അമ്മമ്മമ്മ,അമ്മ പിന്നെ അമ്മുവും
Published : Thursday,
December 29,
2011
ശാരിക ശങ്കര്‍
വെള്ളക്കടലാസില്‍ നിറയെ നിറങ്ങള്‍. പലതും ചില രൂപങ്ങളായി മാറുന്നു. അവയെന്താണെന്ന് ഉറക്കെ പറയുന്നുമുണ്ട് ചിത്രകാരി. ഇതിനിടെ പല സ്ഥലങ്ങളില്‍ നിന്നായി ചില നിര്‍ദേശങ്ങളും വരുന്നുണ്ട്. അതൊന്നും അവള്‍ കാര്യമാക്കുന്നതേയില്ല. വരച്ചു കഴിഞ്ഞ കടലാസുമായി മുത്തശിയുടെ അടുത്തേക്ക്. ഇതു കണ്ടോ ഞാന്‍ വരച്ചത്... പേരക്കുട്ടിയുടെ മകള്‍ വരച്ച ചിത്രം നോക്കിയിരുന്നപ്പോള്‍ ഗൗരിയമ്മയുടെ കണ്ണുകളില്‍ സന്തോഷം മാത്രമായിരുന്നില്ല, അഭിമാനം കൂടിയായിരുന്നു. കുട്ടിക്കാലം മുതല്‍ താന്‍ ഇഷ്ടപ്പെട്ട വര്‍ണങ്ങളുടെ ലോകത്തേക്ക് നാലാം തലമുറയില്‍ നിന്ന് രണ്ടു വയസുകാരി ജാന്‍വിയും എത്തിച്ചേര്‍ന്നതിന്‍റെ അഭിമാനം. എറണാകുളത്ത് മകളുടെ ഫ്ളാറ്റിലിരുന്നു പേരക്കുട്ടിയുടെ മകളുടെ ചിത്രങ്ങളിലേക്കു നോക്കിയപ്പോള്‍ തൊണ്ണൂറുകാരി മുത്തശിക്ക് ഓര്‍മകളുടെ ക്യാന്‍വാസില്‍ തെളിഞ്ഞത് ഒരുപാട് ചിത്രങ്ങള്‍...
കോഴിക്കോട് രാമനാട്ടുകര വെണ്ണായൂരില്‍ ജനിച്ച ഗൗരിക്ക് ചെറുപ്പത്തില്‍ത്തന്നെ നിറങ്ങളായിരുന്നു കൂട്ട്. കളിമണ്ണില്‍ രൂപങ്ങള്‍ മെനഞ്ഞെടുക്കാനും ഇലകളില്‍ നിന്നും മറ്റുമുള്ള നിറങ്ങള്‍ അവയില്‍ ചാലിച്ചു മനോഹരമാക്കാനും ഗൗരിക്ക് എന്നും ഇഷ്ടമായിരുന്നു. പത്താം ക്ലാസ് വരെ കോണ്‍വെന്‍റ് സ്കൂളിലെ പഠനം. ഇംഗ്ലിഷ് ഭാഷയില്‍ നല്ല പരിജ്ഞാനം. ഒപ്പം കരകൗശലപ്പണികളും തുന്നലും പഠിച്ചു. വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിന്‍റെ തിരക്കിലേക്കു കടന്നെങ്കിലും വീടിന്‍റെ ചുമരുകളും വസ്ത്രങ്ങളുമൊക്കെ ഗൗരിക്കു ക്യാന്‍വാസായി. അടയ്ക്കയും റോസാപ്പൂവും പായലും കടലാസും വരെ ഗൗരിയുടെ മനസില്‍ നിന്നു രൂപങ്ങളായി വിരിഞ്ഞു. ഇന്നും ഈ ഇഷ്ടങ്ങളൊന്നും ഗൗരിയമ്മ മാറ്റിവച്ചിട്ടില്ല. ശാരീരിക അസ്വസ്ഥതകളുണ്ടെങ്കിലും അതൊന്നും മുത്തശിയുടെ കലാപ്രേമത്തിനു തടയിടുന്നില്ല.
