ശുദ്ധജലവിതരണ പൈപ്പ് പൊട്ടി വീടുകളും കടകളും തകര്‍ന്നു
Published : Tuesday,
December 13,
2011
നെടുമങ്ങാട്
നഗരത്തിലേക്കു കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടി വീടുകളും കടകളും തകര്‍ന്നു. ഒരാള്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. കരകുളത്തിനു സമീപം പുരവൂര്‍ക്കോണം മുദിശാസ്താംകോട് ക്ഷേത്രത്തിനു സമീപമാണ് വാട്ടര്‍ അഥോറിറ്റിയുടെ 1600 എംഎം കോണ്‍ക്രീറ്റ് പൈപ്പ് തകര്‍ന്നത്.
അരുവിക്കരിയില്‍ നിന്നുള്ള പൈപ്പാണിത്. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച പൈപ്പില്‍ നിന്നും വെള്ളം 30 അടിയോളം ഉയരത്തില്‍ തെറിച്ചു സമീപത്തെ വീടുകള്‍ക്കിടയിലൂടെ ഒഴുകുകയായിരുന്നു. പുവരൂര്‍ക്കോണം അഭിനിവാസില്‍ മോഹനന്‍ ആശാരി, ആശാരിവിളാകത്തു മുരുകമ്മ, പാറയില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ ആശാരി, സ്ഥലവാസികളായ രാജേന്ദ്രന്‍, മുരളി എന്നിവരുടെ വീടുകളും കടകളുമാണു ഭാഗികമായി തകര്‍ന്നത്. വെള്ളം കയറി വീട്ടുപകരണങ്ങളും കടയിലെ സാധനങ്ങളും നശിച്ചു.
പാറയില്‍വീടില്‍ ഗോപാലകൃഷ്ണന്‍ ആശാരിയുടെ ഭാര്യാപിതാവ് വിശ്വനാഥനെ പരുക്കുകളോടെ പേരൂര്‍ക്കട ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിയിച്ചിട്ടും എത്താന്‍ വൈകിയ വാട്ടര്‍ അഥോറിറ്റി ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പാലോട് രവി എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, നാട്ടുകാരുമായി സംസാരിച്ചു പ്രശ്നം പരിഹരിച്ചു.
ശക്തമായ വെള്ളപ്പാച്ചിലില്‍ മോഹനന്‍ ആശാരിയുടെ ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. ഗോപാലകൃഷ്ണന്‍ ആശാരിയുടെ ഓടിട്ട വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. വീട്ടുപകരണങ്ങള്‍ ഒലിച്ചു കിള്ളിയാറില്‍ പതിച്ചു.
കാസ്റ്റ് അയേണ്‍ പൈപ്പടക്കം അരുവിക്കരയില്‍ നിന്നു മൂന്നു കുടിവെള്ള പൈപ്പുകളാണു നഗരത്തിലേക്ക് വെള്ളം കൊണ്ടു വരുന്നത്. ഇതില്‍ പ്രധാന പൈപ്പാണ് ഒരു മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്.
തുടര്‍ന്ന് ഇന്നലെ രാവിലെ വാട്ടര്‍ അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാര്‍ പൈപ്പ് മാറ്റാന്‍ ജെസിബി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി എത്തിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു. നാശനഷ്ടം സംഭവിച്ചവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടല്‍ നിര്‍ത്താന്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തിരുവനന്തപുരം-നെടുമങ്ങാട് റോഡുപരോധിച്ചു. ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തുടര്‍ന്നു മന്ത്രി വി.എസ്. ശിവകുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അടിയന്തരമായി നാശനഷ്ടം സംഭവിച്ചവര്‍ക്ക് 25,000 രൂപ നല്‍കാം. പഴക്കംചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാം മന്ത്രി ഉറപ്പ് നല്‍കി. ഉച്ചയ്ക്ക് രണ്ടരയോടെ പൈപ്പ് മാറ്റല്‍ ജോലികള്‍ ആരംഭിച്ചു. മൈല്‍ഡ് സ്റ്റീല്‍ ഉപയോഗിച്ച് താത്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുക. വെള്ളം പമ്പു ചെയ്യുമ്പോഴുള്ള പ്രഷര്‍മൂലം വീണ്ടും പൈപ്പ് പൊട്ടാതിരിക്കാന്‍ പമ്പിങ് ഒഴിവാക്കും.
ഓവര്‍ ഹെഡ് ടാങ്കില്‍ നിന്ന് വെള്ളം പൈപ്പുവഴി ഒഴുക്കിയായിരിക്കും വിതരണം പുനഃ സ്ഥാപിക്കുക. വാട്ടര്‍ അഥോറിറ്റി എംഡി അശോക് കുമാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി ഇന്നു വൈകിട്ടോടെ കുടിവെള്ള വിതരണം പുനരാരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
സംഭവത്തില്‍ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാന്‍ മന്ത്രി വി.എസ്. ശിവകുമാറിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു പൈപ്പ് ലൈന്‍ പുനഃസ്ഥാപിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ 50 കോടിയുടെ പ്രൊജക്ട് മുന്നോട്ടു വച്ചിരുന്നു. പ്രൊജക്റ്റ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തിരുമാനമെടുത്തു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി അടുത്തയാഴ്ച മുഖ്യമന്തിയുടെയും ജലവിഭവ വകുപ്പു മന്ത്രിയുടെയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേരും. യോഗത്തിനു ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടൈം ടേബിള്‍ പുറത്തിറക്കും.
നിലവിലുള്ള പൈപ്പ്ലൈന്‍ ഡി കമ്മിഷന്‍ ചെയ്ത് പുതിയ ലൈന്‍ സ്ഥാപിക്കും. നാശനഷ്ടങ്ങളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പിഡബ്ല്യൂഡി എഞ്ചിനയറെയും തഹസില്‍ദാരെയും യോഗം ചുമതലപ്പെടുത്തി.
പൈപ്പ് പൊട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജനപ്രതിനിധികളും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും പരിശോധിച്ച് അടിയന്തരമായി പൈപ്പുകള്‍ മാറ്റാന്‍ യോഗത്തില്‍ തിരുമാനമായി.
Close...
Maximum Character Allowed -
4000