Wednesday, May 23, 2012   4:44 PM IST
Vaartha BlogRSS
Loading
അച് രേക്കറുടെ തല്ല് തലവര മാറ്റി
Published : Monday, December 05, 2011
|
  
Text Size
മുംബൈ

ലോകമറിയുന്ന കായിക താരത്തിലേക്കുള്ള തന്‍റെ വളര്‍ച്ചയ്ക്കു കാരണമായത് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുതന്ന രമാകാന്ത് അച്രേക്കറില്‍ നിന്നു ലഭിച്ച തല്ലാണെന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അച്രേക്കറുടെ 79ാം ജന്മദിനം ആഘോഷിക്കാന്‍ ബാന്ദ്ര കുര്‍ല കോംപ്ലെക്സില്‍ ചേര്‍ന്ന ശാരദാശ്രമം വിദ്യാമന്ദിറിലെ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. അജിത് അഗാര്‍ക്കര്‍, പ്രവീണ്‍ ആംറെ, ബല്‍വീന്ദര്‍ സിങ് സന്ധു, ചന്ദ്രകാന്ത് പണ്ഡിറ്റ്, സമീര്‍ ദിഗെ തുടങ്ങിയവരും ചടങ്ങിനെത്തിയ 100 വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. തന്‍റെ ഇന്നത്തെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം അച്രേക്കറാണെന്നു സച്ചിന്‍ പറഞ്ഞു.

എല്ലാ ദിവസവും സ്കൂള്‍ സമയം കഴിഞ്ഞ ഉടന്‍ ഭക്ഷണം കഴിക്കാന്‍ ബന്ധുവീട്ടിലേക്കു പോകുമായിരുന്നു. ആ സമയം തനിക്കു കളിക്കാനായി ചില പരിശീലന മത്സരങ്ങള്‍ സംഘടിപ്പിക്കും അച്രേക്കര്‍. നാലാം നമ്പറിലാകും താനിറങ്ങുകയെന്ന് എതിരാളികളോടു പറയുകയും ചെയ്യും. ഇതായിരുന്നു പതിവ്. എന്നാല്‍, ഒരിക്കല്‍ ഇത്തരത്തിലുള്ള മത്സരത്തില്‍ പങ്കെടുക്കാതെ ഒരു സുഹൃത്തിനൊപ്പം വാംഖഡെ സ്റ്റേഡിയത്തില്‍ ശാരദാശ്രമം ഇംഗ്ലീഷ് മീഡിയം കുട്ടികളും മറാത്തി മീഡിയം കുട്ടികളും തമ്മിലുള്ള മത്സരം കാണാന്‍ പോയി. അവിടെച്ചെന്ന് അച്രേക്കറെ കണ്ടപ്പോള്‍ അഭിവാദ്യം ചെയ്തു. താന്‍ പരിശീലന മത്സരത്തില്‍ പങ്കെടുക്കാതെയാണെത്തിയതെന്ന് അറിയാമായിരുന്നിട്ടും എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ മത്സരമെന്നായിരുന്നു ചോദ്യം. പരിശീലന മത്സരത്തിനിറങ്ങാതെ സ്കൂള്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയതാണെന്നു മറുപടി പറഞ്ഞപ്പോള്‍ മുഖത്ത് ഒരു ലേറ്റ് കട്ട് (അടി) നല്‍കി അച്രേക്കര്‍. കൈയിലിരുന്ന ടിഫിന്‍ ബോക്സ് തെറിച്ചു ദൂരെപ്പോയി.

മറ്റുള്ളവര്‍ക്കായി ആര്‍പ്പുവിളിക്കേണ്ട ആവശ്യം നിനക്കില്ല, അവര്‍ നിനക്കായി ആര്‍പ്പു വിളിക്കുന്ന രീതിയില്‍ കളിക്കൂ എന്ന് ഉപദേശവും തന്നു അദ്ദേഹം. ആ സംഭവം ജീവിതത്തെ മാറ്റിമറിച്ചു. കഠിനാധ്വാനത്തിന്‍റെ വില മനസിലായി. അന്നു മുതല്‍ മണിക്കൂറുകളോളം പരിശീലനത്തിനു മാത്രം ചെലവഴിക്കാന്‍ തുടങ്ങി. മികച്ചൊരു താരമെന്ന നിലയിലേക്കുള്ള തന്‍റെ വളര്‍ച്ചയ്ക്ക് അതു കാരണമായി- സച്ചിന്‍ വിവരിച്ചു.
Rate This News :
Latest News