നു നടത്തുമെന്നു തീരുമാനിച്ചിട്ടില്ല.
ഒമ്പത് അംഗങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായാല്‍ പ്രമേയത്തില്‍ വോട്ടെടുപ്പു വേണമെന്ന ആവശ്യം പലസ്തീന്‍ അടിയന്തരമായി ഉന്നയിക്കില്ലെന്നു നയതന്ത്ര പ്രതിനിധികള്‍ കരുതുന്നു.
സ്വതന്ത്ര രാഷ്ട്ര പദവിക്കായി പലസ്തീന്‍ ഏകപക്ഷീയ നീക്കം നടത്തുന്നതു മധ്യേഷന്‍ സമാധാന നീക്കങ്ങളെ പ്രതീകൂലമായി ബാധിക്കുമെന്നാണ് യുഎസ് നിലപാട്. ഇസ്രയേല്‍-പലസ്തീന്‍ സമാധാന നടപടികള്‍ പുനരാരംഭിക്കുകയും ചര്‍ച്ചയിലൂടെ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുകയും വേണമെന്നാണ് യുഎസ് നിലപാട്.
ബ്രിട്ടനും ഫ്രാന്‍സും പലസ്തീനു സ്വതന്ത്ര രാഷ്ട്ര പദവി ലഭിക്കുന്നതിനെ തത്വത്തില്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍, പലസ്തീന്‍ പ്രമേയം രക്ഷാസമിതിയില്‍ പാസായാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന് അവര്‍ കരുതുന്നു.
Close...
Maximum Character Allowed -
4000