ഇന്ത്യ ഒരു സ്വപ്നഭൂമി
Published : Wednesday,
November 23,
2011
സമുദ്രം കടന്നു ബ്രിട്ടിഷുകാരും ഡച്ചുകാരും ഇന്ത്യയിലേക്കു തുഴ പായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിവിദൂരകാലത്തെ ചരിത്രം എന്ന ചുരുക്കപ്പേരില്‍ പഠിച്ചിട്ടുമുണ്ടാകും. എന്നാലിതു ചരിത്രത്തിന്‍റെ ഭൂതകാലമല്ല, വര്‍ത്തമാനകാലം. ഇപ്പോഴും ഡച്ചുകാരും ബ്രിട്ടിഷുകാരുമൊക്കെ ധാരാളമായി ഇന്ത്യയിലേക്കെത്തുന്നുണ്ട്. പഴയ അധിനിവേശ മുറിപ്പാടിന്‍റെ നീറ്റലുകളാല്‍ സംശയിക്കണ്ട. ഇത്തവണ വേരാഴ്ത്തി കീഴടക്കാനല്ല വരവ്. തൊഴിലവസരങ്ങളുടെ പെരുമഴ തേടിയാണ്. നല്ല തൊഴിലെന്ന ദേശഭേദമില്ലാത്ത സ്വപ്നത്തിന്‍റെ തേരിലേറിയാണു പലരുടേയും വരവ്. ഏറിയപേരും ആ സ്വപ്നം സഫലമാക്കുന്നുണ്ട്. തൊഴില്‍ കാംക്ഷികളുടെ സ്വപ്നരാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. പണ്ട് അമെരിക്കയിലേക്കും ബ്രിട്ടനിലേക്കുമൊക്കെ നല്ല ജോലി സ്വപ്നം കണ്ടു വിമാനം കയറിയ ഭാരതീയന്‍റെ അതേ നാട്ടിലേക്കു തിരികെ വരുന്നു അവിടുത്തെ പ്രജകള്‍. സ്വാഗതം ചെയ്യാം, സാഹചര്യങ്ങള്‍ കൊണ്ടാണെങ്കിലും അവസരങ്ങളുടെ രാജ്യമായി ഇന്ത്യയെ അംഗീകരിച്ച അന്യരാജ്യക്കാരെ.
ലാമണ്‍ റട്ടന്‍, മനസു നിറയെ ജോലി സ്വപ്നവുമായി ഇന്ത്യയിലേക്കെത്തിയ ഡച്ചുകാരന്‍. ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്ചേഞ്ച് ട്രേഡിങ് കമ്പനി എംസിഎക്സിന്‍റെ എക്സിക്യൂട്ടിവ് ആയി ജോലി നോക്കുന്നു. പതിവു മീറ്റിങ്ങുകളുടെ തിരക്കൊഴിഞ്ഞാല്‍ ലാമണ്‍ ഓടി വീട്ടിലേക്കെത്തും. ലാപ്ടോപ്പിനു മുന്നിലിരുന്നു വെബ്ക്യാമിലൂടെ ഏഴായിരം കിലോമീറ്റര്‍ അകലെ ജനീവയിലുള്ള കുടുംബത്തോടു സംസാരിക്കും. ഇത്തരമൊരു കാഴ്ച ഇന്ത്യയില്‍ പുതുമയല്ലാതെയായിരിക്കുന്നു. ഒരുപാടു വിദേശികളുടെ സ്വപ്നം വിളയുന്ന മണ്ണായിരിക്കുന്നു ഇന്ത്യ. അവസരങ്ങളും തൊഴിലും വേണ്ടുവോളമുള്ള ഈ മണ്ണിനെ മോഹിച്ചു തുടങ്ങിയിരിക്കുന്നു വിദേശികള്‍.
അമെരിക്കക്കാരും യൂറോപ്യന്മാരുമാണു ഇന്ത്യയിലേക്കു തൊഴിലിനായി കൂടുതലും എത്തുന്നത്. ഈ രണ്ടു മേഖലകളും സാമ്പത്തിക തകര്‍ച്ചയുടെ ആഘാതങ്ങളില്‍ നിന്നു മുക്തമാകാത്തതാണ് ഇത്തരമൊരു ഒഴുക്കിന്‍റെ പ്രധാന കാരണം. എന്തായാലും ഈ പ്രവാഹം അടുത്തെങ്ങും നിലയ്ക്കില്ലെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. പുതിയ വിപണിയുടെ ഉദയം, നവ സാമ്പത്തിക സ്രോതസുകള്‍ക്കു ലഭിക്കുന്ന ഫോക്കസ് തുടങ്ങിയവയെല്ലാം സ്വന്തം നാടു വിട്ട് ഇന്ത്യയിലേക്കു വരുന്നവരുടെ എണ്ണം അമ്പതു ശതമാനത്തോളം വര്‍ധിപ്പിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.
