ബിഗ് സ്ക്രീനിലും ഭാഗ്യമുഹൂര്‍ത്തം
Published : Sunday,
November 13,
2011
11.11.11. അവിസ്മരണീയ മുഹൂര്‍ത്തം. ഇങ്ങനെയൊരു ദിവസം ജീവിതത്തിലുണ്ടായവര്‍ ഇനി അത്തര മൊരു സന്ദര്‍ഭത്തിലേക്ക് എത്താനുമിടയില്ല. ഭാഗ്യനിര്‍ഭാഗ്യങ്ങളുടേയും അവ പരീക്ഷിക്കുന്നതിന്‍റേയും ദിനമാണു കഴിഞ്ഞത്. സിനിമാക്കാര്‍ക്കിടയിലും 2011 നവംബര്‍ പതിനൊന്നിന് പ്രാധാന്യം ഏറെയായിരുന്നു. ചിലര്‍ ധൈര്യപൂര്‍വം വിജയം നേടിയെടുക്കാനായി സിനിമകള്‍ റിലീസ് ചെയ്തു, മറ്റു ചിലര്‍ റിലീസിങ് മാറ്റിവച്ചു. സമരത്തിലും പ്രതിസന്ധികളിലും ഉലയുന്ന മലയാള സിനിമാലോകമൊഴികെ മറ്റെല്ലാവരും കാത്തിരുന്ന ദിവസം. തമിഴ്, ഹിന്ദി, ഇംഗ്ലിഷ് സിനിമകളില്‍ ചിലത് തിയെറ്ററുകളിലെത്തി. ദിവസത്തിന്‍റെ പ്രത്യേകത കൊണ്ടെന്നു വിശ്വസിക്കുന്നതിലും നല്ലത് സിനിമയുടെ കണ്ടന്‍റില്‍ത്തന്നെയാണെന്നു സൂചിപ്പിക്കും വിധത്തിലായിരുന്നു ചിത്രങ്ങളുടെ ഫസ്റ്റ് ഡെ റിപ്പോര്‍ട്ടുകളും.
ധനുഷും ചിമ്പുവും മാറി നിന്നു
തമിഴകത്ത് ദീപാവലി റിലീസുകള്‍ നല്‍കിയ ആരവങ്ങള്‍ അടങ്ങും മുമ്പു തന്നെ ധനുഷും ചിമ്പുവും രണ്ടു സ്റ്റൈലിഷ് ചിത്രങ്ങളുമായി പതിനൊന്നിന് എത്തുമെന്നാണ് കരുതിയത്. രണ്ടുപേരും കുറച്ചു ദിവസം കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചു. ധനുഷിന്‍റെ ചേട്ടന്‍ ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത മയക്കം എന്നയിലും ചിമ്പുവിന്‍റെ ഒസ്തിയിലും ബംഗാളി സുന്ദരി റിച്ച ഗംഗോപാധ്യായയാണ് നായിക. ഹിന്ദിയിലെ മെഗാഹിറ്റ് ദബങ്ങിന്‍റെ റീമേക്കായ ഒസ്തി തനിക്കു ലക്കാവുമെന്നു പ്രതീക്ഷിക്കുകയാണ് ചിമ്പു. തിയെറ്ററുകളില്‍ ഇപ്പോഴും തരംഗമായി ഓടുന്ന വിജയുടെ വേലായുധവും സൂര്യയുടെ ഏഴാം അറിവും വെല്ലുവിളിയാകുമെന്നു കരുതിയാണ് രണ്ടു നായകന്മാരും റിലീസ് മാറ്റിവയ്ക്കാന്‍ തയാറായതെന്നു പറയുന്നുണ്ട്. എന്നാല്‍ നവംബര്‍ പതിനൊന്നിന്‍റെ ദോഷം ഒഴിവാക്കാനാണെന്ന് അണിയറ വാര്‍ത്ത. മയക്കം എന്ന പതിനെട്ടിനും ഒസ്തി ഇരുപത്തഞ്ചിനും റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. അതിനിടെ ചെറിയ ചിത്രങ്ങള്‍ രണ്ടും കല്‍പ്പിച്ച് പതിനൊന്നിനു തന്നെ തിയെറ്ററുകളിലെത്തി. തമ്പി വെട്ടോതി സുന്ദരം, നാന്‍ ശിവനാഗിറേന്‍, കൊഞ്ചം സിരിപ്പ് കൊഞ്ചം കോവം എന്നിവയാണ് തമിഴകത്തിന് ആശ്വസിക്കാനായി ഭാഗ്യപരീക്ഷണം നടത്തിയ ചിത്രങ്ങള്‍.
