ഫ്ളോട്ടിങ് ഡിസ്പെന്‍സറി
Published : Sunday,
November 13,
2011
കെ.ബി. സുരേഷ്ബാബു
വളന്തക്കാട് ദ്വീപിലെ പി.എച്ച് കടവില്‍ നിന്നു ബോട്ട് പുറപ്പെട്ടു. കുണ്ടന്നൂര്‍ ബോട്ട് ജെട്ടിയില്‍ ഡോക്റ്റര്‍ കാത്തു നില്‍ക്കുന്നുണ്ട്. ഫ്ളോട്ടിങ് ഡിസ്പെന്‍സറി എന്ന ബോര്‍ഡ് വച്ച ബോട്ട് വേമ്പനാട്ടുകായലിലൂടെ നീങ്ങി. അവധി ദിവസമാണ്. രോഗികള്‍ കൂടുതലുണ്ടാകും... ഡിസ്പെന്‍സറിയിലെ താത്ക്കാലിക ജീവനക്കാരന്‍ ടോമി നെടുംപറമ്പില്‍ ഓര്‍മിപ്പിച്ചു. ബോട്ടിന്‍റെ ഡ്രൈവറും ഉടമയുമായ ചന്ദ്രബാബു എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി. കുണ്ടന്നൂര്‍ ജെട്ടിയിലേക്ക് ബോട്ട് അടുക്കുമ്പോഴേയ്ക്കും കടവില്‍ കാത്തു നില്‍ക്കുന്നുണ്ട് ഡോക്റ്റര്‍ ക്രിസ്റ്റിന ജോര്‍ജും സ്റ്റാഫ് നഴ്സ് അഖിലയും. ഇനി എങ്ങോട്ടാണു ഡോക്റ്റര്‍...? നോര്‍ത്ത് കടവില്‍ രോഗികള്‍ കാത്തിരിക്കുന്നുണ്ട്... രണ്ടു രോഗികളേയും കയറ്റി ഒഴുകുന്ന ആശുപത്രി കായലിലൂടെ നീങ്ങി.
എറണാകുളം നഗരത്തില്‍ നിന്ന് അരൂര്‍ക്കു പോകുന്ന ഭാഗത്ത് വളന്തക്കാട് ദ്വീപില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ പനി പടര്‍ന്നു പിടിച്ചില്ല. ഫ്ളോട്ടിങ് ഡിസ്പെന്‍സറിയിലെ ഡോക്റ്റര്‍മാരും നഴ്സുമാരുടേയും സഞ്ചരിച്ചുള്ള ചികിത്സ ഫലിച്ചു. ഒരുപക്ഷേ, ആലപ്പുഴയുടെ ജലവീഥികളിലല്ലാതെ മറ്റെവിടെയെങ്കിലും ബോട്ടില്‍ സഞ്ചരിച്ചൊരു ചികിത്സ ഉണ്ടായിട്ടില്ല. പനിക്കാലത്തു വിറയ്ക്കാതെ വളന്തക്കാട് ദ്വീപിനെ കാത്തുസൂക്ഷിച്ച ഫ്ളോട്ടിങ് ഡിസ്പെന്‍സറി യാത്ര അവസാനിക്കുന്നതു വളന്തക്കാട് ജെട്ടിയില്‍.
കൃഷി സ്ഥലത്തു ജോലി ചെയ്യുന്നതിനിടെ വെട്ടുകത്തികൊണ്ടു മുറിഞ്ഞ കൈയുമായി ഒരാള്‍ കാത്തു നില്‍ക്കുന്നു കുണ്ടന്നൂര്‍ കടവില്‍. പത്തു മണിയാകുന്നതേയുള്ളൂ. ബോട്ടിന്‍റെ സീറ്റീനരികെ നീട്ടിയിട്ട ബെഞ്ച് തത്ക്കാലം പേഷ്യന്‍റിനു ബെഡ്ഡായി. കൈയിലെ മുറിവില്‍ മരുന്നു വച്ചുകെട്ടി. മരുന്നു കുത്തിവച്ചു. മുനിസിപ്പല്‍ ജെട്ടിയില്‍ ബോട്ട് അണഞ്ഞപ്പോഴേയ്ക്കും കരയില്‍ കാത്തു നില്‍ക്കുന്നു പത്തിരുപതു പേര്‍. ഓരോരുത്തരായി ബോട്ടിലേക്കു കയറി. ഡോ. ക്രിസ്റ്റീന പരിശോധിച്ച് മരുന്നു കുറിച്ചു. നഴ്സ് അഖില മരുന്നുകള്‍ കൊടുത്തു. രോഗികള്‍ക്കു ബോട്ടിലേക്കു കയറാനും ഇറങ്ങാനും സഹായിച്ചുകൊണ്ട് ആശാ വര്‍ക്കര്‍ സുനിതയുമുണ്ട് കൂടെ. സഹായത്തിന് ബോട്ട് ഡ്രൈവര്‍ ടോമിയും. ഒരു രൂപയാണു രജിസ്ട്രേഷനും ചികിത്സയ്ക്കുമുള്ള ഫീസ്.
