Wednesday, May 23, 2012   4:47 PM IST
Vaartha BlogRSS
Loading
വിളപ്പില്‍ശാല വീണ്ടും പുകയുന്നു
Published : Monday, December 05, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

നഗരത്തിലെ മാലിന്യപ്രശ്നം വീണ്ടും രൂക്ഷമാകുന്നു. ഡിസംബര്‍ 20ന് ശേഷം മാലിന്യവുമായി വരുന്ന ലോറികള്‍ തടയുമെന്ന് വിളപ്പില്‍ശാല സമരസമിതിക്കാര്‍. അതേസമയം രണ്ട് വര്‍ഷത്തിനുള്ളില്‍ ചവര്‍ഫാകിടറി പൂട്ടാമെന്ന് മേയര്‍ കെ.ചന്ദ്രിക. തനിക്ക് സാവകാശം തരണമെന്ന് സമരസമിതിക്കാരോട് അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് സമരസമിതി പ്രസിഡന്‍റ് ബുര്‍ഹാന്‍ പറഞ്ഞതായും മേയര്‍.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് മേയര്‍. സമരക്കാര്‍ ക്രമസമാധാനം തകര്‍ത്ത് ലോറികള്‍ തടഞ്ഞാല്‍ നിരോധനാജ്ഞ പുറപ്പെടുവിക്കണം. കരിക്കകം ക്ഷേത്രത്തിലെ മാലിന്യങ്ങള്‍ നഗരസഭ നീക്കം ചെയ്യണമെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ ആവശ്യപ്പെട്ടപ്പോഴാണ് മേയര്‍ ഇക്കാര്യം ബോധിപ്പിച്ചത്. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിലെ 15 വാര്‍ഡുകളില്‍ ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിച്ച് തുടങ്ങി. ഘട്ടം ഘട്ടമായി ഇത് മറ്റ് വാര്‍ഡുകളിലേക്കും വ്യാപിക്കും.

20ന് ഫാക്ടറി പൂട്ടാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് തന്നതാണെന്നും അദ്ദേഹം വാക്ക് പാലിച്ചില്ലെങ്കില്‍ 21 മുതല്‍ മാലിന്യവുമായി വരുന്ന ലോറികള്‍ തടയുമെന്ന് സമരസമിതി നേതാക്കള്‍ മെട്രൊ വാര്‍ത്തയോട് പറഞ്ഞു. ഈ വിഷയം ഒഴികെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താമെന്നും അവര്‍. ചവര്‍ കൂടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. രണ്ട് ദിവസം മുമ്പ് രാജേന്ദ്രന്‍ (50), ശങ്കരന്‍ (55) എന്നിവര്‍ മരിച്ചിരുന്നു. പല്ല് തേക്കുന്നതിനിടയില്‍ കുഴഞ്ഞു വീണാണ് രാജേന്ദ്രന്‍ മരിച്ചു. പലര്‍ക്കും മാനസിക രോഗവും മറവിരോഗവും പിടിപെട്ടു. സര്‍ക്കാര്‍ വിളപ്പില്‍ശാല പഞ്ചായത്തിനെ കേരളത്തിന്‍റെ ഭാഗമായി കാണുന്നില്ലെന്നും സമരക്കാര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയില്‍ വോട്ടര്‍മാര്‍ കൂടുതലായതു കൊണ്ടാണ് തങ്ങളെ അവഗണിക്കുന്നത്.

അതേസമയം സമരത്തിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് വിളപ്പില്‍ശാല പഞ്ചായത്ത് അധികൃതര്‍. പഞ്ചായത്തുമായി ആലോചിക്കാതെയാണ് സമരസമിതി സമരം തുടങ്ങിയത്. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അധികൃതര്‍. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി ആത്മഹൂതി നടത്തുമെന്ന് സമരസമിതിക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് 20ത് മുതല്‍ ചവര്‍ ലോറികള്‍ വിളപ്പില്‍ ശാലയില്‍ പ്രവേശിക്കില്ലെന്ന് മുഖ്യമന്ത്രി സെപ്തംബര്‍ 20ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയത്.

പ്രശ്നത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് മേയര്‍. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം തികയുന്നില്ല. പല സര്‍ക്കാര്‍ സ്ഥാപനങ്ങളും കെട്ടിട നികുതി കൃത്യമായി തരുന്നില്ല. മണക്കാട് ഹെല്‍ത്ത് ഓഫീസില്‍ പ്ലാസ്റ്റിക് റീ സൈക്ക്ളിങ് യൂനിറ്റ് സ്ഥാപിച്ചപ്പോള്‍ കോണ്‍ഗ്രസുകാരനായ വാര്‍ഡ് കൗണ്‍സിലര്‍ പാര്‍ട്ടിക്കാരെക്കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. അതുകൊണ്ട് വിളപ്പില്‍ശാല സമരസമിതി പ്രവര്‍ത്തകര്‍ തന്‍റെ കൂടെ നില്‍ക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

പ്രതിദിനം നഗരത്തിലെ 60ഓളം വാര്‍ഡുകളില്‍ നിന്ന് വിളപ്പില്‍ശാലയിലെത്തുന്നത് 200ലേറെ ടണ്‍ മാലിന്യമാണ്. ഇതു ചിലപ്പോള്‍ 250, 300 ടണ്‍ വരെയാകുന്നു. 157 ടണ്ണോളം മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ശേഷി മാത്രമാണ് പ്ലാന്‍റിനുള്ളത്. ബാക്കി പരിസരത്തു കുന്നുകൂട്ടിയിട്ടശേഷമാണു സംസ്കരിക്കുന്നത്.

പുതിയ പ്ലാന്‍റുകള്‍ അനുബന്ധമായി സ്ഥാപിക്കണമെന്ന ആശയം നേരത്തേ ഉണ്ടെങ്കിലും പ്രദേശവാസികള്‍ പ്രക്ഷോഭവുമായി ശക്തമായി രംഗത്തുള്ളതു കാരണം കോര്‍പ്പറേഷനു അതിനും കഴിയുന്നില്ല. ഈ പശ്ചാത്തലത്തിലാണു വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യങ്ങളുടെ അളവ് കുറയ്ക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.
Rate This News :
Latest News