അഡ്വ. അണ്ണാച്ചീ, പേച്ച് റൊമ്പ പ്രമാദം..!
Published : Sunday,
December 18,
2011
വി. റെജികുമാര്‍
കേന്ദ്രമന്ത്രി പളനിയപ്പന്‍ ചിദംബരം മുല്ലപ്പെരിയാറിനെപ്പറ്റി ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. പിറവം തെരഞ്ഞെടുപ്പാണ് കേരളത്തില്‍ ഈ പ്രശ്നം ഇത്ര വലിയ വിവാദമാകാന്‍ കാരണമെന്നും തെരഞ്ഞെടുപ്പു കഴിയുന്നതോടെ അതു കെട്ടടങ്ങിക്കൊള്ളുമെന്നാണ് അഡ്വ. അണ്ണാച്ചിയുടെ ഒരു വാദം. സുപ്രീംകോടതി തമിഴ്നാടിന് അനുകൂലമാകുമെന്നാണു മറ്റൊരു പ്രവചനം. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളത്തില്‍ കുളിച്ചും കുളിപ്പിച്ചും ആ തണ്ണീരിലൂടെ മണ്ണിലുണ്ടാകുന്നതൊക്കെ മൃഷ്ടാന്നമുണ്ടും കഴിയുന്ന ഒരു ശിവഗംഗക്കാരന് ഇങ്ങനെയൊക്കെ പറയാം. ശിവഗംഗയിലെ പാര്‍ലമെന്‍റംഗമായ പി. ചിദംബരത്തിനും അങ്ങനെതന്നെ പറയാം, പറയണം. അതിനാണല്ലോ ആ നാട്ടുകാര്‍ ഹാര്‍വാഡ് വിജ്ഞാനിയായ അദ്ദേഹത്തെ ജയിപ്പിച്ചുവിട്ടത്. എന്നാല്‍, ഭരണഘടനയില്‍ തൊട്ടു സത്യപ്രജ്ഞചെയ്ത രാജ്യത്തിന്‍റെ ആകമാന കേന്ദ്രമന്ത്രിയായ ചിദംബരത്തിന് ഇപ്പറയുന്ന രീതിയില്‍ ഒരക്ഷരം മിണ്ടാനധികാരമില്ല. മിണ്ടിയാല്‍ ആ സ്ഥാനത്തു തുടരാനവകാശമില്ല, തുടരാന്‍ പ്രധാനമന്ത്രി അനുവദിക്കാനും പാടില്ല.
എന്നാല്‍ കാള വാലുപൊക്കിയതെന്തിനാണെന്നു ചിന്തിക്കാതെ പറ്റില്ലല്ലോ. ഇത്രനാളും മിണ്ടാതിരുന്ന വിശ്വപൗരന്‍ ചിദംബരം, പെട്ടെന്നൊരു നാള്‍ തങ്കത്തമിഴനും വെറുമൊരു ശിവഗംഗക്കാരനുമായി മാറിയതിന്‍റെ ഗുട്ടന്‍സ് ആലോചിക്കേണ്ടതുതന്നെ. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ തരക്കേടില്ലാത്ത തട്ടുകേടു കിട്ടാന്‍ പാകത്തിലാണ് ഈ കേന്ദ്ര ആഭ്യന്തരമന്ത്രി. ഇപ്പോഴിതാ ക്രിമിനല്‍ കേസില്‍ പ്രതിയായ ഹോട്ടലുടമയെ സഹായിച്ചെന്ന ഗുരുതരമായ ആരോപണവും വന്നിരിക്കുന്നു. രണ്ടും പാര്‍ലമെന്‍റില്‍ വലിയ കോളിളക്കമുണ്ടാക്കുകയാണ്. ചിദംബരത്തിന്‍റെ രാജിയാണു പാര്‍ലമെന്‍റില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രശ്നം. പണിപോകുമെന്ന സാഹചര്യത്തിലാണ് ശക്തനായ ഈ കേന്ദ്രമന്ത്രിയെന്നു ചുരുക്കം. മന്ത്രിസ്ഥാനം പോകുന്നുവെങ്കില്‍ അതു തമിഴനു വേണ്ടി വാദിച്ചതിന്‍റെ പേരിലായിരിക്കണം എന്നു ചിദംബരം ഒരുമുഴം മുന്‍പേ എറിഞ്ഞിരിക്കുന്നു. പഞ്ചാബിയായ മന്‍മോഹന്‍ സിങ്ങും മലയാളിയായ എ.കെ. ആന്‍റണിയുമൊക്കെ നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രിസഭയില്‍ മുല്ലപ്പെരിയാറിനു വേണ്ടി ശബ്ദമുയര്‍ത്തിയതിനു താന്‍ ബലിയാടായി എന്നു വരുത്തിത്തീര്‍ക്കാനുള്ള കുടിലതന്ത്രമാണു വക്കീല്‍ ചിദംബരം മെനഞ്ഞിരിക്കുന്നത്.