ഗൗരിയുടെ മകള്‍ സുഷമ
ഗൗരിയമ്മയുടെ മകള്‍ സുഷമയുടെ കുട്ടിക്കാലവും വ്യത്യസ്തമായിരുന്നില്ല. ഒഴിവുനേരങ്ങളില്‍ അമ്മ വരയ്ക്കുന്ന ചിത്രങ്ങളും നിര്‍മിക്കുന്ന കരകൗശല വസ്തുക്കളുമൊക്കെ സുഷമയുടെ മനസിലും ഇടം നേടി. പഠനകാലത്ത് വരയുടെ ലോകത്ത് സജീവമായിരുന്നു. എങ്കിലും കരകൗശല വസ്തുക്കളോടായിരുന്നു കൂടുതല്‍ കമ്പം. ഏതെങ്കിലുമൊരു മരത്തിന്‍റെ വേരു കണ്ടാല്‍ അതില്‍ എന്തെങ്കിലുമൊരു രൂപം കണ്ടെത്തിയ സുഷമ, അവയൊക്കെ നന്നായി ചായം തേച്ച് സൂക്ഷിച്ചു വച്ചു. ബിസിനസുകാരന്‍ കൃഷ്ണദാസിനെ വിവാഹം കഴിച്ച് എറണാകുളത്തേക്കു താമസം മാറിയപ്പോള്‍ കലാപ്രേമത്തിന് ചെറിയൊരു ഇടവേള. ബിസിനസ് പാര്‍ട്ണറായും ഇരട്ടക്കുട്ടികളുടെ അമ്മ എന്ന നിലയിലും തിരക്കുകളായപ്പോള്‍ മറ്റെല്ലാം മറന്നു. മക്കളുടെ വിവാഹശേഷമാണ് സുഷമ വീണ്ടും ചിത്രങ്ങളോടുള്ള താത്പര്യം പൊടിതട്ടിയെടുത്തത്. ഒരു അധ്യാപകന്‍റെയടുത്ത് ചിത്രരചന പഠിക്കാന്‍ പോകണമെന്നു തോന്നിയതും ഇപ്പോള്‍. മ്യൂറല്‍ പെയ്ന്‍റിങ് പഠനം തുടങ്ങിയ സുഷമയ്ക്ക് അമ്മ തന്നെയാണ് എന്നും ഇന്‍സ്പിരേഷന്‍.
സുഷമയുടെ മകള്‍ ഗോപിക
സുഷമ ദാസിന്‍റെ ഇരട്ടക്കുട്ടികളില്‍ മൂത്തവള്‍ ഗോപിക. ചിത്രരചനയോടുള്ള പ്രിയം പാരമ്പര്യമായി കിട്ടിയിരുന്നു ഗോപികയ്ക്കും. ചിത്രരചന മകളുടെ പ്രൊഫഷനാകണമെന്ന് ഗോപികയുടെ അച്ഛന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും സ്കൂളില്‍ പെയ്ന്‍റിങ് കോംപറ്റിഷനുകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പെയ്ന്‍റിങ് പഠിച്ചു വന്ന കുട്ടിക്കായിരിക്കും എല്ലാ വര്‍ഷവും ഒന്നാം സ്ഥാനം. ഒരു തവണ മാത്രം അതു ഗോപിക സ്വന്തമാക്കി. ഫിസിക്സിലും നെറ്റ്വര്‍ക്കിങ്ങിലും ബിരുദം നേടിയെങ്കിലും ചിത്രങ്ങളുടെ ലോകം ഗോപികയുടെ മനസില്‍ ഉറങ്ങിയില്ല. ഇരട്ട സഹോദരി ഗായത്രിയും ഗോപികയ്ക്കു സപ്പോര്‍ട്ടുണ്ടായിരുന്നു. രാം കുമാറിന്‍റെ ഭാര്യയായതോടെയാണ് ഗോപികയുടെ ചിത്രരചനാലോകം കൂടുതല്‍ വിശാലമായത്. ഭാര്യയ്ക്ക് എന്നും പിന്തുണയായി നിന്ന റാം, ഗോപികയെ പ്രോത്സാഹിപ്പിച്ചു. വരയുടെ ലോകത്തേക്കു വീണ്ടും സഞ്ചരിക്കാന്‍ തുടങ്ങി, മകളെ ഗര്‍ഭം ധരിച്ച സമയത്താണ് ഗോപിക ഏറെ ചിത്രങ്ങള്‍ വരച്ചത്. മകള്‍ ജനിക്കുന്നതിന് കുറച്ചു ദിവസം മുമ്പ് ഗോപിക ഒരു ചിത്രം വരച്ചു. അവള്‍ ജനിച്ച് കുറച്ചു ദിവസം കഴിഞ്ഞ് ഒരു ഫോട്ടൊയെടുത്തപ്പോള്‍ ഗോപിക അന്നു വരച്ച ചിത്രത്തിന്‍റെ അതേ പോസ്, അത്രയേറെ സാമ്യമായിരുന്നു രണ്ടു ചിത്രങ്ങള്‍ക്കും.
