Wednesday, May 23, 2012   4:53 PM IST
Vaartha BlogRSS
Loading
വെല്ലുവിളികള്‍ ഏറെ: പ്രണബ്
Published : Saturday, December 10, 2011
|
  
Text Size
ന്യൂഡല്‍ഹി

ഉയര്‍ന്ന നിരക്കില്‍ തുടരുന്ന നാണയപ്പെരുപ്പവും ആഗോള സമ്പദ്വ്യവസ്ഥയിലെ അസ്ഥിരതയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കു വെല്ലുവിളിയാകുന്നുവെന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി. പ്രതീക്ഷിത ജിഡിപി വളര്‍ച്ച ഒമ്പതു ശതമാനത്തില്‍ നിന്ന് ഏഴര ശതമാനമായി കുറച്ചു. 2011-12 വര്‍ഷം ധനക്കമ്മി 4.6 ശതമാനമായി കുറയ്ക്കുന്നതു വെല്ലുവിളിയാണ്. പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പന നടക്കാത്തതും സബ്സിഡി ചെലവ് ഉയരുന്നതും സര്‍ക്കാരിനു തിരിച്ചടിയാണെന്നും പാര്‍ലമെന്‍റിനെ പ്രണബ് അറിയിച്ചു.

ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) 4.6 ശതമാനമായ 4,12,817 കോടിയാണു ധനക്കമ്മി. ഈ സാമ്പത്തിക വര്‍ഷം ആദ്യ ആറു മാസം ധനക്കമ്മി 2.8 ലക്ഷം കോടിയായിരുന്നു. 7% വളര്‍ച്ച എന്നത് അപര്യാപ്തമാണ്. എന്നാല്‍, ഇത് എക്കാലത്തെയും കുറവാണെന്ന പ്രതിപക്ഷത്തിന്‍റെ വാദം അദ്ദേഹം അംഗീകരിച്ചില്ല. നിക്ഷേപ സൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രതിപക്ഷം സഹകരിക്കണം. ഇരട്ടയക്കത്തിനടുത്തു തുടര്‍ന്നിരുന്ന നാണയപ്പെരുപ്പം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഭക്ഷ്യവില കഴിഞ്ഞ ഏഴ് ആഴ്ചകളിലായി കുറയുകയാണെന്നും മുഖര്‍ജി പറഞ്ഞു.

ഒക്റ്റോബറില്‍ 9.73 ശതമാനമായിരുന്ന നാണയപ്പെരുപ്പം 5-6 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ടെന്നും പ്രണബ്. ധനമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ എന്‍ഡിഎ, ഇടത് അംഗങ്ങള്‍ സഭ വിട്ടിറങ്ങി.

പ്രണബ് മുഖര്‍ജിയുടെ പ്രസ്താവന പഴകിയതാണെന്നും സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതല്ലെന്നും പ്രതിപക്ഷ നേതാവ് സുഷമ്മ സ്വരാജ്. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 7.3% വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. ഇത് 7.5% വരെയെത്തുമെന്നാണു വിലയിരുത്തല്‍. മുന്‍പു പ്രതീക്ഷിത ജിഡിപി വളര്‍ച്ച എട്ടര ശതമാനമായിരുന്നു.

ഇന്ധന വിലവര്‍ധനയുടെ പേരില്‍ പ്രതിപക്ഷം ആക്രമണത്തിനു മുതിര്‍ന്നപ്പോള്‍ എന്‍ഡിഎയുടെ ഭരണകാലത്ത് രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ബാരലിന് 24 മുതല്‍ 37 ഡോളര്‍ വരെയായിരുന്നെന്നും ഇപ്പോഴത് 110 ഡോളറാണെന്നും പ്രണബ് ചൂണ്ടിക്കാട്ടി. പെട്രോളിയം നികുതിയായി 2.25 ലക്ഷം കോടിയാണു സംസ്ഥാനങ്ങളും കേന്ദ്രവും പിരിച്ചെടുക്കുന്നത്. ഇതില്‍ 1.04 ലക്ഷം കോടിയാണു കേന്ദ്ര സര്‍ക്കാരിനു ലഭിക്കുന്നതെന്നും ബാക്കി സംസ്ഥാന സര്‍ക്കാരിനാണു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Rate This News :
Latest News