ഇടൈ തേര്‍തല്‍ പ്രച്നൈ
തിയറി...
സത്യപ്രതിജ്ഞാലംഘനം പോലുമാകുന്ന വിധത്തില്‍ ഇത്തരമൊരു പ്രസ്താവന, അതും ചിദംബരത്തെപ്പോലൊരു അതിബുദ്ധിമാന്‍ നടത്തുമെന്നു കരുതാനാവുമോ? താന്‍ പറയുന്നതു കേരളത്തില്‍ വലിയ വിവാദത്തിനും രാജിയാവശ്യത്തിനും ഇടയാക്കുമെന്ന് അറിയാതെയുമാവില്ല അദ്ദേഹം തമിഴ്നാട്ടില്‍ വച്ച് തമിഴ്ഭാഷയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം ഈ വിധത്തില്‍ സംസാരിച്ചത്. ഇടൈ തേര്‍തല്‍ പ്രച്നൈ (ഇടക്കാല തെരഞ്ഞെടുപ്പുപ്രശ്നം) എന്നാണ് അദ്ദേഹം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ബലക്ഷയത്തെപ്പറ്റിയുള്ള കേരളത്തിന്‍റെ ആശങ്കയെ വിശേഷിപ്പിച്ചത്. സുപ്രീംകോടതി വിധി തമിഴ്നാടിന് അനുകൂലമാകുമെന്ന് ആര്‍ക്കും പ്രതീക്ഷിക്കാം. തെറ്റില്ല. എന്നാല്‍ അതു തമിഴ്നാടിന് അനുകൂലമാകുമെന്നു പ്രതീക്ഷിക്കാന്‍ ഒരു കേന്ദ്രമന്ത്രിക്ക് അവകാശമില്ല. ഭേദഭാവമോ വിദ്വേഷമോ കൂടാതെയും സകല ഭാരതീയരെയും ഒന്നായിക്കണ്ടുകൊണ്ടും മുഴുവന്‍ ഭാരതീയര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കാനാണ് എംപിമാരില്‍ ചിലരെ മന്ത്രിമാരായി നിയമിക്കുന്നത്. അങ്ങനെയുള്ള ഒരു കേന്ദ്രമന്ത്രി കേവലമൊരു വികാരജീവിയായ തമിഴനാകാന്‍ പാടില്ല, അതനുവദിച്ചുകൂടാ.
എന്തായാലും ഒന്നുണ്ട്- തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവന്‍ രക്തസാക്ഷിയാകാന്‍ ശ്രമിക്കുന്നതുപോലെ, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവന്‍ വീരമൃത്യുവാകാന്‍ ശ്രമിക്കുന്നതുപോലെയാണ് ചിദംബരത്തിന്‍റെ പ്രസ്താവന. മന്ത്രിസ്ഥാനം പോയാല്‍ അതു തന്നെ വീരത്തമിഴനായി മാറ്റണം എന്നദ്ദേഹം പദ്ധതിയിട്ടിരിക്കുന്നു. രാമസ്വാമി നായ്ക്കരേക്കാളും കലൈഞ്ജരേക്കാളും എംജിആറിനേക്കാളും കാമരാജിനേക്കാളും വലിയ തമിഴ് വീരന്‍ താനാകണമെന്ന് ചിദംബരം തീരുമാനിച്ചിരിക്കുന്നു. അതിനു പറ്റിയത് മുല്ലപ്പെരിയാറിലെ വെള്ളത്തിലൂടെയുള്ള വളഞ്ഞ വഴിതന്നെയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. തമിഴനുവേണ്ടി, തമിഴനു കിട്ടേണ്ട വെള്ളത്തിനു വേണ്ടി, തമിഴനവകാശപ്പെട്ട അണക്കെട്ടിനു വേണ്ടി താന്‍ ബലിയാടാകുന്നു എന്ന കൃത്യമായ സന്ദേശം ചിദംബരം തമിഴ് ജനയ്ക്കു മുന്നിലേക്കു വച്ചിരിക്കുന്നു. നോര്‍ത്ത് ബ്ലോക്കില്‍ നിന്നു നാലു കാലില്‍ വീണാല്‍ വീഴുന്നതു മുല്ലപ്പെരിയാറിലെ വെള്ളത്തിലാവണമെന്നു കണക്കുകൂട്ടുന്നു. തമിഴ് വിരുദ്ധരായ മലയാളത്താന്മാരോടും ഡല്‍ഹിയിലെ മലയാളി ആധിപത്യത്തോടും കോണ്‍ഗ്രസിലെ മലയാളി മേല്‍ക്കോയ്മയോടുമൊക്കെ പടവെട്ടിയ തന്നെ എല്ലാവരും ചേര്‍ന്നു ക്രൂശിച്ചു എന്നും ചിദംബരത്തിനു വാദിക്കാം. ഇതൊക്കെത്തന്നെയാണ് പദ്ധതി. സംശയമില്ല.
