ഇനിയും ചുമക്കണോ ചിദംബരഭാരം?
Published : Saturday,
December 17,
2011
കേന്ദ്ര ആഭ്യന്തര മന്ത്രി പഴനിയപ്പന്‍ ചിദംബരം ആരോപണങ്ങളിലും വിവാദത്തിലും പെടുന്നത് ആദ്യമൊന്നുമല്ല. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണ വിധേയനായ ചിദംബരത്തിന്‍റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷം ഈ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അദ്ദേഹത്തെ ബഹിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണു ക്രിമിനല്‍ കേസ് പ്രതിയുടെ എഫ്ഐആര്‍ പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രി കൂട്ടുനിന്നെന്ന് ആരോപിച്ചുള്ള പുതിയ വിവാദം.
ചില്ലറവ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ഈ പാര്‍ലമെന്‍റ് സമ്മേളനത്തിന്‍റെ നല്ലൊരു പങ്ക് പാഴാക്കിക്കളഞ്ഞു. ഒടുവില്‍ ക്യാബിനറ്റിന്‍റെ തീരുമാനം മരവിപ്പിച്ചുകൊണ്ടാണു ശേഷിക്കുന്ന സമയം സഭ ചേരാന്‍ അവസരമുണ്ടാക്കിയത്. സാമ്പത്തിക രംഗത്തടക്കം രാജ്യം അടിയന്തര പ്രതിസന്ധി സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ പാര്‍ലമെന്‍റ് സമ്മേളനം സുഗമമായി നടക്കേണ്ടതിന്‍റെ ആവശ്യകത അന്നു ധനമന്ത്രി പ്രണബ് മുഖര്‍ജി എടുത്തു പറയുന്നുണ്ടായിരുന്നു. പക്ഷേ, പുതിയ വിവാദം അതിനുള്ള സാധ്യതയും അടച്ച മട്ടാണ്. ചിദംബരത്തെ മന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കണമെന്ന ആവശ്യവുമായി സഭാ നടപടികള്‍ ബഹളത്തില്‍ മുക്കുന്നു പ്രതിപക്ഷമിപ്പോള്‍.
ഡല്‍ഹി ആസ്ഥാനമായ സുനെയ്ര്‍ ഹോട്ടല്‍സ് ചെയര്‍മാന്‍ എസ്.പി. ഗുപ്തക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നാണ് ആരോപണം. ചിദംബരം അഭിഭാഷകനായി ജോലിനോക്കിയിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ കക്ഷിയായിരുന്നു ഗുപ്ത. സോണിയ ഗാന്ധി മുഖ്യരക്ഷാധികാരിയായി രാജീവ് ഗാന്ധിയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചെന്നു വ്യാജരേഖയുണ്ടാക്കി, നിരവധി എംപിമാരുടെ വ്യാജ ലെറ്റര്‍പാഡുണ്ടാക്കി തുടങ്ങിയ കേസുകളില്‍ കുടുങ്ങിയ ഗുപ്ത വിഎല്‍എസ് ഫിനാന്‍സില്‍ നിന്നു കോടികള്‍ തട്ടിയെടുത്തു എന്നുമുണ്ട് കേസ്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടെന്ന് ആരോപണം.
പൊലീസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച ശേഷം സര്‍ക്കാരിന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അസാധാരണ രീതിയില്‍ കേസ് പിന്‍വലിക്കാനുള്ള നിര്‍ദേശമുണ്ടായത്. സൂചനകള്‍ ചിദംബരത്തിലേക്കു നീളുകയും വിവാദം കൊഴുക്കുകയും ചെയ്തതോടെ കേസുകള്‍ പുനരന്വേഷിക്കാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ തേജീന്ദര്‍ ഖന്ന നിര്‍ദേശിച്ചിരിക്കുകയാണിപ്പോള്‍. ചിദംബരം ആഭ്യന്തര മന്ത്രിയായ ശേഷം കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുനെയ്ര്‍ ഗ്രൂപ്പ് മന്ത്രാലയത്തിനു നിരവധി കത്തുകള്‍ അയച്ചിരുന്നുവെന്നും വിവാദത്തോടു ചേര്‍ത്തു കാണണം.
