ലോകം ഇന്ന് അവസാനിക്കുമോ?
Published : Sunday,
January 01,
2012
സി. രാധാകൃഷ്ണന്‍
അവസാനിക്കുമോ ഇന്നു തന്നെ നമ്മുടെ ഈ ലോകം? അവസാനിക്കുമെന്ന് ഒരു കൂട്ടര്‍ പറയുന്നു. മായന്‍ കലണ്ടറില്‍ ഇനി കാലമില്ല എന്നതാണ് ഇവര്‍ പറയുന്ന ഒരു തെളിവ്. അതായത്, ജാതകമെഴുതുമ്പോള്‍ ഒരു പ്രായം വരെ ഗണിച്ച് ദശകങ്ങളും ഫലങ്ങളും നിശ്ചയിച്ചതില്‍ പിന്നെ ശേഷം ചിന്ത്യം എന്നെഴുതുന്ന പോലെ. ആ തീയതിയോടെ കക്ഷി സിദ്ധികൂടുന്നൊ, അവിടന്നങ്ങോട്ട് ഉള്ള കാര്യങ്ങള്‍ പുതുതായി കണക്കുകൂട്ടി ഉണ്ടാക്കേണ്ടിയിരിക്കുന്നു. ആവശ്യമാണെങ്കിലല്ലേ അതു ചെയ്യേണ്ടൂ എന്നോ രണ്ടര്‍ത്ഥത്തിലും എടുക്കാവുന്ന ഒരു പ്രസ്താവം.
എനിക്കു പിന്നിലീ ലോകം മുടിഞ്ഞു കള്ളി പൊന്തട്ടെ! എന്നു കരുതുന്നവര്‍ നമുക്കിടയിലുണ്ടെന്നതു നിഷേധിക്കാനാവില്ല. എനിക്കു ശേഷം പ്രളയം എന്ന തരക്കാരെന്ന് ദുഷ്ടരേയും അറുപിശുക്കരേയും വിശേഷിപ്പിക്കാറുണ്ടല്ലോ.
കടല്‍ക്കരയില്‍ കുതിര്‍മണല്‍ കൊണ്ടുണ്ടാക്കിയ കോട്ടകള്‍ കളി കഴിയുമ്പോള്‍ തിര വന്ന് അപ്പാടെ മായ്ച്ചു കളയുന്ന പോലെ ഇതാ ഇന്ന് അന്തിയാകുമ്പോള്‍ ലോകം അവസാനിക്കുമെന്നു വെറുതെ കരുതുന്നവരും ആ കരുതല്‍ കാര്യമായി എടുത്ത് കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നവരും കൂടെക്കൂടെ വാര്‍ത്തയാകാറുണ്ട്.
എന്നാല്‍ ഈ അപായബോധത്തിന് ശാസ്ത്രീയമായി വല്ല അടിത്തറയുമുണ്ടോ? ഉള്ള അറിവുകള്‍ വെച്ച് നമുക്കൊന്നു ചിന്തിച്ചു നോക്കാം.ഭൂമി ഇന്നുള്ള ഭൗതിക സാഹചര്യങ്ങളോടെ (എന്നു വച്ചാല്‍, ചൂട്, തണുപ്പ്, വെള്ളം, കടലുകള്‍ കാന്തക്ഷേത്രം, വായുമണ്ഡലം എന്നു തുടങ്ങിയവയോടെ) ഉണ്ടായിട്ട് 5000000000 കൊല്ലമായി എന്ന് കണക്കാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്രയും കാലത്തിനിടെ ഭൂമിയുടെ അച്ചുതണ്ടിലുള്ള കറക്കത്തിലോ സൂര്യനു ചുറ്റുമുള്ള യാത്രയിലോ വന്ന മാറ്റം വളരെ ലഘുവാണ്. ഇത്രയും ദീര്‍ഘകാലം കുഴപ്പം കൂടാതെ നില നിന്ന സംഗതി ഇതാ പൊടുന്നനെ അവസാനിക്കാറായി എന്നു കരുതുന്നതില്‍ ഒരു ന്യായവുമില്ല. സംഭവിച്ച കൂടെന്നല്ല. പക്ഷേ, സംഭവിക്കാനുള്ള സാധ്യത വളരെ നിസാരം മാത്രം.
