ഭരണ-പ്രതിപക്ഷ പോരു മുറുകുന്നു
Published : Saturday,
December 24,
2011
തൃശൂര്‍
ജില്ലാ പഞ്ചായത്തില്‍ ഭരണ- പ്രതിപക്ഷ പോരു മുറുകുന്നു. ഡിവിഷന്‍ സഭ വിളിച്ചു കൂട്ടുന്നതിന് 50,000 രൂപ അനുവദിക്കുന്നതു നിരസിച്ചു എന്ന തരത്തില്‍ പ്രതിപക്ഷത്തിന്‍റെ ഒത്താശയോടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണു യുഡിഎഫ് ഭരണ നേതൃത്വത്തിന്‍റെ പരാതികളിലൊന്ന്.
കരാറുകാര്‍ക്കു തദ്ദേശ സ്ഥാപനങ്ങള്‍ വഴി ടാര്‍ വാങ്ങുന്നതു സംബന്ധിച്ച ജില്ലാ പഞ്ചായത്ത് തീരുമാനം സര്‍ക്കാര്‍ തള്ളിക്കളഞ്ഞുവെന്നും പ്രതിപക്ഷം വ്യാജപ്രചരണം നടത്തുന്നുവെന്നാണു മറ്റൊരു പരാതി.
എന്നാല്‍ രണ്ടു സംഭവങ്ങളും സത്യമാണെന്ന ഉറച്ച നിലപാടിലാണു ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.കെ. ഡേവിസ്. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ഡിവിഷന്‍ സഭകള്‍ വിളിച്ചു ചേര്‍ക്കുന്നതിന് 50,000 രൂപ ചെലവഴിക്കുന്നതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി ജെ. സ്റ്റാന്‍ലി ഇറക്കിയ ഉത്തരവിന്‍റെ പകര്‍പ്പുമായാണു യുഡിഎഫിലെ അനില്‍ അക്കരയും സംഘവും രംഗത്തെത്തിയിരിക്കുന്നത്.
ഈ രേഖയുടെ അടിസ്ഥാനത്തില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരേ കേരള പഞ്ചായത്തീരാജ് ആക്റ്റ് അനുസരിച്ചും ഐപിസി ആക്റ്റ് അനുസരിച്ചും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയതോടെയാണു പോരു മുറുകിയത്.
ഈ ഉത്തരവ് അവിശുദ്ധ സ്വാധീനത്താല്‍ സംഘടിപ്പിച്ചതാണെന്ന വാദവുമായാണു പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിട്ടുള്ളത്. കരാറുകാര്‍ക്കു വേണ്ടി തദ്ദേശ സ്ഥാപനങ്ങള്‍ വഴി ടാര്‍ വാങ്ങി നല്‍കുന്നതിന് അനുമതിക്കായും ജില്ലാ പഞ്ചായത്ത് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. 2011 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുകയും റോഡ് നിര്‍മാണം കഴിഞ്ഞതിനാലുമാണ് പ്രായോഗികമല്ലെന്ന് അണ്ടര്‍ സെക്രട്ടറി അറിയിച്ചതെന്നാണു യുഡിഎഫിന്‍റെ വാദം.
എന്നാല്‍ യുഡിഎഫ് നേതാക്കള്‍ തന്നെ ഹാജരാക്കിയ അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവിന്‍റെ പകര്‍പ്പില്‍ “ റോഡ് നിര്‍മാണത്തിനാവശ്യമായ ബിറ്റുമെന്‍ ഈ സാമ്പത്തിക വര്‍ഷം വാങ്ങി നല്‍കുന്നതു പ്രായോഗികമല്ലെന്നും അടുത്ത വര്‍ഷം നടപ്പാക്കേണ്ടതുണ്ടോ എന്ന കാര്യം പരിശോധിക്കും’ എന്നുമാണു വ്യക്തമാക്കിയിട്ടുള്ളത്. ഈ ഉത്തരവില്‍ പറഞ്ഞതനുസരിച്ചു വിലയിരുത്തിയാല്‍ ജില്ലാ പഞ്ചായത്തിന്‍റെ ആവശ്യം നിരസിച്ചു എന്നു തന്നെ വ്യക്തമാണ്.
ഇതോടെ യുഡിഎഫിന്‍റെ ആരോപണം പൊളിഞ്ഞുവെന്നാണു പ്രതിപക്ഷം വിലയിരുത്തുന്നത്. ഡിവിഷന്‍ സഭകള്‍ നടത്തുന്നതിനും ചെലവിലേക്കായി 50,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടും ജില്ലാ പഞ്ചായത്തുകളുടെ റോഡ് നിര്‍മാണത്തിനു ടാറുവാങ്ങി എല്‍എസ്ജിഡി ഡിപ്പാര്‍ട്ട്മെന്‍റിനു നല്‍കുന്നതിനെക്കുറിച്ചും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കത്തയച്ചിരുന്നു. വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ സമിതി ഈ വക കാര്യങ്ങള്‍ പരിശോധിക്കുകയും തീരുമാനങ്ങളെടുത്തു ബന്ധപ്പെട്ട പഞ്ചായത്തുകളെ അറിയിക്കുകയാണു പതിവ്. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങളായ പി.കെ. ഡേവിസ് മാസ്റ്റര്‍, ഷീലാ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ സമിതിയുടേതെന്ന വ്യാജ യോഗ തീരുമാനം അച്ചടിച്ചു വിതരണം ചെയ്യുകയും മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത നല്‍കുകയുമായിരുന്നെന്നും യുഡിഎഫ് പരാതിയില്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ഡിവിഷന്‍ സഭ അപ്രായോഗികമാണെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു, ഡിവിഷന്‍ സഭകള്‍ സംഘടിപ്പിക്കുന്നതിന് 50,000 രൂപ ചെലവു ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്മിറ്റി അറിയിച്ചു. ടാര്‍ വാങ്ങുന്നത്, കരാറുകാര്‍ക്ക് ടാര്‍ വാങ്ങി നല്‍കാന്‍ കഴിയില്ലെന്നു കമ്മിറ്റി അറിയിച്ചു എന്നിങ്ങനെയാണ് നവംബര്‍ മൂന്നിനു ചേര്‍ന്ന യോഗത്തിന്‍റെ തീരുമാനമെന്ന വ്യാജേനെ ഉത്തരവുകള്‍ അച്ചടിച്ചു വിതരണം ചെയ്തതെന്നു പരാതിയില്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് എടുത്ത മാതൃകാപരമായ വിഷയങ്ങളെ അട്ടിമറിക്കുന്നതിനും പൊതുസമൂഹത്തിന്‍റെ മുന്നില്‍ ജില്ലാ പഞ്ചായത്തിനെ അഴിമതിക്കാരും അപഹാസ്യരാക്കുന്നതിനു വേണ്ടിയുമാണു പ്രതിപക്ഷാംഗങ്ങളുടെ ശ്രമമെന്നും ഭരണപക്ഷം ആരോപിക്കുന്നു.
വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ സമിതിയില്‍ വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചെയര്‍മാനും മന്ത്രിമാരായ കെ.സി. ജോസഫ്, എം.കെ. മുനീര്‍ എന്നിവര്‍ ഉപാധ്യക്ഷന്‍മാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അംഗങ്ങളുമാണ്.
ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിനെതിരേ പ്രവര്‍ത്തിച്ചുവെന്ന പ്രചാരണവുമായാണ് എല്‍ഡിഎഫ് രംഗത്തെത്തിയത്.
Close...
Maximum Character Allowed -
4000