തന്‍റെ പഴയ കക്ഷിയെ ആഭ്യന്തര മന്ത്രി വഴിവിട്ട രീതിയില്‍ സഹായിച്ചെന്ന ആരോപണം, സര്‍ക്കാര്‍ എത്രയൊക്കെ ന്യായങ്ങള്‍ നിരത്തി നിഷേധിച്ചാലും, ജനങ്ങള്‍ക്കു മുന്നില്‍ സംശയങ്ങള്‍ ബാക്കിനിര്‍ത്തുന്നു. ആഭ്യന്തര മന്ത്രിയുടെ കസേരയിലിരുന്നു കുറ്റവാളികളെ രക്ഷിക്കാന്‍ അധികാരം ദുരുപയോഗം ചെയ്തു ചിദംബരമെങ്കില്‍ അതു ക്രിമിനല്‍ കുറ്റം. ആരോപണം ശരിയെങ്കില്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല അദ്ദേഹം. ചിദംബരം തെറ്റുകാരനെന്നു വിധിയെഴുതുകയല്ല ഇവിടെ. എല്ലാം തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. പക്ഷേ, സാഹചര്യങ്ങള്‍ സംശയങ്ങളുയര്‍ത്തുമ്പോള്‍ അതിനു വ്യക്തത വരും വരെ അധികാരസ്ഥാനത്തു നിന്നു മാറിനില്‍ക്കുന്നതാണു ജനാധിപത്യത്തിനു കരുത്ത്. രാജ്യഭരണത്തിന്‍റെ സമുന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയാവുമ്പോള്‍ പ്രത്യേകിച്ചും.
ധാര്‍മിക വശം കണക്കിലെടുത്തു സ്വയമേ രാജിക്കത്തു നല്‍കി ഔന്നത്യം പ്രകടിപ്പിച്ചിരുന്ന നേതാക്കളെ കണ്ടിട്ടുണ്ട് മുന്‍പ് നാം. പഞ്ചസാര കുംഭകോണത്തില്‍ പരോക്ഷ പരാമര്‍ശമുണ്ടായപ്പോഴേ രാജിവച്ച എ.കെ. ആന്‍റണിയെപ്പോലുള്ളവര്‍ക്കൊപ്പമാണ് ചിദംബരവുമിരിക്കുന്നതെന്നു മറക്കരുത്. എങ്ങനെയും അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുക എന്നതായിരിക്കുന്നു പുതിയ ശൈലി. അപ്പോള്‍ ചിദംബരത്തിന്‍റെ രാജി പ്രതീക്ഷിക്കുക വയ്യ. പക്ഷേ, ആരോപണ ശരങ്ങള്‍ തുടരെ പാഞ്ഞുവന്നിട്ടും ചിദംബരം തുടരട്ടെ എന്ന് എന്തുകൊണ്ട് ഉറച്ച നിലപാടെടുക്കുന്നു സര്‍ക്കാര്‍?
എത്രയോ വട്ടം ചിദംബരം പ്രതിസന്ധിയിലാക്കിയിട്ടുണ്ട് മന്‍മോഹന്‍ സര്‍ക്കാരിനെ. യാതൊരു പ്രകോപനവുമില്ലാതെ തെലുങ്കാന സംസ്ഥാന രൂപവത്കരണം പ്രഖ്യാപിച്ച് കേന്ദ്രത്തിലെയും ആന്ധ്രയിലെയും സര്‍ക്കാരുകളെ വട്ടംകറക്കി അദ്ദേഹം. അതിന്‍റെ തീച്ചൂളയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല കോണ്‍ഗ്രസ്. ചിദംബരമല്ലാതെ മറ്റാരെങ്കിലും ആയിരുന്നുവെങ്കില്‍ ക്ഷമിച്ച് സംരക്ഷിക്കുമായിരുന്നോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും? മാവോയിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കുന്നതിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളുടെ മാത്രം ചുമലില്‍ എന്ന് ചിദംബരം മുന്‍പ് കൈകഴുകിയത് കേന്ദ്ര സര്‍ക്കാരിനെ നാണം കെടുത്തിയത് ഓര്‍ക്കുക. ഇന്ത്യയുടെ പാക്കിസ്ഥാന്‍ നയത്തില്‍ ചിദംബരവും വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഒരു സമയത്തു വിവാദമുയര്‍ത്തി. ന്യൂഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ കുതിക്കാന്‍ കാരണം അന്യസംസ്ഥാനക്കാര്‍ പെരുകിയതാണെന്ന ചിദംബരത്തിന്‍റെ ആരോപണവും കോണ്‍ഗ്രസിനു തലവേദനയായിരുന്നു.