ഇനി ഭൂമിയുടെ അകത്തും പുറത്തും കാര്യങ്ങള്‍ എങ്ങനെ എന്നും അവ മാറുന്നുണ്ടോ എന്നും നോക്കാം. അണുപ്രസരം മൂലം മൂലകങ്ങള്‍ക്കു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതും ചില മൂലകങ്ങള്‍ക്കേ കാര്യമായി ഉള്ളൂ. ( ഈ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു ഭൂമിയുടെ ആയുസ് നിശ്ചയിക്കുന്നത്.) കടലിലെ ഉപ്പിന്‍റെ തോത് ചെറിയ തോതില്‍കൂടുകയും സമുദ്രനിരപ്പ് അല്‍പ്പം ഉയരുകയും ചെയ്യുന്നുണ്ട്. ആയിരത്താണ്ടുകളില്‍ നാല് പിപിഎം (പാര്‍ട്ടിക്കിള്‍സ് പെര്‍ മില്യണ്‍) എന്നും മൂന്നു മില്ലിമീറ്റര്‍ എന്നും മറ്റുമുള്ള തോതിലേ ഈ മാറ്റമുള്ളൂ. ആപത്താകാനില്ല. പെട്ടെന്നൊന്നും.
ഭൂമിയുടെ ശരാശരി വ്യാസം ഏതാണ്ട് 7000 കിലോമീറ്ററാണ്. ഒരു ദിവസത്തില്‍ ഒരു വട്ടം കറങ്ങുന്നു. അതായത് ഭൂമദ്ധ്യ രേഖയില്‍ നില്‍ക്കുന്ന ഒരാള്‍ മണിക്കൂറില്‍ ഏതാണ്ട് ആയിരം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. ഈ വേഗത്തിന് കാലാകാലങ്ങളായി മാറ്റമില്ല. ഭൂമി സൂര്യനെ വലം വെയക്കുന്നതു ശരാശരി ഒരു സെക്കന്‍റില്‍ 27.80 കിലോമീറ്റര്‍ വേഗത്തിലാണ്.
ഇതും ഏറെക്കുറേ സ്ഥി രമാണ്. ഈ ഉയര്‍ന്ന വേഗങ്ങളൊന്നും നാം അറിയുന്നേ ഇല്ല! ഇതില്‍ ഏതെങ്കിലും ഒന്നിനു നേരിയ മാറ്റം വന്നാല്‍ വിവരം അറിയും! അപ്പോഴേ അറിയൂ!
കാല്‍ക്കീഴില്‍ ഉറച്ച ഭൂമിയാണ് എന്നാണ് നമ്മുടെയൊക്കെ വിചാരമെങ്കിലും അങ്ങനെ അല്ല. മൂവായിരം കിലോമീറ്റര്‍ ആഴം കഴിഞ്ഞാല്‍ ഉരുകിയ ലാവയാണ്. അഴകൊഴമ്പന്‍ സാധനം. ആറായിരം ഡിഗ്രി ചൂടും! അതില്‍ അല്‍പ്പം വല്ലപ്പോഴും വല്ല പാറയിളുമ്പിലൂടെയും പുറത്തു വരുമ്പോഴേ നാമതിന്‍റെ സ്വഭാവം അറിയുന്നുള്ളൂ! പക്ഷേ, ഇങ്ങനെ ഉള്ളുരുകിയാണു കിടപ്പെങ്കിലും ഭൂമി അതിന്‍റെ മക്കളായ നമ്മളെ ഈ വിവരമൊന്നും അറിയിക്കാതെയും അതില്‍ നിന്നെല്ലാം സംരക്ഷിച്ചുമാണു പോറ്റുന്നത്. ഏതമ്മയ്ക്കും ചിലപ്പോള്‍ ക്ഷമ നശിക്കുമല്ലോ. അങ്ങനെ വരുമ്പോഴുണ്ടാകുന്ന ഏനക്കേടുകളേ സംഭവിക്കാറുള്ളൂ. അതും പക്ഷേ, ലോകം അവസാനിക്കാവുന്ന വിധത്തില്‍ ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ കോടാനുകോടി കൊല്ലങ്ങളില്‍.
ഭൂമുഖത്ത് കാര്യമായ ജീവനാശം സംഭവിക്കാവുന്ന രണ്ട് പ്രതിഭാസങ്ങള്‍ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഒന്ന് ഹിമയുഗങ്ങളുടെ വരവും പോക്കും. ഭൂമിയുടെ താപസന്തുലിതാവസ്ഥയില്‍ ഒരു ചാക്രികതയുണ്ടെന്നും ഏതാനും പതിനായിരം വര്‍ഷത്തില്‍ ഒരിക്കല്‍ കുറേക്കാലം ഭൂമിയാകെ ഹിമം മൂടിക്കിടക്കുമെന്നുമാണു ഹിമയുഗവാദക്കാര്‍ പറയുന്നത്. അപ്പോഴും ലോകം അവസാനിച്ചുകൊള്ളണമെന്നില്ല. പ്രത്യേകിച്ചും ആധുനിക ലോകം. കാരണം, ശൈത്യകാലങ്ങളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യയും ഊര്‍ജ സംവിധാനങ്ങളും ഇപ്പോള്‍ നമുക്കുണ്ട്.
