ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷം
Published : Friday,
December 30,
2011
കാട്ടാക്കട
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളെജ് ആശുപത്രി വരെ മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും രൂക്ഷമായ ക്ഷാമം. മിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും നിസാര വിലയ്ക്കുള്ള പാരസെറ്റമോള്‍ ഗുളികകള്‍ പോലും ലഭ്യമല്ല. പരിമിതമായ സ്റ്റോക്ക് രാത്രികാല അടിയന്തര ഉപയോഗത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.
മെഡിക്കല്‍കോളെജ് ആശുപത്രിയിലെ ഐസി യൂനിറ്റുകളില്‍പ്പോലും മരുന്നുകള്‍ക്കും അടിയന്തര ഉപയോഗത്തിനുള്ള ഉപകരണങ്ങള്‍ക്കും കടുത്ത ക്ഷാമം. കഴിഞ്ഞ ദിവസം മുതല്‍ വെള്ളനാട് സിഎച്ച്സിയില്‍ രോഗികള്‍ ഇതിനെതിരേ പ്രതിഷേധിച്ചു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച പനി അടക്കമുള്ള രോഗങ്ങളുമായി ആളുകള്‍ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരേ ആരോഗ്യവകുപ്പ് ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നില്ല. നിസാര വിലയ്ക്കു സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭിച്ചിരുന്ന മരുന്നുകള്‍ വന്‍ വിലകൊടുത്തു രോഗികള്‍ പുറത്തുനിന്നും വാങ്ങുകയാണ്.
മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെയായി ജീവന്‍രക്ഷാ ഔഷധങ്ങള്‍ ലഭിക്കുന്നില്ല. ഇത് ഏറെ ദുരിതം സൃഷ്ടിക്കുന്നു. അത്യാവശ്യ മരുന്നുകളായ ക്രിസ്റ്റലൈന്‍ വെനിസിലിന്‍, നോര്‍മലൈന്‍, റിങര്‍ ലാക്റ്റേറ്റ് എന്നവ പോലും ലഭ്യമല്ല. ഐസി യൂനിറ്റുകളില്‍പ്പോലും ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാന്‍ ഗ്ലൗസുകളില്ല. ഒരിക്കല്‍ ഉപയോഗിച്ച ഗ്ലൗസുകള്‍ അണുനാശം വരുത്തി വീണ്ടും ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. കൈയുറകളുടെ ക്ഷാമവും വേണ്ടത്ര അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുന്നതും രോഗികളുടെ മാത്രമല്ല, ജീവനക്കാരുടെയും സുരക്ഷയ്ക്കു ഭീഷണിയാണ്.
എച്ച്ഐവി അടക്കമുള്ള രോഗങ്ങള്‍ പിടിപെടാന്‍ ഇതു വഴിവയ്ക്കുമെന്നു ജീവനക്കാര്‍. നഴ്സുമാരില്‍ പലരും അനാരോഗ്യകരമായ ചുറ്റുപാടില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ ആവശ്യപ്പെട്ടു മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷനു നിരന്തരം കത്തുകള്‍ അയക്കുന്നുണ്ട്. എന്നാല്‍ കോര്‍പ്പറേഷന്‍റെ ഗോഡൗണുകള്‍ പലതും കാലിയാണ്. പ്രധാന ആശുപത്രികളില്‍ അത്യാവശ്യ ഉപകരണങ്ങളും മരുന്നുകളും ചെറു ആശുപത്രികളില്‍നിന്നും തിരികെ എടുത്ത് എത്തിച്ച് തത്കാലം തടിതപ്പുകയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍. ആഴ്ചകളായി തുടരുന്ന ഈ സ്ഥിതി കണ്ടില്ലെന്നു നടിക്കുകയാണ് വകുപ്പ് ഉന്നത അധികൃതരെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരുടെ സംഘം ആരോപിച്ചു.
Close...
Maximum Character Allowed -
4000