മുംബൈ ആക്രമണത്തിനു ശേഷവും രാജ്യത്ത് ആവര്‍ത്തിച്ചുണ്ടായ ഭീകരാക്രമണങ്ങള്‍ ആഭ്യന്തര മന്ത്രിയുടെ കാര്യശേഷി ചോദ്യം ചെയ്തു, പലവട്ടം. 2008ലെ മുംബൈ ആക്രമണത്തിന്‍റെ ഭാരം കെട്ടിവച്ച് ശിവരാജ് പാട്ടീലിനെ പുറത്താക്കി അതിനു പകരമാണ് അന്നത്തെ ധനമന്ത്രി ചിദംബരത്തെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ തലപ്പത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷ്ഠിച്ചത്. ധന മന്ത്രാലയത്തില്‍ ചിദംബരത്തിന്‍റെ പ്രവര്‍ത്തനങ്ങളും ആരോപണ മുക്തമായിരുന്നില്ല.
ചിദംബരം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ സ്പെക്ട്രം കൊള്ള നടക്കില്ലായിരുന്നുവെന്ന് പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിനു കത്തു നല്‍കിയതു മാസങ്ങള്‍ മുന്‍പാണു വിവാദമായത്. എല്ലാം ചിദംബരം അറിഞ്ഞ് എന്ന ധ്വനി പ്രണബ് പോലും ഉയര്‍ത്തിയിട്ടും സംരക്ഷിക്കപ്പെട്ടു അദ്ദേഹം. ചിദംബരത്തിനെതിരേ ഒന്നുമില്ല എന്നു ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് പെട്ടപാട് ചില്ലറയല്ല. എന്നിട്ടും അടങ്ങിയിട്ടുമില്ല പ്രതിപക്ഷം. ഡല്‍ഹിയില്‍ അണ്ണാ ഹസാരെയുടെയും ബാബ രാംദേവിന്‍റെയും ഉപവാസസമരങ്ങള്‍ സൃഷ്ടിച്ച അരാജകത്വം നേരിടുന്നതിലും പരിപൂര്‍ണ പാപ്പരത്തമായിരുന്നു ചിദംബരത്തിന്‍റെ പ്രകടനം.
പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രാപ്തി പോരെന്നു പലവട്ടം തെളിയിച്ചിട്ടും, ആരോപണങ്ങള്‍ തുടരെ ഉയര്‍ന്നിട്ടും കസേരയില്‍ ഉറച്ചിരിക്കുന്നു അദ്ദേഹം. ഇത്രയേറെ വിവാദങ്ങളില്‍ പെട്ടിട്ടും ആരാണു സംരക്ഷിക്കുന്നതു ചിദംബരത്തെ? ചിദംബരത്തിന്‍റെ ആഭ്യന്തര മന്ത്രിസ്ഥാനം കൊണ്ട് ആര്‍ക്കാണ് ഇത്രയേറെ ആവശ്യം? മന്ത്രിസഭയിലും കോണ്‍ഗ്രസിന്‍റെ സമുന്നത നേതൃത്വത്തിലും എന്തുകൊണ്ടാണു ചിദംബരം ഇത്ര കരുത്തനായി നില്‍ക്കുന്നത്. ഭരണസാമര്‍ഥ്യം കൊണ്ടല്ല എന്നു പകല്‍പോലെ വ്യക്തം. സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനം തന്നെ പരിതാപകരം. അവിടുത്തെ പാര്‍ട്ടി അണികള്‍ക്കോ നേതൃത്വത്തിനോ പ്രിയപ്പെട്ടവനുമല്ല ചിദംബരം. ആരുടെയൊക്കെയോ അതിരു കടന്ന പ്രീതിയാണ് ഉന്നതപദവിയില്‍ ചിദംബരത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്. ഇനിയും എത്ര കാലം ചുമക്കും കോണ്‍ഗ്രസ് നേതൃത്വം ചിദംബരം എന്ന കെടുകാര്യസ്ഥതാ ഭാരത്തെ?
Close...
Maximum Character Allowed -
4000