Wednesday, May 23, 2012   5:04 PM IST
Vaartha BlogRSS
Loading
ഇത് ജോളിവുഡ്
Published : Saturday, December 17, 2011
|
  
Text Size
ആദ്യ സീന്‍ കഴിഞ്ഞു. സംവിധായകന്‍ ഓകെ പറഞ്ഞു. വയല്‍ വരമ്പത്തു ചാരി വച്ചിരുന്ന കുട നിവര്‍ത്തിക്കൊണ്ട് നായിക പതുക്കെ നടന്നു. നെറ്റിയില്‍ നിന്നൊഴുകിയ വിയര്‍പ്പ് സല്‍വാറിന്‍റെ തുമ്പുകൊണ്ട് തുടച്ചു. കാറിന്‍റെ സീറ്റില്‍ ചാരിയിരുന്നു. കണ്‍മഷിയും റോസ് പൗഡറും വിയര്‍പ്പില്‍ കുതിര്‍ന്ന മുഖം റിയര്‍വ്യൂ മിററില്‍ കാണാം. ഫസ്റ്റ് എയ്ഡ് ബോക്സിന്‍റെ അരികില്‍ വച്ചിരുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നു കുറച്ചു വെള്ളം കുടിച്ചു. അപ്പോഴേയ്ക്കും പാടത്തു നിന്നു വിളി വന്നു. ഷോട്ട് റെഡി... ഒരു പ്ലാസ്റ്റിക് പെട്ടിയില്‍ നിന്ന് ലിപ്സ്റ്റിക്ക് എടുത്ത് ചുണ്ടില്‍ വരച്ചു. മുഖത്തു പരന്ന മേക്കപ്പ് ശരിയാക്കി. നായിക ക്യാമറയ്ക്കു മുന്നിലേക്കോടി. ആക്ഷന്‍...

ഇതൊരു സിനിമാ ലൊക്കേഷന്‍റെ തത്സമയ കാഴ്ചയാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ...? കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഡോക്യുമെന്‍ററി ഫിലിമുകളുടെ ഷൂട്ടിങ്ങിനുപോലും ഇതിലധികം ഫെസിലിറ്റികളുണ്ടാകും. സ്വയം മേക്കപ്പിടുന്ന നായിക. വീട്ടിലിടുന്ന ഡ്രസ് സിനിമയില്‍ കോസ്റ്റ്യൂമായി അണിയുന്ന താരങ്ങള്‍. വെയിലത്തു കുട ചൂടാന്‍ ആളില്ലാതെ, താരം ചോദിക്കുന്ന ജ്യൂസ് തയാറാക്കാന്‍ ജോലിക്കാരില്ലാതെ ഷൂട്ടിങ് ലൊക്കേഷന്‍...! ഇങ്ങനെയാണു ജാര്‍ഖണ്ഡിലെ സിനിമ. കോടികള്‍ മുടക്കി സിനിമ നിര്‍മിക്കുന്ന ഹോളിവുഡും ശതകോടികള്‍ നിക്ഷേപിച്ച് ഇരട്ടി വരുമാനം നോക്കിയിരിക്കുന്ന ബോളിവുഡും, നിര്‍മാണത്തുക ഒരു കോടിയിലധികം പോകരുതെന്നു നിയന്ത്രണമിടുന്ന കേരളത്തിലെ സിനിമാക്കാരും അറിയണം ജാര്‍ഖണ്ഡിലെ കലാകാരന്മാരുടെ ആത്മാര്‍ഥത. അവിടെ ഫെഡറേഷനുകളില്ല. കലാകാരന്മാരാണ് സിനിമാക്കാരെല്ലാം. സമരം നടത്തി സിനിമ പൂട്ടിക്കുന്നവരും അവരുടെ എതിരു നില്‍ക്കുന്നവരും ഒന്നുപോയി കാണണം ജാര്‍ഖണ്ഡിലെ ഏതെങ്കിലുമൊരു ഷൂട്ടിങ് ലൊക്കേഷന്‍.