കരുണാനിധി, ജയലളിത, വൈകോ, സുബ്രഹ്മണ്യന്‍ സ്വാമി... തമിഴ്നാട്ടിലെ ചിദംബരശത്രുക്കളെല്ലാം ഇത്രനാളും ഒറ്റക്കെട്ടായി ഈ മനുഷ്യന്‍റെ രാജിയാവശ്യപ്പെട്ട് ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു. ഇനി ഇവര്‍ക്കാര്‍ക്കെങ്കിലും അക്കാര്യം മിണ്ടാനാവുമോ? മുല്ലപ്പെരിയാറിനു വേണ്ടി വലിയൊരു മന്ത്രിസ്ഥാനം പുല്ലുപോലെ വലിച്ചെറിയാന്‍ തയാറെടുത്ത, ആക്രമണ ശരങ്ങളേല്‍ക്കാന്‍ വിരിമാറു കാട്ടിനില്‍ക്കുന്ന ചിദംബരത്തെ പിന്തുണയ്ക്കാതെ തരമുണ്ടോ തമിഴ്മക്കള്‍ക്കും തലൈവര്‍കള്‍ക്കും! അതാണു തന്ത്രം. എ. രാജയ്ക്കും കനിമൊഴിക്കും ദയാനിധി മാരനും വന്നുപെട്ട ദുര്‍ഗതി തനിക്കുണ്ടാകരുതെന്ന് ചിദംബരം എന്നേ കണക്കുകൂട്ടിയിരുന്നു. അവരെപ്പോലെ അപമാനിതനായി, കല്ലേറുകൊണ്ട് കളമൊഴിയരുതെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അതിനുള്ള വഴിയായി മുല്ലപ്പെരിയാറിനെ കൃത്യമായ സമയത്ത് ഉപയോഗപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
എന്നാല്‍, തിഹാറില്‍ നിന്നു പുറത്തുവരുമ്പോള്‍ ചിദംബരം എന്ന അനാഥനെ ആര് ഏറ്റെടുക്കും? അമ്മ ജയലളിതയോ അതോ, കലൈഞ്ജര്‍ കരുണാനിധിയോ? നേരത്തേ പോയതു മൂപ്പനാരുടെ സുകൃതം. ലീഡര്‍ കെ. കരുണാകരന്‍ കഴിഞ്ഞ ഡിസംബറില്‍ ഇഹലോകവാസം വെടിഞ്ഞതു ചിദംബരത്തിന്‍റെ മഹാഭാഗ്യം. എന്നാലും മുല്ലപ്പെരിയാറിന്‍റെ പേരില്‍ തലവഴി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയാലും ചിദംബരത്തെ തമിഴ് മനസില്‍ ജനകീയനാക്കാന്‍ കഴിയില്ല.
ഹൈക്കമാന്‍ഡിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപ്പെട്ടതുകൊണ്ടോ, ചിദംബരത്തെ പുറത്താക്കണമെന്നു മന്ത്രി പി.ജെ. ജോസഫ് അലറിക്കൂവിയതുകൊണ്ടോ സ്ഥാനത്തിനു നിരക്കാത്ത പ്രസ്താവനയെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പരിതപിച്ചതുകൊണ്ടോ കാര്യമില്ല. ശുദ്ധ അസംബന്ധമാണ് ചിദംബരത്തിന്‍റെ പ്രസ്താവന എന്നാണു മന്ത്രി കെ.എം. മാണിയുടെ പ്രതികരണം. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരിക്കുന്നു. കുറ്റകരമായ ഇടപെടലെന്നാണു സിപിഎം സെക്രട്ടറി പിണറായി വിജയന്‍റെ അഭിപ്രായം. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മറുപടി പറയണമെന്ന കടന്ന പ്രസ്താവനയിലേക്കു കെ.എം. മാണി എത്തിയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഇനിയുമുണ്ട് വലുതും ചെറുതുമായ നൂറുകണക്കിനു ചിദംബരവിരുദ്ധ കേരളീയരുടെ പ്രസ്താവനകള്‍.
