എഴുപത്താറില്‍ നീന്തിത്തുടിച്ച്
Published : Tuesday,
November 29,
2011
അനൂപ് മോഹന്‍
ബസ് കയറാനായി അല്‍പ്പം ഓടി, ആ ക്ഷീണത്തെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന ചെറുപ്പക്കാരുണ്ട് നമ്മുടെ നാട്ടില്‍. ലിഫ്റ്റ് കേടായതിനാല്‍ രണ്ടു നില നടന്നു കയറിയതിന്‍റെ പേരില്‍ ഒരു ദിവസം മുഴുവന്‍ കിതയ്ക്കുന്നവര്‍ അതിലുമധികം. അങ്ങനെ ചെറിയ ചെറിയ അധ്വാനങ്ങളുടെ പേരില്‍ തളര്‍ന്നു പോകുന്നവര്‍ ദയവായി ഇദ്ദേഹത്തിന്‍റെ ജീവിതകഥ വായിച്ച്, സ്വന്തം ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് നിരാശരാകരുത്. ഓടാനും ചാടാനും നീന്താനുമൊക്കെ മനസൊരുക്കി വച്ചിരിക്കുന്ന ഒരു എഴുപത്താറുകാരന്‍. ഈ പ്രായത്തില്‍ നമ്മളെക്കൊണ്ട് ഇതൊക്കെ കഴിയുമോ എന്ന പതിവു വാര്‍ധക്യകാല ആശങ്കകള്‍ ഇദ്ദേഹത്തിനു തീരെയില്ല. ഇനി ഈ സംശയം മറ്റാരെങ്കിലും ഉന്നയിച്ചാല്‍ തെളിവായി കാണിച്ചു കൊടുക്കാന്‍ ധാരാളം സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ അഞ്ചിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയതിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍. പിന്നെയും സംശയം ശേഷിക്കുന്നെങ്കില്‍ കോട്ടപ്പുറം കായലിന്‍റെ വിശാലമായ ജലപ്പരപ്പില്‍ നീന്തിത്തുടിക്കും ഈ എഴുപത്താറുകാരന്‍, ഗോതുരുത്ത് കടല്‍വാ തുരുത്ത് സ്വദേശി പി. ജെ. റിച്ചാര്‍ഡ്.
ഇക്കഴിഞ്ഞ ദിവസം പാലാ തോപ്പില്‍ സ്വിമ്മിങ് അക്കാഡമിയില്‍ അരങ്ങേറിയ ചാംപ്യന്‍ഷിപ്പില്‍ സെവന്‍റിഫൈവ് പ്ലസ് വിഭാഗത്തിലാണു റിച്ചാര്‍ഡ് ഏറ്റവുമൊടുവിലായി നേട്ടങ്ങള്‍ കരസ്ഥമാക്കിയത്. 100 മീറ്റേഴ്സ് ഫ്രീസ്റ്റൈല്‍, 100 മീറ്റേഴ്സ് ബ്രസ്റ്റ് സ്ട്രോക്, 50 മീറ്റേഴ്സ് ഫ്രീ സ്റ്റൈല്‍, 50 മീറ്റേഴ്സ് ബ്രസ്റ്റ് സ്ട്രോക്ക്, 50 മീറ്റേഴ്സ് ബ്രസ്റ്റ് സ്ട്രോക്ക് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി റിച്ചാര്‍ഡ്. അഞ്ചിനങ്ങളില്‍ മത്സരിച്ചു വിജയം കരസ്ഥമാക്കിയതിന്‍റെ സന്തോഷം മറച്ചുവയ്ക്കാതെ റിച്ചാര്‍ഡ് തന്‍റെ ജീവിതത്തെക്കുറിച്ചു പറഞ്ഞുതുടങ്ങി. അരികില്‍ നീന്തലിന്‍റെ ആദ്യവേഗത പകര്‍ന്നു കൊടുത്ത കോട്ടപ്പുറം കായല്‍ ശാന്തമായി ഒഴുകുന്നു.