ജാര്‍ഖണ്ഡിലെ നായിക വര്‍ഷ ലാക്ര

ഇതാണു ഞങ്ങളുടെ സിനിമാ വ്യവസായം. അടുത്ത സീനില്‍ അണിയാനുള്ള വളകള്‍ പെറുക്കിയെടുത്തുകൊണ്ട് ജാര്‍ഖണ്ഡിലെ പ്രശസ്ത നായിക വര്‍ഷ ലാക്ര പറയുന്നു. ഞാനിട്ടിരിക്കുന്ന ഈ വസ്ത്രം പുതിയ ചിത്രത്തിന്‍റെ കോസ്റ്റ്യൂമാണ്. നാളെ ബന്ധുവിന്‍റെ വിവാഹത്തിനു പോകുമ്പോള്‍ അണിയുന്നതും ഈ ഡ്രസാണ്. കാരണം, ഇത് എന്‍റെ സ്വന്തം വസ്ത്രമാണ്.... സങ്കടത്തോടെയല്ല വര്‍ഷ ഇതു പറയുന്നത്. എന്‍റെ ജീവിതം അഭിനയത്തിനു വേണ്ടിയാണെന്ന് അവിടെയാരും പറയാറില്ല. പ്രവര്‍ത്തിച്ചു കാണിക്കുകയാണ്.

ജാര്‍ഖണ്ഡിലെ സിനിമകളില്‍ കാസിനോകളില്ല. ആഡംബര കാറുകള്‍ ചീറിപ്പായുന്ന കാഴ്ചകളില്ല. ഞെട്ടിപ്പിക്കുന്ന സംഗീതമില്ല. അവരുടെ നാടിന്‍റെ കഥയാണ് സിനിമയ്ക്കു പ്രമേയം. നാട്ടുകാരുടെ ജീവിതമാണ് ചിത്രീകരിക്കുന്നത് ... തമിഴ് സിനിമാ ലോകത്തെ കോളിവുഡ് എന്നും ഹിന്ദി സിനിമകളെ ബോളിവുഡ് എന്നും വിളിക്കാമെങ്കില്‍ ജാര്‍ഖണ്ഡുകാരുടെ സിനിമയെ ജോളിവുഡ് എന്നു വിളിക്കാം. അവിടത്തെ സിനിമാപ്രവര്‍ത്തനം കോടികള്‍ സമ്പാദിക്കാന്‍ വേണ്ടിയല്ല. താഴ്ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ജാര്‍ഖണ്ഡിലുള്ള എല്ലാവരേയും അറിയിക്കണം. പട്ടികവര്‍ഗക്കാരുടെ കഷ്ടപ്പാടുകള്‍ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കണം. ജീവിതത്തിനുനേരെ കണ്ണാടി വയ്ക്കുമ്പോള്‍ പ്രതിഫലം എന്തിന്...? വര്‍ഷ ചോദിക്കുന്നു. ചെറിയ ബജറ്റ്. കുറച്ച് എക്യുപ്മെന്‍റുകള്‍. ആത്മാര്‍ഥമായി അഭിനയിക്കാന്‍ താത്പര്യമുള്ള നടീനടന്മാര്‍. മൊബൈല്‍ ഫോണ്‍ കടക്കാരും സിഡി കച്ചവടക്കാരുമൊക്കെയാണു നിര്‍മാതാക്കള്‍.

