Wednesday, May 23, 2012   4:32 PM IST
Vaartha BlogRSS
Loading
കൂടുതല്‍ കരുത്തോടെ നാനോ
Published : Tuesday, November 22, 2011
|
  
Text Size
ന്യൂഡല്‍ഹി

രത്തന്‍ ടാറ്റയുടെ സ്വപ്ന കാര്‍ നാനോ കൂടുതല്‍ കരുത്തോടെ ഇന്ത്യന്‍ നിരത്തില്‍. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറിന്‍റെ പരിഷ്കരിച്ച മോഡലിനു വില കൂട്ടില്ലെന്നു ടാറ്റ മോട്ടോഴ്സ്വ്യക്തമാക്കി. കൂടുതല്‍ പവറിനൊപ്പം ഇന്ധന ക്ഷമതയും പുതിയ മോഡലിനു കൂടുതലാണ്. 25.4 കിലോമീറ്ററാണു കമ്പനി അവകാശപ്പെടുന്ന മൈലെജ്. ആദ്യ മോഡലിന്‍റെ മൈലെജ് 23.6 കിലോമീറ്ററായിരുന്നു.

പുതിയ നാനോയുടെ 624 സിസി എന്‍ജിനില്‍ നിന്ന് 38 പിഎസ് പവര്‍, 51 എന്‍എം ടോര്‍ക്കും ലഭിക്കും. ഇന്ന് രാജ്യത്ത് ലഭ്യമായതില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഏറ്റവും കുറവ് നാനോയ്ക്കായിരിക്കും. കിലോമീറ്ററിനു 92.7 ഗ്രാം മാത്രമാണു കാര്‍ബണ്‍ ഡയോക്സൈഡ് എമിഷന്‍. മുന്‍പ് ഇത് കിലോമീറ്ററിനു 101 ഗ്രാമായിരുന്നു. മൂന്നു വേരിയന്‍റുകളില്‍ പുറത്തിറങ്ങിയ മോഡലിനു 1.40 മുതല്‍ 1.96 ലക്ഷം വരെയാണു വില.

2009 മാര്‍ച്ചിലാണ് നാനോ ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ തുടങ്ങിയത്. എന്നാല്‍ പ്രവര്‍ത്തനച്ചെലവ് ഉയര്‍ന്നതിനെത്തുടര്‍ന്നു വില കൂട്ടിയിരുന്നു. നാനോ ഉപയോക്താക്കളില്‍ 90% പേരും സംതൃപ്തരാണെന്നു കമ്പനി മാനെജിങ് ഡയറക്റ്റര്‍ പി.എം. തലാങ് പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ നാനോയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബൂസ്റ്റര്‍ അസിസ്റ്റ് ബ്രേക്കുകള്‍ പോലുള്ള നൂതന സൗകര്യങ്ങള്‍ എന്‍ട്രി ലെവല്‍ നാനോയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി നാനോയുടെ വില്‍പ്പനയില്‍ കനത്ത തിരിച്ചടി നേരിടുമ്പോഴാണ് പുതിയ മോഡല്‍ നിരത്തിലെത്തുന്നത്. ഏപ്രില്‍- ഒക്റ്റോബര്‍ കാലയളവില്‍ നാനോയുടെ വില്‍പ്പന 18% കുറഞ്ഞിരുന്നു.

ഇതിനിടെ നാനോയുടെ ഡീസല്‍ മോഡല്‍ പുറത്തിറക്കാനും കമ്പനി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ ജര്‍മന്‍ സ്പെയര്‍പാര്‍ട്സ് നിര്‍മാതാക്കളായ ബോഷ് നാനോയ്ക്ക് വേണ്ടി ഡിസൈന്‍ ചെയ്ത ഡീസല്‍ എന്‍ജിന്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Rate This News :
Latest News