റോക്സ്റ്റാര്‍ റോക്സ്...
രണ്‍ബീര്‍ കപൂര്‍ - ഇംതിയാസ് അലി - എ.ആര്‍. റഹ്മാന്‍ കൂട്ടുകെട്ടിന്‍റെ മാജിക് തന്നെയാണ് റോക്സ്റ്റാര്‍ എന്ന ചിത്രം. പ്രതീക്ഷകള്‍ ഏറെയുണ്ടായിരുന്ന സിനിമ പതിനൊന്നിന്‍റെ കുരുക്കുകളില്‍പ്പെട്ടാണോ എന്നറിയില്ല, ചിത്രം അത്ര പോരാ എന്നാണ് തിയെറ്റര്‍ റിപ്പോര്‍ട്ട്. രണ്‍ബീറിന്‍റെ പ്രകടനം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും പുതുമുഖ നായിക നര്‍ഗീസ് ഫക്രി പ്രതീക്ഷയുണര്‍ത്തുവെന്നും റഹ്മാന്‍റെ സംഗീതം മികച്ചു നില്‍ക്കുന്നുവെന്നും പറയുന്നുണ്ടെങ്കിലും കംപ്ലീറ്റ് മൂവി എന്ന നിലയില്‍ ഉയരാനായില്ല എന്നാണ് ക്രിട്ടിക്കുകളും വിലയിരുത്തുന്നത്. എങ്കിലും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം ചിത്രത്തിലുണ്ട്. ഇന്ത്യന്‍ സിനിമയല്ലെങ്കിലും ഇന്ത്യക്കാരുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായ ഹോളിവുഡ് ചിത്രം ഇമ്മോര്‍ട്ടല്‍സും തിയെറ്ററുകളിലെത്തിയത് പതിനൊന്നിന്. ഹെന്‍റി കാവില്ലും ഫ്രെയ്ദ പിന്‍റോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം താര്‍സെം സിങ്. ഗ്രീക്ക് ദേവതമാരുടെ കഥ പറയുന്ന ചിത്രം ഫ്രെയ്ദയുടെ കരിയറില്‍ മറ്റൊരു വിജയമാകുമെന്നു പ്രതീക്ഷിക്കാം. പ്ലാനറ്റ് ഒഫ് ദ ഏപ്സിന്‍റെ പരാജയം മറക്കാനും ഇമ്മോര്‍ട്ടല്‍സ് സഹായിക്കുമെന്നു ഫ്രെയ്ദ കരുതുന്നു.
ടിന്‍ടിന്‍, പ്രൊജക്റ്റ് 11
സ്റ്റീവന്‍ സ്പില്‍ബെര്‍ഗിന്‍റെ കംപ്യൂട്ടര്‍ അനിമേറ്റഡ് 3ഡി ചിത്രം ടിന്‍ടിന്‍ ലോകമെങ്ങുമുള്ള തിയെറ്ററുകളിലെത്തി. ജോര്‍ജസ് റെമിയെഴുതിയ ടിന്‍ടിന്‍ കഥകള്‍ പലതവണ കണ്ടു കഴിഞ്ഞെങ്കിലും സ്പില്‍ബര്‍ഗ് ഒരുക്കിയ ദ അഡ്വഞ്ചേഴ്സ് ഒഫ് ടിന്‍ടിന്‍ - ദ സീക്രട്ട് ഒഫ് ദ യൂണികോണ്‍ റെക്കോഡ് ബ്രേക്കിങ് ചിത്രമായിരിക്കുമെന്നു പ്രതീക്ഷിക്കാം. 11.11.11ന് അവതരിപ്പിച്ച മറ്റൊരു ചിത്രമാണ് പ്രൊജക്റ്റ് 11. പതിനൊന്നു രാജ്യങ്ങളിലായി പതിനൊന്നു സംവിധായകര്‍ പതിനൊന്നു കഥാപാത്രങ്ങളെ വച്ച് നിര്‍മിച്ച ചിത്രം പതിനൊന്നിനു രാവിലെ 11.11നു ഇന്‍റര്‍നെറ്റില്‍ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ ഡ്യൂറേഷനും 11.11 മിനിറ്റുകള്‍. അടുത്ത വര്‍ഷം ഡിസംബര്‍ പന്ത്രണ്ടിന്, അതായത് 12.12.12ന് പ്രൊജക്റ്റ് 12 എന്ന പേരില്‍ കംപ്ലീറ്റ് സിനിമ തന്നെ പുറത്തിറക്കാനാണ് നിര്‍മാതാക്കളുടെ ശ്രമം.
Close...
Maximum Character Allowed -
4000