പട്ടാളത്തിലേക്ക് ഒരു സ്മാഷ്
എറണാകുളത്ത് ഗോതുരുത്ത് പുത്തേഴത്ത് ജൂസ - കുഞ്ഞമ്മ മക്കളുടെ പത്തു മക്കളില്‍ ആറാമന്‍റെ എഴുപത്താറാണ്ടു നീളുന്ന ജീവിതത്തില്‍ ഏറിയ പങ്കും കായിക ഇനങ്ങള്‍ക്കൊപ്പം തന്നെയായിരുന്നു. കൗമാരവും യൗവനവും മധ്യവയസുമൊക്കെ പിന്നിടുമ്പോള്‍ ഈ കഴിവുകളൊന്നും ഒരു കാലത്തും കൈവിട്ടതുമില്ല. വീടിനു സമീപത്തു വിശാലമായൊരു കായലുള്ളതു കൊണ്ടു തന്നെ ചെറുപ്പത്തിലേ നീന്തല്‍ പഠിച്ചു. സ്കൂളില്‍ പഠിക്കുമ്പോള്‍ നീന്തലില്‍ മാത്രമായിരുന്നില്ല, വോളിബോളിലും ഷോര്‍ട്ട് പുട്ടിലും ഡിസ്ക്സ് ത്രോയിലുമൊക്കെ തിളങ്ങി.തിരുക്കൊച്ചി കാലത്ത് 1955 - 56 കാലഘട്ടത്തില്‍ ഇന്‍റര്‍ സ്കൂള്‍ സ്റ്റേറ്റ് ജേതാവായി. ജീവിതത്തില്‍ വഴിത്തിരിവ് പത്താം ക്ലാസ് കഴിഞ്ഞ സമയത്തായിരുന്നു. വോളിബോള്‍ പ്ലയേഴ്സിനെ മിലിട്ടറി തെരഞ്ഞെടുക്കുന്നുണ്ടായിരുന്നു. സ്കൂള്‍ കാലത്തു തന്നെ വോളിബോളില്‍ പ്രാഗത്ഭ്യം തെളിയിച്ചതു കൊണ്ടു മടിച്ചു നിന്നില്ല. സെലക്ഷനില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അവിടെ റിച്ചാര്‍ഡിന്‍റെ സൈനിക ജീവിതം ആരംഭിക്കുന്നു. എറണാകുളം വോളിബോള്‍ കോര്‍ട്ടില്‍ നിന്നു നേരെ മിലിട്ടറിയിലേക്ക്, 1959ല്‍.
മദ്രാസ് വില്ലിങ്ടണ്‍ നീലഗിരി ട്രെയ്നിങ് സെന്‍ററിലായിരുന്നു പരിശീലനം. അതിനു ശേഷം സൈനികനായി കശ്മീരിലേക്കു പോസ്റ്റ് ചെയ്തു. സൈനികജീവിതത്തില്‍ മറക്കാനാകാത്ത ഒരുപാടു മുഹൂര്‍ത്തങ്ങളിലൂടെ റിച്ചാര്‍ഡ് കടന്നു പോയിട്ടുണ്ട്. മനസില്‍ നിറഞ്ഞു നില്‍ക്കുന്നതു ശ്രീനഗറിലെ ഗുല്‍മാര്‍ഹില്‍ നടന്ന സ്നോ കോഴ്സ്. ഒന്നരമാസം ഐസില്‍ ജീവിതം. കശ്മീരിലെ മഞ്ഞുറഞ്ഞ ദിനങ്ങളെ പരിചിതമാക്കാനുള്ള ട്രെയ്നിങ്ങാണു സ്നോ കോഴ്സ്. ഇപ്പോഴും മായാതെ മനസിലുള്ള മറ്റൊന്നാണു 1965ലെ ഇന്തോ - പാക് യുദ്ധം. പോരാട്ടം നടക്കുന്നതിനിടെ പാക്കിസ്ഥാനിലേക്കു പതിമൂന്നു കിലോമീറ്ററോളം അഡ്വാന്‍സ് ചെയ്തതു മറക്കാനാകാത്ത നേട്ടം. ബിക്കിവിന്‍ഡ് എന്നയിടത്തു നിന്നു പാക്കിസ്ഥാനിലെ ഇച്ചോഗില്‍ കനാല്‍ വരെയെത്തി. അവിടുത്തെ മംഗള്‍ ഡാമില്‍ നിന്നു വെള്ളം കൊണ്ടു പോകുന്ന കനാലാണു ഇച്ചോഗില്‍ക്കനാല്‍. ആ യുദ്ധത്തിനിടയില്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും കാമരാജും അതിര്‍ത്തിയില്‍ എത്തിയതും സംസാരിച്ചതുമൊക്കെ റിച്ചാര്‍ഡിന്‍റെ ഓര്‍മയിലുണ്ട്. ഒമ്പതു കൊലത്തിനു ശേഷം നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ ഏജന്‍സിയില്‍ വച്ചു സൈനികജീവിതം അവസാനിപ്പിച്ചു മടങ്ങിപ്പോന്നു. പിന്നീട് ഔദ്യോഗികജീവിതം ബിനാനി സിങ്ക് കമ്പനിയിലായിരുന്നു. ഇരുപത്തെട്ടു കൊല്ലത്തിനു ശേഷം സര്‍ജന്‍റായി വിരമിച്ചു.
