Wednesday, May 23, 2012   5:22 PM IST
Vaartha BlogRSS
Loading
ശിലാസ്ഥാപനം ഇന്ന്
Published : Friday, December 30, 2011
|
  
Text Size
കൊച്ചി

ദര്‍ബാര്‍ഹാള്‍ മൈതാനം ലോകോത്തര നിലവാരത്തില്‍ പുന:സൃഷ്ടിക്കുന്നതിന്‍റെ ശിലാസ്ഥാപനം ഇന്നു നടക്കും. ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ 2.30ന് പദ്ധതിയുടെ കല്ലിടല്‍കര്‍മം നിര്‍വഹിക്കുമെന്ന് കലക്റ്റര്‍ പി.ഐ.ഷെയ്ക്ക് പരീത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 1.40കോടി രൂപ ടൂറിസം വകുപ്പ് ഇതിനായി അനുവദിച്ചിട്ടുണ്ട്. അഞ്ചുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.

നിലവിലെ ഓപ്പണ്‍ സ്റ്റേജ് ഇരട്ടിവലുപ്പത്തില്‍ നിര്‍മിക്കും.അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രൊജക്റ്ററും ശബ്ദവെളിച്ച വിന്യാസവും ഉള്‍പ്പടെ 60 മീറ്റര്‍ നീളത്തില്‍ വിപുലമായ സ്റ്റേജാണ് നിര്‍മിക്കുന്നത്.

70എം.എം.ഫിലിം ഡിജിറ്റല്‍ സൗകര്യത്തോടെ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്റ്റേജിന്‍റെ ഘടന പുന:സംവിധാനം ചെയ്യുമെന്നും കലക്റ്റര്‍. ഗ്രൗണ്ടില്‍ മുഴുവന്‍ പ്രേക്ഷകര്‍ക്കും കാണാനാവുംവിധം സ്റ്റേജിന്‍റെ ഉയരം നേരിയ തോതില്‍ വര്‍ധിപ്പിക്കും.

അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത വാക്വേ സ്റ്റേജിനു മുകളിലൂടെ കടന്നുപോകുമെന്നതാണ് സൗന്ദര്യവത്കരണത്തിന്‍റെ സവിശേഷത. ആര്‍ക്കിടെക്റ്റ് എസ്.ഗോപകുമാറിന്‍റെ സഹകരണത്തോടെ ജില്ലാ നിര്‍മിതി കേന്ദ്രമാണ് പ്രവൃത്തി നടത്തുന്നത്.

ലോകോത്തര പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്ന രീതിയില്‍ മൈതാനിയിലുള്ള സ്റ്റേജ് സംവിധാനം പുന:ക്രമീകരിക്കും. സ്റ്റേജിനോടനുബന്ധിച്ച് ഗ്രീന്‍ റൂമും സജജമാക്കും. കേരളീയ വാസ്തുശില്‍പ്പ രീതിയില്‍ നിര്‍മിക്കുന്ന മേല്‍ക്കൂരയ്ക്കു മുകളില്‍ കൃത്രിമ പുല്‍ത്തകിടിയും ഇരിപ്പടങ്ങളും സജ്ജീകരിക്കും.

സ്റ്റേജിന്‍റെ പിന്‍വശം സിനിമാ പ്രദര്‍ശനങ്ങള്‍ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് നിര്‍മിക്കുക.സിനിമാ സാങ്കേതിക രംഗത്തെ വിദഗ്ധരുടെ സഹായത്തോടെ മികച്ച തീയറ്ററായി ദര്‍ബാര്‍ഹാള്‍ മൈതാനം മാറ്റുവിധത്തിലുള്ള സാങ്കേതിക പരിഷ്കാരമാണ് വരുത്തുകയെന്നും കലക്റ്റര്‍.

ഗ്രൗണ്ടിനു ചുറ്റുമുള്ള വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ക്കും സ്റ്റേജില്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ ശബ്ദലേഖനം ലഭിക്കുംവിധമുള്ള ക്രമീകരണമുണ്ടാകും. കുടുംബങ്ങള്‍ക്കു സായാഹ്നങ്ങള്‍ ചെലവിടാന്‍ പറ്റിയ കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമായി ദര്‍ബാര്‍ ഗ്രൗണ്ട് മോടിപിടിപ്പിക്കും. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനോടൊപ്പം ആഴ്ചയിലൊരിക്കല്‍ വിഖ്യാത ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും നടപടിയെടുക്കുമെന്നും കലക്റ്റര്‍ പറഞ്ഞു.
Rate This News :
Latest News