Wednesday, May 23, 2012   4:48 PM IST
Vaartha BlogRSS
Loading
ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണി ഉണര്‍ന്നു
Published : Tuesday, December 06, 2011
|
  
Text Size
കൊച്ചി

തിരുപ്പിറവിക്കായി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ക്രിസ്മസ് വിപണി ഉണര്‍ന്നു. ഡിസംബറിനു മുന്നെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ച കച്ചവടക്കാര്‍ “നൈറ്റ് ഷോപ്പിങ്ങ് ‘ഫെസ്റ്റിവലിലാണ് ഇക്കുറി നോട്ടമിട്ടിരിക്കുന്നത്. നഗരത്തിലെ കടകളില്‍ ക്രിസ്മസിന്‍റെ വരവറിയിച്ചുകൊണ്ടുളള നക്ഷത്രങ്ങള്‍ ദിവസങ്ങള്‍ക്കു മുന്‍പെ തെളിഞ്ഞുതുടങ്ങി.

ഓരോ തവണയും പുത്തന്‍ ട്രന്‍ഡുകള്‍ അരങ്ങുവാഴുന്ന വിപണിയില്‍ ഇത്തവണയുമുണ്ട് ഒട്ടേറെ വ്യത്യസ്തതകള്‍. പലതരം വലിപ്പങ്ങളിലും വര്‍ണങ്ങളിലുമുളള നക്ഷത്രങ്ങള്‍ കടകളില്‍ പ്രകാശിച്ചു തുടങ്ങി.

ഇത്തവണയും പല ഹിറ്റ് സിനിമകളുടെയും പേരുകളുടെ ചുവടുപിടിച്ചാണു നക്ഷത്രങ്ങള്‍ വിപണിയിലെത്തിയിരിക്കുന്നത്. സ്വപ്നസഞ്ചാരിയും ഡോക്റ്റര്‍ ലൗവും രാ വണും ഉറുമിയുമൊക്കെയാണു വിപണിയിലെ പ്രധാന താരങ്ങളായി എത്തിയിരിക്കുന്നത്. ഒരുപാട് ചിറകുകളുമായി എത്തിയിരിക്കുന്ന സ്വപ്നസഞ്ചാരിയുടെ വില 80 രൂപയാണ്. സ്വര്‍ണനിറത്തിന്‍റെ അകമ്പടിയോടെ എത്തിയിരിക്കുന്ന ഉറുമിക്കും ഡോക്റ്റര്‍ ലൗവിനും 100 രൂപ വിലവരും.

തൂവെളള നിറത്തിലുളള കുഞ്ഞാടിനും 100 രൂപയാണു വില. മടക്കാന്‍ പറ്റാത്തവയും കട്ടികൂടിയ പേപ്പര്‍ ഉപയോഗിച്ച് നിര്‍മിച്ചവയുമായ നക്ഷത്രങ്ങള്‍ക്കു 120 രൂപയാണു വില. ഇവയ്ക്കു മഞ്ഞുകൊണ്ടാലും കുഴപ്പമൊന്നുമില്ലെന്നു വ്യാപാരികള്‍ അവകാശപ്പെടുന്നു. ഇവയോടൊപ്പം ആകാശദൂതും യന്തിരനും സുഡോക്കുവുമൊക്കെ മത്സരിക്കാനുണ്ട്. പേപ്പര്‍ ക്വാളിറ്റിയും അലങ്കാരപ്പണികളുമനുസരിച്ചു വിലയില്‍ വ്യത്യാസം വരും. 20 മുതല്‍ 150 രൂപ വരെയുളള നക്ഷത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

പലതരം വര്‍ണങ്ങളിലും വലിപ്പത്തിലുമുളള അലങ്കാരവസ്തുക്കളും വിപണിയില്‍ നിരന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി ചൈനയില്‍ നിന്നെത്തിയവയാണ് ഇത്തവണ വിപണിയില്‍ സജീവമായിരിക്കുന്നത്. ഗില്‍റ്റ് ഉറികള്‍ക്ക് ഡസന് 20 മുതല്‍ 85 രൂപ വരെയാണ് വില.