ഇരുപത്താറ് നേതാക്കള്‍ക്ക്
പിഎമ്മിന്‍റെ പത്തു മിനിറ്റ്...
ഇതൊക്കെയാണെങ്കിലും ചില സ്വയം വിമര്‍ശനങ്ങള്‍ കൂടി നടത്താതെ വയ്യ, അതു നിക്ഷിപ്ത കേരള രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് എതിരാകുമെങ്കില്‍ക്കൂടി:
ചിദംബരം ഇത്തരമൊരു വിവാദ തമിഴ് അനുകൂല പ്രസ്താവന നടത്തിയതിനു കാരണക്കാര്‍ കേരളത്തിലെ നേതാക്കളും കൂടിയാണ്. അവരാണതിന് അവസരമൊരുക്കിയത്. ഈ പ്രശ്നം ആറേഴു മാസമായി വലിച്ചുനീട്ടിക്കൊണ്ടുപോയി ഈ വിധമാക്കിയതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് അവരിലൊരാള്‍ക്കും ഒഴിയാനാവില്ല.
കേരളത്തില്‍ നിന്നുമുണ്ടല്ലോ എ.കെ. ആന്‍റണി മുതല്‍ ഒട്ടേറെ കേന്ദ്രമന്ത്രിമാര്‍. അവരൊന്നും കേരളത്തിനു വേണ്ടി സംസാരിച്ചു സത്യപ്രതിജ്ഞാലംഘനം നടത്തണമെന്നോ സങ്കുചിത പ്രാദേശിക വാദികളാകണമെന്നോ ആരും ആവശ്യപ്പെട്ടില്ല. എന്നാല്‍ പ്രശ്നപരിഹാരത്തിനുള്ള വഴി തുറക്കാന്‍ അവര്‍ക്കു കാര്യമായി പലതും ചെയ്യാനാവുമായിരുന്നു. പ്രധാനമന്ത്രിയുമായി ഒരുമണിക്കൂര്‍ നേരമെങ്കിലും കേരള നേതാക്കള്‍ക്കു സംസാരിക്കാന്‍ അവസരമൊരുക്കാമായിരുന്നു. ഇരുപത്താറ് സര്‍വകക്ഷി നേതാക്കള്‍ കേരളത്തില്‍ നിന്നു ഡല്‍ഹിയില്‍ ചെന്നപ്പോള്‍ മന്‍മോഹന്‍ സിങ് അനുവദിച്ചതു കേവലം പത്തു മിനിറ്റ്! പത്തു പേരുടെ പേരു ചോദിച്ചു പരിചയപ്പെടാനുള്ള സമയംപോലും കഷ്ടി. കണ്ടുകഴിഞ്ഞു പുറത്തിറങ്ങിയപ്പൊഴോ, ഒന്നിച്ചുപോയവരെല്ലാം തമ്മില്‍ത്തല്ലുന്നു. പട്ടി ചന്തയ്ക്കു പോയതു പോലെ എന്ന പ്രയോഗമേ തല്‍ക്കാലം ഓര്‍മയില്‍ വരുന്നുള്ളൂ.
മുല്ലപ്പെരിയാറില്‍ നിന്ന് വിള്ളലുകളിലൂടെ ചീറ്റിത്തെറിക്കുന്ന വെള്ളത്തില്‍ ഒലിച്ചുപോവുകയാണ് കേരളത്തിന്‍റെ വാദങ്ങളോരോന്നും. ഇതിനെ വിശേഷിപ്പിക്കാന്‍ പിടിപ്പുകേട്, കെടുകാര്യസ്ഥത, അനാസ്ഥ എന്ന വാക്കുകള്‍ക്കൊക്കെ ഒരുപാടു പരിമിതിയുണ്ട്. എന്താണു നമ്മുടെ നിലപാടെന്നു നമ്മുടെ നേതാക്കള്‍ക്കുതന്നെ വലിയ പിടിയില്ല. ഓരോരുത്തര്‍ക്കും ഓരോസമയം ഓരോ നിലപാട്. സര്‍വകക്ഷിയോഗം ചേരുമ്പോഴോ പ്രത്യേക നിയമസഭായോഗം ചേരുമ്പോഴോ തോന്നാത്ത കാര്യങ്ങളൊക്കെ അവിടെനിന്നു പുറത്തിറങ്ങുമ്പോള്‍ പല നേതാക്കള്‍ക്കും തോന്നും.