ഇനി നാഷണല്‍ മീറ്റ്
ഔദ്യോഗിക ജീവിതം അവസാനിക്കുമ്പോള്‍ സ്വസ്ഥമായി വീട്ടിലൊതുങ്ങുകയാണു സാധാരണക്കാരുടെ പതിവ്. എന്നാല്‍ റിച്ചാര്‍ഡിന്‍റെ കായികജീവിതത്തിലെ നേട്ടങ്ങള്‍ തുടരുകയായിരുന്നു. വെറ്ററന്‍സ് മീറ്റുകളില്‍ ഷോര്‍ട്ട് പുട്ട്, ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ എന്നിവയിലൊക്കെ ജേതാവാകുന്നതു തുടര്‍ന്നു കൊണ്ടേയിരുന്നു. ഇപ്പോള്‍ രാവിലെ പതിവു വ്യായാമങ്ങള്‍ക്കു ശേഷം സുഹൃത്തുക്കളുമായി നാട്ടിലും വീട്ടിലുമൊക്കെയായി റിച്ചാര്‍ഡിന്‍റെ ജീവിതം സജീവം. പ്രായമായിട്ടും മത്സരങ്ങളിലെ താരമാകുന്നതില്‍ വീട്ടുകാര്‍ക്കു സന്തോഷമേയുള്ളൂ. റോസിയാണു റിച്ചാര്‍ഡിന്‍റെ ഭാര്യ. മക്കള്‍ റിജോ, റിറ്റി. സംസ്ഥാന മാസ്റ്റേഴ്സ് മത്സരത്തില്‍ ജേതാവായതോടെ റിച്ചാര്‍ഡിന്‍റെ കായികജീവിതം അവസാനിക്കുന്നില്ല. ഇപ്പോള്‍ വിജയിച്ചിരിക്കുന്നതു സംസ്ഥാനതല മത്സരമാണ്. അടുത്ത മാസം ബംഗളുരുവില്‍ നാഷണല്‍ ലെവല്‍ മത്സരത്തില്‍ കിരീടം നേടണമെന്ന് ആ മനസ് ഉറപ്പിച്ചു കഴിഞ്ഞു.
വയസേറുന്നതിനു മുമ്പേ മനസിനു പ്രായമാകുന്ന പുതുതലമുറ ഉദാഹരണമായി എടുക്കേണ്ടതാണു റിച്ചാര്‍ഡിന്‍റെ ജീവിതത്തെ. ഒരു കാലത്തു ജീവിതത്തില്‍ പ്രിയമായിരുന്നതൊന്നും പ്രായമേറിയെന്ന കാരണത്താല്‍ ഒഴിവാക്കി നിര്‍ത്തുന്നില്ല ഇദ്ദേഹം. നീന്തലും ഡിസ്കസ് ത്രോയുമൊക്കെ ഇപ്പോഴും ഇഷ്ടം, അതുകൊണ്ടു തന്നെ അതു തുടരുകയും ചെയ്യുന്നു.
Close...
Maximum Character Allowed -
4000