Wednesday, May 23, 2012   4:56 PM IST
Vaartha BlogRSS
Loading
പ്രതിപക്ഷത്തിന് ഇരട്ടത്താപ്പ്
Published : Tuesday, December 13, 2011
|
  
Text Size
ന്യൂഡല്‍ഹി

ലോക്പാല്‍ ബില്‍ സംബന്ധിച്ചു പ്രതിപക്ഷത്തിന് ഇരട്ടത്താപ്പെന്നു യുപിഎ. ഞായറാഴ്ച ജന്തര്‍ മന്തറില്‍ അണ്ണ ഹസാരെയുടെ സമരത്തിനു പ്രതിപക്ഷമെത്തിയതാണ് യുപിഎ നേതൃത്വത്തെ ചൊടിപ്പിച്ചത്. പാര്‍ലമെന്‍റ് സമ്മേളിക്കുമ്പോള്‍ പുറത്ത് ഈ വിഷയം ഉയര്‍ത്തിയതെന്തിനെന്നു പ്രതിപക്ഷം വിശദീകരിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അംബിക സോണി ആവശ്യപ്പെട്ടു.

ജനാധിപത്യത്തില്‍ പാര്‍ലമെന്‍റിനാണു പരമാധികാരം. ആ സഭയിലെ ഉത്തരവാദിത്വമുള്ള അംഗങ്ങളാണ് തെരുവില്‍ ഇതെക്കുറിച്ചു സംവാദം നടത്തിയത്. ശക്തമായ ലോക്പാലില്‍ നിന്നു സര്‍ക്കാര്‍ പിന്മാറില്ലെന്നും അവര്‍ അവകാശപ്പെട്ടു.

പാര്‍ലമെന്‍റില്‍ പറയേണ്ട കാര്യങ്ങളാണു പ്രതിപക്ഷം പുറത്തുപോയി പറയുന്നതെന്നു കേന്ദ്ര മന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, ഫറൂഖ് അബ്ദുള്ള, ശരത് പവാര്‍ എന്നിവരും കുറ്റപ്പെടുത്തി. എന്നാല്‍, ജന്തര്‍ മന്തറില്‍ പ്രസംഗിച്ച എല്ലാ നേതാക്കലും പാര്‍ലമെന്‍റിന്‍റെ പരമാധികാരത്തെക്കുറിച്ച് എടുത്തുപറഞ്ഞത് സ്വാഗതാര്‍ഹമെന്നു പറയാനും പവാര്‍ മറന്നില്ല.

അതേസമയം, ഹസാരെ കോണ്‍ഗ്രസിനെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ആരോപിച്ചു. ബിജെപിയുടെ വക്കാലത്തെടുത്തിരിക്കുകയാണ് ഹസാരെ.

ശ്രീ ശ്രീ രവിശങ്കറിനും ബാബാ രാംദേവിനും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരഖ്ഡ്, കര്‍ണാടക, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ അഴിമതി കാണാന്‍ ഹസാരെക്കു കണ്ണില്ലേ എന്നും ദിഗ്വിജയ്.

ഹസാരെയുടെ ആവശ്യങ്ങളോട് ഒരുവിധത്തിലും യോജിക്കാനാവില്ലെന്നാണ് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ പ്രതികരണം. 180 എംപിമാരെ ഗൂണ്ടകള്‍ എന്നു വിളിച്ച ഹസാരെ രാഷ്ട്രത്തെ അരാജകത്വത്തിലേക്കു നയിക്കുകയാണ്.

പാര്‍ലമെന്‍റിന്‍റെ അവകാശങ്ങളില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധിക്കെതിരേ ഹസാരെ സംഘത്തിന്‍റെ വാദങ്ങളില്‍ കഴമ്പില്ലെന്നും ലാലു പറഞ്ഞു.

Rate This News :
Latest News