കാരവാനില്ല

വിശ്രമം മരത്തണലില്‍

സൈലന്‍സ് പറയാന്‍ മൈക്കില്ല. അഭിനേതാക്കള്‍ക്കു വിശ്രമിക്കാന്‍ സ്പെഷ്യല്‍ കാബിനുകളും കാരവാനുമില്ല. മരത്തണലില്‍ കസേരയിട്ടിരുന്നു സ്ക്രിപ്റ്റ് വായിക്കുന്നു താരങ്ങള്‍. പച്ചവെള്ളം കുടിച്ച് ദാഹം മാറ്റുന്നു. മൊബൈല്‍ ഫോണില്‍ പാട്ടു കേട്ടാണു സോങ് സീന്‍ ഷൂട്ടിങ്. ആരും സിനിമ കാണാനില്ലാത്ത നാട്ടില്‍ എന്തു സിനിമയുമാകാം എന്നു വിമര്‍ശിക്കുന്നതിനു മുമ്പ് ജാര്‍ഖണ്ഡിലെ സിനിമാ വ്യവസായത്തെക്കുറിച്ച് അന്വേഷിക്കുക. സാംസ്കാരിക നായകന്മാരാണ് അവിടത്തെ ഫിലിം സ്റ്റാറുകള്‍. താഴേക്കിടയിലുള്ള ആളുകള്‍ ആരാധിക്കുന്നു, തങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള ദിവസക്കൂലിക്കാരായ സിനിമാ നടന്മാരെയും നടികളേയും.

വര്‍ഷയും ഭര്‍ത്താവ് മോനുരാജും ജാര്‍ഖണ്ഡിലെ അറിയപ്പെടുന്ന താരങ്ങളാണ്. ഗ്രാമങ്ങളില്‍ പോകുമ്പോള്‍ അവരുടെ ചുറ്റും ആളുകൂടും. മൊബൈല്‍ ഫോണില്‍ ഫോട്ടൊയെടുക്കാന്‍ അവര്‍ തിരക്കു കൂട്ടാറില്ല. പകരം, താരങ്ങളെ വീട്ടിലേക്കു ക്ഷണിക്കും. ഒരു നേരം ചോറുണ്ടിട്ടു പോകാന്‍ നിര്‍ബന്ധിക്കും. ചൂഷണം ചെയ്യപ്പെടുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ രാഷ്ട്രീയ ആചാര്യന്മാരെക്കാള്‍ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് സിനിമാ താരങ്ങളെയാണ്. ആഡംബരക്കാറുകളില്‍ ചീറിപ്പായുന്നവരല്ല, സൈക്കിളിലും മോട്ടോര്‍ ബൈക്കിലും ഗ്രാമം ചുറ്റുന്ന സാധാരണക്കാരാണ് അവരുടെ താരങ്ങള്‍.

ഡിജിറ്റല്‍ വിഡിയോ ഷൂട്ടിങ്ങാണ് ഏറെയും. സദ്രി, നാഗ്പുരി, സന്താലി ഭാഷകളിലാണു ഡബ്ബിങ്. നാടന്‍ പാട്ടുകളുടെ ട്യൂണിലാണ് മിക്കവാറും സിനിമാ ഗാനങ്ങള്‍. ഷാരുഖ് ഖാനെപ്പോലെയുള്ള സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകരാണ് വര്‍ഷയും മോനുരാജുമെല്ലാം. ഷാരുഖിനെ കാണാന്‍ മുംബൈയില്‍ പോയത് അവരുടെ താരാരാധനയുടെ, അഭിനയ മോഹത്തിന്‍റെ മറ്റൊരു മുഖം. ഗോള്‍ഡന്‍ നാഗ്പുര്‍ എന്ന സിനിമയില്‍ പതിനഞ്ചാം വയസില്‍ അഭിനയം തുടങ്ങിയതാണു വര്‍ഷ. ഇതുവരെ അഭിനയിച്ചതില്‍ അഞ്ചു സിനിമകള്‍ ഹിറ്റായി. ഇനിയും അഭിനയിക്കണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതു പോലെ ജാര്‍ഖണ്ഡും വികസിക്കണം... സിനിമയിലൂടെ ഞങ്ങള്‍ ചെയ്യുന്നത് ആ വികസനത്തിന്‍റെ ആവശ്യം ഇവിടത്തുകാരെ മനസിലാക്കലാണ്... വര്‍ഷ പറയുന്നു.

Rate This News :
Latest News