തൂക്കുബെല്ലിനു 30 മുതല്‍ 200 രൂപ വരെയും ചെണ്ടയ്ക്കു 30 മുതല്‍ 60 വരെയും വില വരും. 200 മുതല്‍ 800 രൂപ വരെയുളള പല വലിപ്പത്തിലുളള ക്രിസ്മസ് ട്രീകള്‍ വിപണിയില്‍ ലഭ്യമാണ്. ഡെക്കറേഷന്‍ മാലകള്‍ക്ക് അഞ്ചു മുതല്‍ 20 രൂപ വരെയാണു വില.

ക്രിസ്മസ് പപ്പായുടെ വസ്ത്രങ്ങള്‍ക്ക് 300 രൂപ മുതലാണ് വില. പുല്‍ക്കൂടൊരുക്കാന്‍ ഉപയോഗിക്കുന്ന ഉണ്ണി സെറ്റുകള്‍ക്ക് 100 മുതല്‍ 600 രൂപ വരെ വരും. ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന പലതരം ലൈറ്റുകളാണു കടകളില്‍ നിറഞ്ഞിരിക്കുന്നത്. എല്‍ഇഡി ലൈറ്റുകളാണ് ഇത്തവണത്തെ പ്രധാന സവിശേഷത. വിവിധ നിറങ്ങളില്‍ ഇവ ലഭ്യമാണ്. ജെല്‍ ലൈറ്റുകളും റേസര്‍ ലൈറ്റുകളും കുറവല്ല.

കൊതിയൂറുന്ന ക്രിസ്മസ് കേക്കുകള്‍ വിപണിയെ കീഴടക്കാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. റിച്ച് മാര്‍ഗസ് പ്ലം കേക്കുകളാണ് ഒട്ടേറെ വ്യത്യസ്തതകളോടെ ഇത്തവണത്തെ ക്രിസ്മസ് വിപണിയെ കീഴടക്കാന്‍ തയാറായിക്കൊണ്ടിരിക്കുന്നത്. കിലോയ്ക്ക് 300 രൂപയാണ് ഇതിന്‍റെ വില.

പലതരം ഡ്രൈ ഫ്രൂട്ട്സും നെയ്യും തേനുമൊക്കെയുപയോഗിച്ചാണ് ഇതു തയാറാക്കിയിരിക്കുന്നത്. ഇതിനായുളള ചേരുവകളൊക്കെ പുറത്തുനിന്ന് ഇറക്കുമതി ചെയ്തിട്ടുളളവയാണ്.

ഇതിന്‍റെ മറ്റൊരു വൈവിധ്യമായ സൂപ്പര്‍ റിച്ച് പ്ലം കേക്കുകളുടെ വില 600 രൂപയാണ്. മറ്റൊരു പ്രധാന വൈവിധ്യമായ വൈറ്റ് ട്രിഫിള്‍ കേക്കിനും 600 രൂപയാണ്. ഇതിനുളള ചോക്ലേറ്റ് പ്രത്യേകം ഇറക്കുമതി ചെയ്തിട്ടുളളതാണ്.

പൈനാപ്പിളിന്‍റെ മാധുര്യവുമായി എത്തിയിരിക്കുന്ന പൈനാപ്പിള്‍ എക്സോട്ടിക്കയ്ക്ക് 450 മുതല്‍ 700 വരെ വില വരും. ഫ്രൂട്ട് ഗേറ്റോ, ചോക്കലേറ്റ് നട്ട് ഗേറ്റോ എന്നിവയാണു കേക്ക് വിപണിയിലെ മറ്റു വൈവിധ്യങ്ങള്‍. ഡ്രൈ ഫ്രൂട്ട്സും പ്രത്യേകതരം ചോക്കലേറ്റുമാണ് ഇതിന്‍റെ പ്രധാന ചേരുവകള്‍. 700 രൂപയാണ് ഇതിന്‍റെ വില.

Rate This News :
Latest News