നാനോയ്ക്ക് വീണ്ടും പ്രശ്നം
Published : Tuesday,
December 27,
2011
ന്യൂഡല്‍ഹി
ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ നാനോ ടാറ്റ മോട്ടോഴ്സ് തിരിച്ചുവിളിക്കുന്നു. സ്റ്റാര്‍ട്ടര്‍ മോട്ടോറിലെ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു 1.40 ലക്ഷം കാറുകളാണു തിരിച്ചുവിളിക്കുന്നത്. ഉപയോക്താക്കളില്‍ നിന്നു തുക ഈടാക്കാതെ കമ്പനി തകരാറിലായ സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ മാറ്റിനല്‍കും. എന്നാല്‍ തിരിച്ചുവിളിക്കുന്നുവെന്ന വാര്‍ത്ത കമ്പനി നിഷേധിച്ചു.
പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്താന്‍ വേണ്ടി പഴയ സ്റ്റാര്‍ട്ടര്‍ മോട്ടറിനു പകരം അതിലും മികച്ചതു ഘടിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നു കമ്പനി പറയുന്നു. ഇതിനു പ്രതീക്ഷിക്കുന്ന ചെലവ് 110 കോടി. ഇതു റീ കോളല്ലെന്നും ഇതുവരെ ഉപയോക്താക്കളില്‍ നിന്നു പരാതികള്‍ ലഭിച്ചിട്ടില്ലെന്നും കമ്പനി വക്താവ് പറഞ്ഞു. മോട്ടോര്‍ മാറ്റി നല്‍കുന്നതു ഒക്റ്റോബറില്‍ തുടങ്ങിയെന്നും ഇതിനകം 50,000 നാനോകള്‍ക്കു പുതിയ മോട്ടോര്‍ ഘടിപ്പിച്ചുവെന്നും കമ്പനി.
എന്നാല്‍ എത്ര കാറുകള്‍ക്കാണ് ഇതു ബാധകമാകുക എന്ന ചോദ്യത്തിനു മറുപടിയായി ഇതുവരെ വിറ്റഴിച്ച നാനോകള്‍ക്കെല്ലാം എന്നാണു കമ്പനി വക്താവ് മറുപടി നല്‍കിയത്. അടുത്ത വര്‍ഷം നവംബറിലാണു നാനോയുടെ പരിഷ്കരിച്ച മോഡല്‍ പുറത്തിറങ്ങുന്നത്. സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചേഴ്സിന്‍റെ കണക്കു പ്രകാരം നവംബര്‍ വരെ 1,40,428 നാനോകളാണു വിറ്റത്.ഈ വര്‍ഷം നവംബറില്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള, കരുത്തേറിയ എന്‍ജിനുമായി നാനോയുടെ പുതിയ മോഡല്‍ പുറത്തിറങ്ങിയിരുന്നു.
ഇതാദ്യമല്ല നാനോ ഗ്യാരെജിലെത്തിക്കുന്നത്. 2010 നവംബറില്‍ അധിക സുരക്ഷാ സൗകര്യം ഏര്‍പ്പെടുത്താനായി 70,000 കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. 2009ല്‍ ഫ്യുവല്‍ പമ്പിലെ തകരാറിനെത്തുടര്‍ന്നു മാരുതി സുസുക്കി എ സ്റ്റാര്‍ മോഡലുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.
പവര്‍ വിന്‍ഡോ സ്വിച്ചുകളിലെ തകരാര്‍ കാരണം ഈ വര്‍ഷം സെപ്റ്റംബറില്‍ ഹോണ്ട 72,115 കാറുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇന്ധന ടാങ്കിലെ ഇന്‍ലെറ്റ് പൈപ്പിലെ തകരാര്‍ കാരണം ടൊയോട്ട 41,000 ഇറ്റിയോസ്, ലിവ കാറുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000