മുഖങ്ങളാണ് ഗോപികയ്ക്കു പ്രിയം. എല്ലാ ചിത്രങ്ങളിലും നിറങ്ങളുടെ മനോഹരമായ സമ്മേളനവും. ചില ചിന്തകള്‍ അതിശയിപ്പിക്കുന്നു. താക്കോല്‍പ്പഴുതിലൂടെ കാണുന്ന ബെല്ലി ഡാന്‍സറുടെ ദൃശ്യം, ഇരട്ടക്കുട്ടികളുടെ അടുപ്പം, മകളുടെ ചിരിക്കുന്ന മുഖം തുടങ്ങി ഗോപികയുടെ ചിത്രങ്ങളിലെല്ലാം എന്തെങ്കിലും പ്രത്യേകതകളുണ്ടാവും. വ്യത്യസ്തമായ മുഖങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താനാണ് ഗോപിക എന്നും ശ്രമിക്കുന്നത്.
ഗോപികയുടെ മകള്‍ ജാന്‍വി
മുട്ടിലിഴയാന്‍ തുടങ്ങിയതു മുതല്‍ ഗോപികയുടെ മകള്‍ ജാന്‍വിയെ എല്ലാവരും ശ്രദ്ധിച്ചു. ചുമരിലും മറ്റും കാണുന്ന ചെറിയ രൂപങ്ങള്‍ അവള്‍ക്ക് കൗതുകമാണ്. പലതിനും അവള്‍ പേരുകളും പറയുന്നു. പെന്‍സില്‍ പിടിക്കാറായപ്പോള്‍ അവള്‍ കുത്തിവരയ്ക്കുന്നത് വെറുംവരകളല്ലെന്നു തിരിച്ചറിഞ്ഞു. നിറങ്ങളോട് ജാന്‍വിയുടെ ഇഷ്ടം ഒരുതരത്തില്‍ ഗോപികയ്ക്കു ഗുണമായി. വഴക്കു പിടിക്കുമ്പോഴെല്ലാം ഒരു പേപ്പറും പേനയും നല്‍കിയാല്‍ ജാന്‍വി ഹാപ്പി. അത്രയേറെ പ്രിയമാണ് ക്രയോണുകളും ചിത്രങ്ങളുമെല്ലാം.
തലമുറകളുടെ നിറക്കൂട്ടുകള്‍
നാലു തലമുറകള്‍ ഒന്നിച്ച് നടത്തിയ ചിത്രപ്രദര്‍ശനം, അതായിരുന്നു കഴിഞ്ഞ ദിവസം എറണാകുളത്തെ ദ വണ്‍ ആര്‍ട്ട് ഗ്യാലറിയിലെ പെയ്ന്‍റിങ് എക്സിബിഷനെ വ്യത്യസ്തമാക്കിയത്. ഗൗരിയമ്മ, സുഷമ ദാസ്, ഗോപിക റാം, ജാന്‍വി എന്നിവര്‍ വരച്ച ചിത്രങ്ങളും കരകൗശലവസ്തുക്കളും പ്രദര്‍ശനത്തിനു വച്ചു. രണ്ടു വയസുകാരിയുടേയും മുത്തശിയുടേയും ചിത്രങ്ങള്‍ ഏറെ കൗതുകമായപ്പോള്‍, സുഷമയുടേയും ഗോപികയുടേയും ചിത്രങ്ങള്‍ അതിശയത്തോടെയാണ് കണ്ടത്. ചിത്രരചനയുടെ സാങ്കേതികവശങ്ങള്‍ പഠിക്കാതെ തന്നെ ഇത്രയ്ക്കു മനോഹരമായി ചായക്കൂട്ടുകള്‍ ചിത്രങ്ങളാക്കി മാറ്റിയവരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുമോ. ഇനിയും കുറച്ചു കൂടി ചിത്രങ്ങള്‍ വരച്ച് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനാണ് പ്ലാന്‍. അടുത്ത തവണ ഗോപികയ്ക്കൊപ്പം ഗായത്രിയുമുണ്ടാവും. ഇത്തവണത്തെ നഷ്ടം നികത്താന്‍ തന്നെയാണ് ഗായത്രിയുടെ തീരുമാനം. മുത്തശിയും ജാന്‍വിയും ഇപ്പോഴും ചിത്രങ്ങളെക്കുറിച്ചു സംസാരിച്ചു കഴിഞ്ഞിട്ടില്ല. അവരുടെ ലോകത്ത് ഇപ്പോള്‍ നിറങ്ങളാണ് കഥ പറയുന്നത്....
Close...
Maximum Character Allowed -
4000