ഖെയ്ത്താന്‍ ഡവലപ്പില്‍ ജോലി ചെയ്യുന്ന ജപ്പാന്‍കാരിയായ സതോക്കു കികുത ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്ത് അമെരിക്കയില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു. അമെരിക്ക ആസ്ഥാനമായ ലോ ഫേമുകള്‍ ജോലിക്കാരെ പിരിച്ചു വിടുന്ന സാഹചര്യം വന്നപ്പോഴാണു സതോക്കു ഇന്ത്യയിലേക്കു ചാടിയത്. ഇപ്പോള്‍ ലോ ഫേമായ ഖെയ്ത്താന്‍ ഡവലപ്പിനെ അവരുടെ ബിസിനസ് ജപ്പാനിലേക്കു എക്സ്പാന്‍ഡ് ചെയ്യുന്നതില്‍ സഹായിക്കുന്നു സതോക്കു. ഇന്ത്യയില്‍ എത്തിയ ശേഷം മൂന്നു ലോ ഫേമുകളില്‍ സതോക്കു ജോലി നോക്കി. പല രാജ്യത്തു നിന്നും ഇന്ത്യയിലെത്തി അവനവന്‍റെ കുടുംബത്തിനു വേണ്ടി വക കണ്ടെത്തുന്ന ഇത്തരം എത്രയോ ഉദാഹരണങ്ങള്‍.
2008ല്‍ ഇന്ത്യയിലെത്തിയ താണു ഗ്രിഗറി ഹ്യൂഗ്സ്. ഇപ്പോള്‍ ഗ്ലോബല്‍ കണ്‍സല്‍ട്ടന്‍റ് കെപിഎംജിയുടെ ഡയറക്റ്ററായി ജോലി നോക്കുന്നു. എനിക്കു വളരണമെന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണു ഇന്ത്യയിലേക്കു വന്നത്, ഗ്രിഗറി പറയുന്നു.
ഷെഫ് ഫ്രെഡറിക് ഫെര്‍ണാണ്ടസ് പറയുന്നു, ഇന്ത്യ എന്നെ മാടി വിളിക്കുകയായിരുന്നു. ഇപ്പോള്‍ മുംബൈയിലെ ചര്‍ച്ച് ഗെയ്റ്റ് ജങ്ഷനില്‍ ഫ്രെഡറിക് ഷെസ് വോസ് എന്ന പേരിലൊരു റസ്റ്ററന്‍റ് ആരംഭിച്ചു. ഫ്രഞ്ച് വൈനുകളും ചീസുമൊക്കെ ലഭിക്കുന്ന ഇടം. ഭക്ഷണവും കലയും വിനോദവുമൊക്കെ സംഗമിക്കുന്ന ഈ റസ്റ്ററന്‍റ് ഇന്ത്യയുടെ മാറുന്ന മുഖത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ചെലവഴിക്കുന്ന സമയം പരിമിതമാണ് ചിലര്‍ക്ക്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിരം താവളം കണ്ടെത്തുന്ന വിദേശികളും ധാരാളം. റസ്റ്ററന്‍റ് നടത്തുന്ന ഫ്രെഡറിക് അത്തരത്തിലൊരാളാണ്. സാമ്പത്തിക രംഗം ഇനിയും വളരുമെന്നും ഇന്ത്യയില്‍ തന്നെയാണു സ്കോപ്പെന്നും ഫ്രെഡറിക് പ്രത്യാശിക്കുന്നു.
ലാമണും സുതോക്കയും ഫ്രെഡറിക്കും ആയിരക്കണക്കിനു വിദേശ അന്തേവാസികളുടെ പ്രതിനിധികള്‍ മാത്രം. ഇവര്‍ക്കും അഭിപ്രായ വ്യത്യാസങ്ങളും നീരസങ്ങളുമുണ്ട്. വിജയത്തിനു വേണ്ടിയുള്ള കഠിനപ്രയത്നവും ത്വരയും ഇന്ത്യയില്‍ കുറവാണെന്നു സുതോക്ക പറയുന്നു. ജോലി ചെയ്യാന്‍ ഏറ്റവും നല്ല നഗരമാണു മുംബൈ എങ്കിലും ജീവിക്കാന്‍ നല്ലതല്ലെന്നു ലാമണും സാക്ഷ്യപ്പെടുത്തുന്നു. പരാതികളും പരിഭവങ്ങളും ധാരാളം ഉണ്ടാകാമെങ്കിലും ഇന്ത്യ, ഒരുപാടു പേരുടെ സ്വപ്നഭൂമി തന്നെയാണ്. ലാന്‍ഡ് ഒഫ് ഗ്രെയ്റ്റ് ഓപ്പര്‍ച്യൂണിറ്റീസ്.
Close...
Maximum Character Allowed -
4000