Wednesday, May 23, 2012   4:43 PM IST
Vaartha BlogRSS
Loading
കൃഷ്ണയ്ക്കെതിരേ അന്വേഷണം
Published : Sunday, December 04, 2011
|
  
Text Size
ബംഗളൂരു

അനധികൃത ഖനനത്തിനു കൂട്ടുനിന്നുവെന്ന ആരോപണത്തില്‍ വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയ്ക്കെതിരേ അന്വേഷണത്തിനു ലോകായുക്ത കോടതി ഉത്തരവ്. കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കു കളമൊരുക്കിയെന്നാണു കൃഷ്ണയ്ക്കെതിരേ ആരോപണം. മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി (ജെഡിഎസ്), എന്‍. ധരംസിങ് (കോണ്‍ഗ്രസ്) എന്നിവര്‍ക്കെതിരേയും അന്വേഷണത്തിനു നിര്‍ദേശം. ഖനന അഴിമതിയുടെ പേരില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാണു കോടതിയുത്തരവ്.

മൂന്നു മുന്‍ മുഖ്യമന്ത്രിമാര്‍ക്കും11 ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ചു സാമൂഹിക പ്രവര്‍ത്തകന്‍ ടി.ജെ. എബ്രഹാം എന്നൊരാള്‍ നല്‍കിയ പരാതിയിലാണു നടപടി. പൊതുമേഖലാ സ്ഥാപനം മൈസൂര്‍ മിനറല്‍സ് ലിമിറ്റഡിലെ ആറു മുന്‍ എംഡിമാര്‍, മൂന്നു ഡെപ്യൂട്ടി ജനറല്‍ മാനെജര്‍മാര്‍ തുടങ്ങിയവരാണ് ആരോപണവിധേയരായ മറ്റു പ്രമുഖര്‍.

കഴിഞ്ഞ ഓഗസ്റ്റിലാണ് ടി.ജെ. എബ്രഹാം അന്നത്തെ ലോകായുക്ത എന്‍. സന്തോഷ് ഹെഗ്ഡെക്കു പരാതി നല്‍കിയത്. രണ്ടു സിഡികളും തെളിവായി നല്‍കി. കൃഷ്ണ രാജ്യസഭാംഗമായതിനാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സഭാധ്യക്ഷന്‍റെ അനുമതി ആവശ്യപ്പെട്ടിരുന്നു പരാതിക്കാരന്‍. ധരംസിങ്ങും കുമാരസ്വാമിയും ലോക്സഭാംഗങ്ങളാണ്. ഇവര്‍ക്കെതിരേ അന്വേഷണത്തിനു ലോക്സഭാ സ്പീക്കറുടെ അനുമതിയും ഇദ്ദേഹം തേടിയിരുന്നു.

അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്നു പേര്‍ക്കുമെതിരേ നാളെ രണ്ടാം ഘട്ടം തെളിവു നല്‍കുമെന്നും എബ്രഹാം അറിയിച്ചു. അനധികൃത ഖനനത്തിനു കൂട്ടുനിന്ന കൃഷ്ണ വന്‍തോതില്‍ വനനശീകരണത്തിനു സൗകര്യം ചെയ്തുകൊടുത്തുവെന്നു പരാതിയില്‍ ആരോപിക്കുന്നു. ഇതിനു പ്രതിഫലമായി കുടുംബാംഗങ്ങളുടെ പേരില്‍ വന്‍ സ്വത്തു സമ്പാദിച്ചു. കര്‍ണാടക മന്ത്രിസഭയില്‍ അന്നുണ്ടായിരുന്ന അംഗങ്ങളുടെ പേരിലും കൃഷ്ണ ഭൂമിയും പണവും സമ്പാദിച്ചു. എന്തുകൊണ്ടാണ് മൂന്നു മുന്‍ മുഖ്യമന്ത്രിമാരെ മാത്രം ലക്ഷ്യമിടുന്നതെന്ന ലോകായുക്തയുടെ ചോദ്യത്തിന് ബി.എസ്. യെദിയൂരപ്പയ്ക്കെതിരേ ഇപ്പോള്‍ത്തന്നെ അന്വേഷണം നടക്കുന്നുണ്ടെന്ന് പരാതിക്കാരന്‍ മറുപടി നല്‍കി.
Rate This News :
Latest News