Wednesday, May 23, 2012   4:32 PM IST
Vaartha BlogRSS
Loading
ചിദംബരത്തെ ബഹിഷ്കരിക്കും
Published : Tuesday, November 22, 2011
|
  
Text Size
ന്യൂഡല്‍ഹി

2ജി സ്പെക്ട്രം കേസില്‍ ആരോപണ വിധേയനായ ആഭ്യന്തര മന്ത്രി പി. ചിദംബരം രാജിവയ്ക്കുന്നതു വരെ അദ്ദേഹത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് എന്‍ഡിഎ തീരുമാനം. പാര്‍ലമെന്‍റില്‍ ചിദംബരത്തെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും രാജിവയ്ക്കും വരെ ബഹിഷ്കരണമെന്നുമാണ് ശീതകാല സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ എല്‍.കെ. അഡ്വാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന്‍റെ പ്രഖ്യാപനം. മുഖ്യ പ്രതിപക്ഷത്തിന്‍റെ തീരുമാനം സഭ തടസപ്പെടുത്താനുള്ള തന്ത്രമെന്ന് കോണ്‍ഗ്രസ്.

സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് രാവിലെ കള്ളപ്പണത്തിനെതിരേ അഡ്വാനി അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കും. വിലക്കയറ്റത്തിനെതിരേ ഇടതുപാര്‍ട്ടികള്‍ അവതരിപ്പിക്കുന്ന അടിയന്തര പ്രമേയത്തെ പിന്താങ്ങാനും യോഗം തീരുമാനിച്ചു. 2ജി ഇടപാടില്‍ രാജയ്ക്കൊപ്പം കുറ്റവാളിയാണ് ചിദംബരമെങ്കിലും പ്രധാനമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് ബിജെപി രാജ്യസഭാ കക്ഷി ഉപനേതാവ് എസ്.എസ്. അലുവാലിയ.

തെഹല്‍ക്ക വെളിപ്പെടുത്തലുകളെത്തുടര്‍ന്നു രാജിവച്ച ജോര്‍ജ് ഫെര്‍ണാണ്ടസ് വാജ്പേയി മന്ത്രിസഭയില്‍ തിരികെയെത്തിയപ്പോള്‍ കോണ്‍ഗ്രസ് ഉപയോഗിച്ച തന്ത്രമായിരുന്നു ബഹിഷ്കരണം. ഫെര്‍ണാണ്ടസ് സംസാരിക്കാന്‍ എഴുന്നേറ്റാല്‍ സഭ വിട്ടിറങ്ങുമായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, സഭ വിട്ടിറങ്ങുകയല്ല, സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയാകും തങ്ങളുടെ രീതിയെന്ന് എന്‍ഡിഎ.

വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയത്തെക്കുറിച്ച് ഇടതുപാര്‍ട്ടികളുമായി സംസാരിച്ചു. ഞങ്ങള്‍ അവരുടെ പ്രമേയത്തെയും അവര്‍ തിരിച്ചും പിന്താങ്ങും. ഒരുമയുള്ള പ്രതിപക്ഷമാകും ഈ സമ്മേളനത്തില്‍- അലുവാലിയ പറഞ്ഞു.

എന്നാല്‍, തങ്ങള്‍ക്ക് ഇത്തരമൊരു ധാരണയെക്കുറിച്ച് അറിയില്ലെന്നും സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്തയും എന്‍ഡിഎ നേതാക്കളുമായുള്ള ചര്‍ച്ചയിലെ ധാരണയായിരിക്കാം അലുവാലിയ പറഞ്ഞതെന്നും സിപിഎം പ്രതികരിച്ചു. പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് ചര്‍ച്ച ചെയ്തു.



Rate This News :
Latest News