Wednesday, May 23, 2012   5:07 PM IST
Vaartha BlogRSS
Loading
കാണാന്‍ വിലാസിനി ടീച്ചറെത്തി
Published : Monday, December 19, 2011
|
  
Text Size
തൃശൂര്‍

പിണക്കങ്ങള്‍ക്കും പരിദേവനങ്ങള്‍ക്കും വിരാമമിട്ട് വിലാസിനി ടീച്ചര്‍ അഴീക്കോട് മാഷെ കാണാനെത്തി. ചെമ്പനീര്‍പ്പൂക്കളുമായി രാവിലെ 6.45 ഓടെയാണ് ആശുപത്രിയിലെത്തിയത്. തിരക്കുകളും ബഹളങ്ങളുമില്ലാതെ മാഷെ കാണുന്നതിനായാണ് അതിരാവിലെ എത്തിയതെന്നു ടീച്ചര്‍. കഴിഞ്ഞ ദിവസം തന്നെ കൊല്ലത്തെ വീട്ടില്‍ നിന്നും ടീച്ചര്‍ തൃശൂരിലെത്തിയിരുന്നു.

മുറിയില്‍ കടന്നപ്പോള്‍, വിലാസിനിയല്ലേ എന്ന് അഴീക്കോടിന്‍റെ ചോദ്യം. അതെയെന്നു മറുപടി. അടച്ചിട്ട മുറിയില്‍ 20 മിനിറ്റ് നീണ്ട സംഭാഷണം. വിഷമമില്ല, തന്‍റെ തലവിധിയാണിത്, കൂടെ വന്നാല്‍ പൊന്നു പോലെ നോക്കാമെന്നും വിലാസിനി ടീച്ചര്‍. ഇതു കേള്‍ക്കാനായതു മഹാഭാഗ്യമെന്ന് അഴീക്കോടിന്‍റെ പ്രതികരണം.

തിരുവനന്തപുരത്ത് ബിഎഡ് വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് അഴീക്കോടുമായുള്ള പ്രണയത്തിനു തുടക്കം. പെണ്ണുകാണാന്‍ വന്ന ശേഷം അമ്മയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അഴീക്കോട് വിവാഹത്തില്‍ നിന്നു പിന്മാറിയെന്നാണ് വിലാസിനി ടീച്ചര്‍ ആരോപിച്ചിരുന്നത്. ടീച്ചറും അഴീക്കോടിനെപ്പോലെ വിവാഹജീവിതം ഉപേക്ഷിച്ചയാളാണ്. അഴീക്കോട് പ്രണയലേഖനങ്ങള്‍ അയച്ചിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും ടീച്ചര്‍ പരസ്യമായി പറഞ്ഞതു വിവാദത്തിനിടയാക്കിയിരുന്നു. അഴീക്കോട് അയച്ച 56 പ്രണയലേഖനങ്ങളില്‍ ഒന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു.

അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ഇരുവരും പരസ്പരം കേസ് കൊടുക്കുകയും ചെയ്തു. മരിക്കുന്നതിനു മുന്‍പ് അദ്ദേഹം തന്നെ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും എഴുപതു വയസായ തനിക്ക് അഴീക്കോടിനൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കണമെന്നു മോഹമുണ്ടെന്നുമാണ് ടീച്ചര്‍ അന്നു പറഞ്ഞത്.

ആശുപത്രിയില്‍ കാണാന്‍ വന്നാല്‍ അഴീക്കോട് മാഷ് തന്നെ ശകാരിച്ച് ആട്ടിപ്പുറത്താക്കുമോയെന്നായിരുന്നു വിലാസിനി ടീച്ചറുടെ ശങ്ക. എന്നാല്‍, വരുന്നതില്‍ ഒരു വിരോധവുമില്ലെന്നായിരുന്നു മാഷുടെ മറുപടി.

അഴീക്കോടിന്‍റെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങാന്‍ ഒ.എന്‍.വി. കുറുപ്പും ഇന്നലെ അമല ആശുപത്രിയിലെത്തി. സുകുമാര്‍ അഴീക്കോട് ചെയര്‍മാനായ വാഗ്ഭടാനന്ദ ട്രസ്റ്റിന്‍റെ ആറാമത് അവാര്‍ഡാണ് മാഷ് ഒഎന്‍വിക്കു സമ്മാനിച്ചത്. ആറു പതിറ്റാണ്ട് നീണ്ട സ്നേഹബന്ധത്തിന്‍റെ ഓര്‍മയില്‍ ഒന്‍വിയും മാഷും വാചാലരായപ്പോള്‍ എം. മുകുന്ദന്‍ അടക്കമുള്ളവര്‍ സാക്ഷികളായി.

സുഹൃത്തിന്‍റെ കൈയില്‍ നിന്നുതന്നെ പുരസ്കാരം സ്വീകരിച്ചത് അനുഗ്രഹമായി കരുതുന്നുവെന്ന് ഒഎന്‍വി. അഴീക്കോട് ഒഎന്‍വിയെ കണ്ടുമുട്ടിയ കാര്യങ്ങളും ഓര്‍മിച്ചെടുത്തു. ഒഎന്‍വിയുടെയും അഴീക്കോട് മാഷിന്‍റെയുമൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ വികാരഭരിതമാണെന്ന് മുകുന്ദന്‍ പറഞ്ഞു.

രാവിലെ വിലാസിനി ടീച്ചര്‍ വന്നതിനു ശേഷം ഞെരളത്ത് ഹരിഗോവിന്ദന്‍ “പ്രിയേ ചാരുശീലേ’ ആലപിച്ചപ്പോള്‍, ഇന്നു പാടിയത് നന്നായെന്നാണു മാഷ് പറഞ്ഞത്. ഞെരളത്ത് രാമപ്പൊതുവാളിന്‍റെ സ്മാരകത്തിനായി സര്‍ക്കാര്‍ ശ്രമിക്കാതിരുന്ന സമയത്ത് ഇടയ്ക്ക ലേലം ചെയ്യുകയാണെന്ന ഹരിഗോവിന്ദന്‍റെ പ്രസ്താവനയ്ക്കെതിരേ മാഷ് രംഗത്തു വന്നിരുന്നു. ഇടയ്ക്ക ലേലം ചെയ്തില്ലെന്നും ഞെരളത്തിന്‍റെ പേരിലുള്ള വാദ്യകലാശ്രമത്തിലെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചുവെന്നും ഹരിഗോവിന്ദന്‍ മാഷെ അറിയിച്ചു. കലാമണ്ഡലം ക്ഷേമാവതി, വി.ആര്‍. സുധീഷ് എന്നിവരും മാഷെ സന്ദര്‍ശിക്കാന്‍ ഇന്നലെ ആശുപത്രി യിലെത്തി.
Rate This News :
Latest News