PSC സേവനം കാര്യക്ഷമമാകണം
Published : Wednesday,
December 28,
2011
കോടതി, സര്‍വകലാശാല, ഓംബുഡ്സ്മാന്‍ തുടങ്ങിയവയെപ്പോലെ സ്വയംഭരണാവകാശമുളള ഭരണഘടനാ സ്ഥാപനമാണു പബ്ലിക് സര്‍വീസ് കമ്മിഷന്‍. എന്നാല്‍, പബ്ലിക് സര്‍വീസിനു കമ്മിഷന്‍ പറ്റുന്ന സ്ഥാപനമെന്ന ചീത്തപ്പേര് എത്രയോ തവണ കേള്‍പ്പിച്ചിരിക്കുന്നു, നമ്മുടെ പിഎസ്സി. സര്‍ക്കാര്‍ സര്‍വീസിലേക്കു നിഷ്പക്ഷവും നീതിപൂര്‍വവുമായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് യോഗ്യരായവരെ തെരഞ്ഞെടുക്കുക എന്നതാണ് ഈ സ്ഥാപനത്തിന്‍റെ പരമപ്രധാനമായ ഉത്തരവാദിത്വം. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ പാടില്ല. പിഎസ്സിക്കു മേല്‍ സര്‍ക്കാര്‍ അടക്കം പുറത്തു നിന്നുള്ള ഇടപെടലുകളൊന്നും പാടില്ലെന്നും വ്യവസ്ഥയുണ്ട്. പക്ഷേ, പലര്‍ക്കും രാഷ്ട്രീയം കളിക്കുന്നതിനുള്ള വേദിയായി പിഎസ്സി മാറുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണു റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന സര്‍ക്കാര്‍ അഭ്യര്‍ഥനയും അതിന്മേല്‍ ചെയര്‍മാന്‍റെ വിയോജനക്കുറിപ്പോടെയുള്ള അവഗണനയും.
ഈ മാസം 31നു കാലാവധി തീരുന്ന ലിസ്റ്റുകള്‍ ഏപ്രില്‍ 30 വരെ നീട്ടിക്കൊടുക്കണമെന്നാണു മന്ത്രിസഭ പബ്ലിക് സര്‍വീസ് കമ്മിഷനോട് അഭ്യര്‍ഥിച്ചത്. ഇതിനകം പല തവണ കാലാവധി നീട്ടിക്കൊടുത്ത ലിസ്റ്റിന്‍റെ സമയപരിധി ഇനിയും കൂട്ടുന്നതു നിയമവിരുദ്ധമാണെന്നാണു പിഎസ്സി വിലയിരുത്തല്‍. വേണമെങ്കില്‍ ക്യാബിനറ്റിന് ഇനിയും കാലാവധി നീട്ടിക്കൊടുക്കാന്‍ അഭ്യര്‍ഥിക്കാം. പിഎസ്സിക്ക് അനുസരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. രണ്ടു തീരുമാനങ്ങള്‍ക്കു പിന്നിലും രാഷ്ട്രീയം തന്നെയാണെന്ന കാര്യം അതിനെക്കാള്‍ വ്യക്തം. പിഎസ്സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ യുഡിഎഫ് നോമിനിയാണ്. അദ്ദേഹമൊഴികെ നിലവിലുള്ള പതിനേഴ് അംഗങ്ങളും ഇടതു സര്‍ക്കാരിന്‍റെ നോമിനികളും. കാലാവധി നീട്ടിക്കൊടുക്കണമെന്നു മുന്‍ സര്‍ക്കാര്‍ രണ്ടു തവണ ശുപാര്‍ശ ചെയ്തിരുന്നു. അവര്‍ക്കു ഭൂരിപക്ഷമുള്ള പിഎസ്സി അന്നത്തെ നിര്‍ദേശങ്ങള്‍ക്കു വഴങ്ങി. ഒഴിവു വരുന്ന മുറയ്ക്ക് പിഎസ്സിയില്‍ പുതിയ സര്‍ക്കാരും തങ്ങളുടെ നോമിനികളെ നിയമിക്കും. അവര്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു എന്നും വരാം. അതിനു മുന്‍പ് ഈ മാസം കാലാവധി തീരുന്ന ലിസ്റ്റുകള്‍ അപ്രസക്തമായെന്നും വരാം. ഒരു വ്യവസ്ഥയില്ലാതെ രാഷ്ട്രീയമായി തീരുമാനമെടുക്കുന്നതു കൊണ്ടുള്ള ദുര്യോഗങ്ങളാണ് ഇതെല്ലാം.
എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ, വളരെ കുറഞ്ഞൊരു കാലത്തേക്കു നിയമനനിരോധനം നിലനിന്നിരുന്നു. സര്‍ക്കാരിന്‍റെ കടുത്ത സാമ്പത്തിക പ്രതിസന്ധി ആയിരുന്നു കാരണം. എന്നാല്‍, സര്‍ക്കാര്‍ തലത്തിലുള്ള ഒഴിവുകള്‍ വളരെ അടിയന്തരമായി പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ പിന്നീടു തീരുമാനമുണ്ടായി. വകുപ്പുതല മേധാവികള്‍ക്കാണ് അതിന്‍റെ ചുമതല. അവര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താലും അതിന്മേല്‍ പിഎസ്സി നടപടി സ്വീകരിക്കുമ്പോഴേക്കും പിന്നെയും വൈകും. ഏതെങ്കിലും ഒഴിവില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷ സ്വീകരിച്ച് എഴുത്തു പരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുമ്പോഴേക്കും രണ്ടും മൂന്നും വര്‍ഷങ്ങള്‍ പിന്നിടും. അങ്ങനെ തയാറാക്കുന്ന ലിസ്റ്റില്‍ കടന്നു കൂടുന്ന പലര്‍ക്കും പിന്നീട് ഒരവസരം ലഭിക്കാത്ത സാഹചര്യമുണ്ട്. ഉയര്‍ന്ന പ്രായപരിധിയിയും പരീക്ഷയിലെ കടുത്ത മത്സരവുമാണു പ്രശ്നം. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഒഴിവുകള്‍ യഥാസമയം നികത്തുന്നതിനു നടപടി കൈക്കൊള്ളുകയാണ് ഉചിതം. പക്ഷേ, പിഎസ്സി എന്ന ഭരണഘടനാ സ്ഥാപനം ഈ ചുമതല ഫലപ്രദമായി നിര്‍വഹിക്കുന്നില്ല എന്നു പറയേണ്ടിയിരിക്കുന്നു.
വിവിധ പാര്‍ട്ടികളിലെ ബുദ്ധിജീവികളെ കുടിയിരുത്താനുള്ള രാഷ്ട്രീയ ലാവണമായി പിഎസ്സി മാറരുത്. എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ താത്പര്യം സംരക്ഷിക്കപ്പെടാനുള്ളതല്ല പിഎസ്സി. വ്യവസ്ഥകള്‍ക്ക് അനുസൃതമായി പിഎസ്സിക്കു മേല്‍ സര്‍ക്കാരിനു ചില നിയന്ത്രണങ്ങളുണ്ട്. റാങ്ക് ലിസ്റ്റ് കാലാവധി പരിഷ്കരിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഈ സ്വാതന്ത്ര്യത്തില്‍പ്പെടുന്നതാണ്. ഈ സ്വാതന്ത്ര്യം സര്‍ക്കാരിനോ അതിന്‍റെ രാഷ്ട്രീയ സഖ്യങ്ങള്‍ക്കോ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള മറയല്ലെന്നു ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും തിരിച്ചറിയണം.
ഒഴിവുകളുടെ എണ്ണവും നിയമനത്തിനുള്ള അവസാന സമയപരിധിയും മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തണം. ഈ പ്രക്രിയകള്‍ അപ്പപ്പോള്‍ത്തന്നെ പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്ന തരത്തില്‍ എല്ലാ നടപടിക്രമങ്ങളും സുതാര്യമാക്കണം. രാഷ്ട്രീയ, രാഷ്ട്രീയേതര ഇടപെടലുകള്‍ പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കും. അങ്ങനെ സംഭവിക്കുന്നത് ഈ ഭരണഘടനാ സ്ഥാപനത്തിന്‍റെ പ്രസക്തി തന്നെ ചോദ്യം ചെയ്യാന്‍ ഇടവരുത്തും. ആരുടെയെങ്കിലും അനാസ്ഥ കൊണ്ടോ കക്ഷി രാഷ്ട്രീയ താത്പര്യം കൊണ്ടോ അര്‍ഹരായ ഏതെങ്കിലും ഉദ്യോഗാര്‍ഥിക്ക് അവസരം നഷ്ടപ്പെടുകയോ പ്രായപരിധി പിന്നിട്ടുപോവുകയോ ചെയ്താല്‍ അതു നിസാര വീഴ്ചയല്ല; ക്രിമിനല്‍ കുറ്റമായി വേണം കണക്കാക്കപ്പെടാന്‍.
Close...
Maximum Character Allowed -
4000