ഡ്രിപ്പ് ഇട്ട് രോഗിയെ കിടത്താന്‍ സൗകര്യമുള്ളതാണ് ഫ്ളോട്ടിങ് ബോട്ട്. കസേരയും മേശയും കിടത്തിച്ചികിത്സിക്കാന്‍ ബെഡ്ഡും കയറ്റിയിട്ട് താത്ക്കാലിക ഡിസ്പെന്‍സറി തയാറാക്കിയത് മരട് മുനിസിപ്പാലിറ്റിയുടെ നിര്‍ദേശ പ്രകാരം. ഫണ്ട് നല്‍കുന്നത് എന്‍ആര്‍എച്ച്എമ്മും മുനിസിപ്പാലിറ്റിയും. നാടിന്‍റെ രോഗശാന്തിക്ക് സഹായകമാകുമെങ്കില്‍ സ്വന്തം ബോട്ടില്‍ ഡ്രൈവറായി എത്താന്‍ തയാറായി ബോട്ടിന്‍റെ ഉടമ ചന്ദ്രഭാനു. ആറു മാസമായി വളന്തക്കാട് ദ്വീപിനെ ചുറ്റി രോഗികള്‍ക്ക് ആശ്വാസം പകരുന്നു ഫ്ളോട്ടിങ് ബോട്ടും സംഘവും. മരട് മുനിസിപ്പാലിറ്റി പരിധിയില്‍ മാത്രമല്ല. കുമ്പളം പഞ്ചായത്തിലേക്കും ഫ്ളോട്ടിങ് ബോട്ടില്‍ ചികിത്സയെത്തും. ഒരു ദിവസം നൂറ്റിയിരുപതു രോഗികളെ ചികിത്സിക്കാറുണ്ടെന്ന് ഡോ. ക്രിസ്റ്റീന പറയുന്നതില്‍ അതിശയോക്തിയില്ല. കായലിന്‍റെ കൈവഴിയായ പുഴയില്‍ സഞ്ചരിക്കുന്ന ബോട്ടില്‍ ജോലി സമയത്തിന്‍റെ കൃത്യനിഷ്ഠതകളില്ല. രോഗിയുടെ ആരോഗ്യവും ചികിത്സയും മാത്രമാണു പ്രധാനം... ഡോ. ക്രിസ്റ്റീന പറയുന്നു. ആശുപത്രി സൗകര്യമില്ലാത്ത ചേപ്പനം, ചാത്തമ്മ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒഴുകിയെത്തുന്ന ബോട്ടിനെ കാത്തിരുന്നു ചികിത്സ തേടുന്നു.
വളന്തക്കാട് പിഎച്ച്സിയിലെ ഡോക്റ്ററായിരുന്ന നിമ്മി ബിജുവാണ് ഫ്ളോട്ടിങ് ബോട്ട് എന്ന ആശയത്തിനു തുടക്കമിട്ടത്. ഈ ദ്വീപില്‍ നടത്തിയ മെഡിക്കല്‍ ക്യാംപുകളില്‍ ചികിത്സ കിട്ടാത്ത എത്രയോ പേരെ കണ്ടു. ബോട്ട് മാര്‍ഗം എത്തിയാല്‍ ഇനിയും കൂടുതല്‍പേര്‍ക്ക് ചികിത്സ ലഭ്യമാകുമെന്നു പറഞ്ഞപ്പോഴാണ് ഫ്ളോട്ടിങ് ബോട്ടിനെക്കുറിച്ച് ആലോചിച്ചത്. ഡിസ്പെന്‍സറിയിലെ ഡോ.ക്രിസ്റ്റീനയ്ക്ക് വളന്തക്കാടിന്‍റെ ആരോഗ്യ പരിപാലനത്തിനായി ബോട്ടില്‍ കയറുന്നതില്‍ പൂര്‍ണ സന്തോഷം. തിങ്കളാഴ്ചയും വ്യാഴാഴ്ചയും നെട്ടൂര്‍ മൂത്തേടം കോളനി, മരട് സൗത്ത്, കേട്ടെഴുത്തുകടവ് എന്നിവിടങ്ങളില്‍. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കുണ്ടന്നൂര്‍ നോര്‍ത്ത്, അയല്‍ക്കൂട്ടം ലെയിന്‍, കുണ്ടന്നൂര്‍ ജെട്ടി. ബുധന്‍, ശനി ദിവസങ്ങളില്‍ കുമ്പളം പഞ്ചായത്തിലെ ചേപ്പനം സൗത്ത്, ചാത്തമ്മ ദേശബന്ധു സ്കൂള്‍ എന്നിവിടങ്ങളില്‍...സിന്ധു, റഹ്മത്ത്, സ്മിത, സുനിത, മഞ്ജു, സുമ, ഷീബ എന്നീ ആശാ വര്‍ക്കര്‍മാര്‍ ഫ്ളോട്ടിങ് ബോട്ടിന് വിവിധ കടവുകളില്‍ സഹായത്തിനുണ്ട്.
Close...
Maximum Character Allowed -
4000