പുതിയ ഡാം വേണോ എന്നു ചോദിച്ചാല്‍ പുതിയ തടയണ ഡാം വേണമെന്നു ചിലര്‍ തിരുത്തും. ജലനിരപ്പ് 120 അടിയാക്കണമെന്നു പ്രമേയം പാസാക്കും. തൊട്ടുപിന്നാലെ 100 ആയി കുറയ്ക്കണമെന്നു പ്രസംഗിക്കും. നിലവിലുള്ളതു പൊളിക്കണമെന്നു ചിലര്‍. അതുവേണ്ട, വേറൊരു തടയണ താഴെ പണിതുവച്ചാല്‍ മതിയെന്നു മറ്റു ചിലര്‍. ഇടുക്കി താങ്ങിക്കൊള്ളുമെന്നാണു മറ്റു ചിലരുടെ കണ്ടെത്തല്‍. ഇടുക്കിയും പൊട്ടുമെന്നാണു വേറൊരുകൂട്ടരുടെ വാദം. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ 35 ലക്ഷം പേര്‍ ഒലിച്ചുപോകുമെന്നു കണ്ടെത്തിയെന്നു പറയുന്നു. കണ്ടെത്തിയില്ല, കണ്ടെത്താന്‍ വിദ്ഗ്ധരെ നിയോഗിക്കുമെന്നാണു മറ്റു ചില അധികൃതരുടെ പ്രഖ്യാപനം. പുതിയ ഡാം, പുതിയ കരാര്‍ എന്ന മുദ്രാവാക്യം ചിലേടത്തു കേള്‍ക്കുമ്പോള്‍ പുതിയ ഡാം, തമിഴനു പഴയതു പോലെ വെള്ളം എന്നു ചിലര്‍ തിരുത്തും.
ആപത്ഘട്ടത്തില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍, ദുരന്തനിവാരണം നടത്താന്‍ സര്‍വസജ്ജം എന്ന് ഒരു ഉന്നതന്‍ പറയും. ഒന്നും സജ്ജമല്ലെന്നും വൈകാതെ എല്ലാം സജ്ജമാകുമെന്നും വേറെയൊരുന്നതന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കും. മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ നിയോഗിക്കേണ്ട എന്നാണു നമ്മുടെ നിലപാട്. കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് ഹൈക്കോടതിയില്‍ പൊടുന്നനേ ഒരു ഹര്‍ജി നല്‍കി: മിലിട്ടറി എന്‍ജിനീയര്‍മാര്‍ മുല്ലപ്പെരിയാറില്‍ വരണം. ബാഹ്യ ഇടപെടല്‍ വേണ്ട എന്ന നമ്മുടെ വാദത്തിനു തന്നെ പ്രതിപക്ഷനേതാവ് പാരപണിതു എന്ന് ചുരുക്കം!
ലാസ്റ്റ് ലീക്ക്...
എന്തായാലും ഒന്നുറപ്പാണ്: നമുക്കുള്ളത്ര കണ്‍ഫ്യൂഷന്‍ അപ്പുറത്തു കണ്ണകിയുടെ നാട്ടിലില്ല. അവര്‍ക്ക് മിനിമം വാദങ്ങളേയുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരില്ല, പുതിയ ഡാം പറ്റില്ല, ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം, ഡാമിന്‍റെ നിയന്ത്രണം വിട്ടുതരില്ല, സുപ്രീം കോടതിവിധി അംഗീകരിക്കണം, ചര്‍ച്ചയ്ക്കു തയാറല്ല.
നമുക്കോ, എത്രയെത്ര ആവശ്യങ്ങള്‍. ഡാം പൊട്ടുമെന്നും 35 ലക്ഷം ജനങ്ങള്‍ ഒലിച്ചുപോകുമെന്നുമുള്ള ആവലാതികള്‍ തമിഴ്നാട്ടിലെ പിസിസി പ്രസിഡന്‍റിനെയും സിപിഎം സെക്രട്ടറിയെയും ബിജെപി പ്രസിഡന്‍റിനെയും ബോധ്യപ്പെടുത്താന്‍ ഇവിടുത്തെ പിസിസി പ്രസിഡന്‍റിനും സിപിഎം സെക്രട്ടറിക്കും ബിജെപി പ്രസിഡന്‍റിനും കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് ഇക്കാര്യങ്ങള്‍ ജയലളിതയും കരുണാനിധിയും വൈക്കോയും സുപ്രീം കോടതിയുമൊക്കെ ബോധ്യപ്പെട്ടു കൊള്ളണം എന്ന് അവര്‍ വാശിപിടിക്കുന്നത്!
Close...
Maximum Character Allowed -
4000