Wednesday, May 23, 2012   4:12 PM IST
Vaartha BlogRSS
Loading
സ്വര്‍ണവിലയില്‍ വര്‍ധന
Published : Monday, November 07, 2011
|
  
Text Size
സ്വര്‍ണം

പവന്‍ വില കുതിക്കുന്നു. കഴിഞ്ഞ വാരം മാത്രം കൂടിയത് 520 രൂപ. വാരാവസാനം 20,800 രൂപയില്‍. വാരത്തുടക്കത്തില്‍ 20,280 രൂപയായിരുന്നു. ഉത്സവ സീസണായതിനാല്‍ വില വര്‍ധന സാധാരണമെന്നു വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിയായതിനാല്‍ ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സ്വര്‍ണം വാങ്ങുന്നവരില്‍ ഭൂരിഭാഗവും പ്രവാസികളാണ്.

ചാഞ്ചാട്ടം പ്രകടമായിരുന്ന ബോംബെ ബുള്ള്യനില്‍ പത്തു ഗ്രാമിനു 435 രൂപയാണു കൂടിയത്. കഴിഞ്ഞവാരം തുടക്കത്തില്‍ ആഭരണ നിര്‍മാതാക്കളില്‍ നിന്നു ഡിമാന്‍ഡ് കുറഞ്ഞതിനെത്തുടര്‍ന്ന് 275 രൂപ കുറഞ്ഞു. ബുധനാഴ്ച മുതല്‍ ഉയര്‍ന്ന സ്വര്‍ണ വില ആറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലുമെത്തി. എന്നാല്‍, ആഗോള ആശങ്കകളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ലാഭമെടുക്കലിനു മുതിര്‍ന്നതോടെ ശനിയാഴ്ച 70 രൂപ നഷ്ടത്തി28,315 രൂപയിലാണു വ്യാപാരം അവസാനിപ്പിച്ചത്.

രാജ്യാന്തര വിപണിയിലും വില ഉയര്‍ന്നു. വെള്ളിയാഴ്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ സ്വര്‍ണം ഔണ്‍സിന് 1,756.90 ഡോളറായി. ഉയര്‍ന്ന നിലയിലുള്ള വില്‍പ്പന പിന്നീട് നേട്ടം കുറച്ചു. ഡിസംബര്‍ ഡെലിവറി വാരം തീര്‍ത്തത് 1,755.70 ഡോളറില്‍. യൂറോപ്പിലെ ആശങ്കകള്‍ കഴിഞ്ഞ വാരവും തുടര്‍ന്നതിനാല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനു ഡിമാന്‍ഡ് ഉയര്‍ന്നു.



വെള്ളി

ഉത്സവ സീസണ്‍ കഴിഞ്ഞതും വ്യാവസായിക ആവശ്യം കുറഞ്ഞതും വെള്ളി വില കുറയാന്‍ കാരണമായി. കഴിഞ്ഞ വാരം കിലോയ്ക്ക് 900 രൂപയിലധികം കുറഞ്ഞു. സ്റ്റോക്കിസ്റ്റുകളില്‍ നിന്നു ഡിമാന്‍ഡ് കുറഞ്ഞതിനെത്തുടര്‍ന്ന് ആദ്യ രണ്ടു ദിവസം 410 രൂപ കുറഞ്ഞു. എന്നാല്‍, വെള്ളിയാഴ്ച ആറാഴ്ചയിലെ ഉയര്‍ന്ന വിലയായ 56,825 രൂപയിലെത്തി. തൊട്ടടുത്ത ദിവസം 250 രൂപ കുറഞ്ഞ് 55,985 രൂപയില്‍. രാജ്യാന്തര വിപണിയില്‍ ഔണ്‍സിനു 34.70 ഡോളറായി കുറഞ്ഞു. മുന്‍ ക്ലോസിങ് 35.18 ഡോളര്‍.



കുരുമുളക്

കറുത്ത പൊന്നിനു കഴിഞ്ഞവാരം വിലയിടിവ്. അണ്‍ ഗാര്‍ബിള്‍ഡ് കിലോയ്ക്ക് ഒമ്പതു രൂപ കുറഞ്ഞ് 322 രൂപയിലെത്തി. വാരാദ്യം 331 രൂപയായിരുന്നു. ഗാര്‍ബിള്‍ഡ് 346 രൂപയില്‍ നിന്നു 337 രൂപയിലെത്തി. ദീപാവലി അവധി ആലസ്യ ത്തിനു ശേഷം കുരുമുളകു വില തിരിച്ചുകയറുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകരും വ്യാപാരികളും. എന്നാല്‍, മുന്‍വാരങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഈ വാരവും തുടര്‍ന്നു.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ മുളകിന് ആവശ്യക്കാരേറെയുണ്ടെങ്കിലും ഊഹക്കച്ചവടക്കാരുടെ ഇടപെടല്‍ വില കുറച്ചു. യൂറോ മേഖലയിലെ പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറയുന്നതും വില്‍പ്പന സമ്മര്‍ദത്തിനു കാരണമായി. മറ്റ് ഉത്പാദക രാജ്യങ്ങളുടെ കൈവശം സ്റ്റോക്കില്ലാത്തതു വരും ദിവസങ്ങളില്‍ വില കൂടാന്‍ കാരണമായേക്കും.



റബര്‍

രാജ്യാന്തര വിപണിയിലെ വിലയിടിവ് ആഭ്യന്തര മാര്‍ക്കറ്റിലും പ്രതിഫലിച്ചു. നാലാം ഗ്രെയ്ഡ് കിലോയ്ക്ക് 212 രൂപയില്‍ നിന്ന് 205 രൂപയിലെത്തി. അഞ്ചാം ഗ്രെയ്ഡ് 209 രൂപയില്‍ നിന്നു 203 രൂപയിലും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് 12 രൂപ വരെ കുറഞ്ഞു. സാമ്പത്തിക മാന്ദ്യത്തിനു പുറമേ ചൈനീസ് ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്നു വിട്ടുനിന്നതു വിലയെ സ്വാധീനിച്ചു. പ്രമുഖ ഉപയോക്തൃ രാജ്യങ്ങളും വിപണിയില്‍ നിന്നു വിട്ടുനിന്നു. വില കുറഞ്ഞ സാഹചര്യത്തില്‍ ഇറക്കുമതിയാകും ടയര്‍ കമ്പനികള്‍ക്കു ലാഭകരം. ഇതു വരും ദിവസങ്ങളില്‍ ആഭ്യന്തര വിലയെയും സ്വാധീനിക്കും. തായ്ലന്‍ഡിലെ കനത്ത മഴയെത്തുടര്‍ന്ന് ഉത്പാദം കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



വെളിച്ചെണ്ണ

വെളിച്ചെണ്ണ വില കഴിഞ്ഞവാരം സ്ഥിരത പാലിച്ചു. കിലോയ്ക്ക് 80 രൂപ.
Rate This News :
Latest News