മറ്റൊരാപത്തു ഭൂമിയുടെ കാന്തധ്രുവങ്ങളുടെ തല തിരിയല്‍ ആണ്. ഉത്തര ധ്രുവം ദക്ഷിണധ്രുവമായും മറിച്ചും മാറുന്നു. ആ മാറ്റം നടന്നുകൊണ്ടിരിക്കേ ഒരു ഇടവേളയില്‍ ഭൂമിയില്‍ കാന്തക്ഷേത്രമേ ഇല്ലാത്ത സ്ഥിതി ഉണ്ടാവുമല്ലോ. അക്കാലത്ത് മാരകമായ എല്ലാ രശ്മികളും ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കും. ജീവജാലങ്ങള്‍ നശിക്കും. ഇങ്ങനെ ഒന്നുണ്ടായാല്‍ തന്നെ അതിനേയും അതിജീവിക്കാന്‍ ഇപ്പോള്‍ നമുക്കു കഴിവുണ്ട്.
മറ്റൊരു സൂര്യന്‍ വന്ന് നമ്മുടെ ഭൂമിയേയോ സൂര്യനെത്തന്നെയോ ഇടിക്കുമെന്നു കരുതുന്നവരുണ്ട്. പ്രപഞ്ചത്തില്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ടിയിടികളുടെ ശരാശരി നോക്കിയാല്‍ ഇതും വിദൂര സാധ്യത മാത്രമുള്ള കാര്യമാണ്.
പ്രകൃതി ദുരന്തങ്ങളുണ്ടാകാം. പക്ഷേ, അവ ഏതെങ്കിലും പ്രദേശങ്ങളെ നശിപ്പിക്കാനല്ലാതെ ലോകത്തെ മൊത്തമായി നശിക്കാന്‍ ഒരു സാധ്യതയും ഇല്ല. പക്ഷേ, നമ്മുടെ ലോകത്തെ മൊത്തമായി നശിപ്പിക്കാന്‍ നമുക്കു കഴിയും. ഉദാഹരണത്തിന് ഇന്ന് ലോകത്തുള്ള എല്ലാ ആണവായുധങ്ങളും ഒരുമിച്ച് പൊട്ടിയാല്‍ സംഗതി നടക്കും.
അതും വേണ്ട വെള്ളം, വായു, ഭൂമി ആകാശം ബഹിരാകാശം എന്നിവയെ നാം ഇപ്പോള്‍ ചെയ്യുന്ന അളവില്‍ മലിനമാക്കിയാല്‍ രണ്ടുമൂന്ന് പതിറ്റാണ്ടുകൊണ്ട് ലോകം അവസാനിക്കുമെന്നാണു ആധുനിക ശാസ്ത്രം യുക്തി സഹമായി കണക്കാക്കുന്നത്. അപ്പോഴും പക്ഷേ, അവസാനിക്കുന്നതു ജീവിലോകം മാത്രമായിരിക്കും. കോടാനുകോടി കൊല്ലം കഴിഞ്ഞ് പ്രകൃതി സ്വയം ശുദ്ധീകരിച്ച് ജീവമണ്ഡലം വീണ്ടും സജ്ജമാക്കുവോളം വിശ്വം നിര്‍ജീവമായിപ്പോകും.
ചുരുക്കത്തില്‍ ലോകം നശിക്കണോ വേണ്ടയോ എന്നു നമുക്കു നിശ്ചയിക്കാം. ആത്മഹത്യ ചെയ്യണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതുപോലെ തന്നെ ഉള്ളൂ ഇതും. അതുകൊണ്ട്, ഈ പുതുവര്‍ഷപ്പുലരിയില്‍ നമുക്കൊരു പ്രതിജ്ഞചെയ്യാം. ഞാന്‍ ഈ ഭൂമിയിലെ ജീവസന്ധാരണാവസ്ഥയെ ദുഷിപ്പിക്കുന്ന ഒന്നും ഇനി ചെയ്യില്ല.
Close...
Maximum Character Allowed -
4000