പുലിയാത്ര ഫ്രംആഫ്രിക്ക ടു മലാവി
Published : Thursday,
January 05,
2012
ദാ ഇപ്പോ എത്തും എന്നു പറഞ്ഞു യാത്ര തുടങ്ങിയിട്ടു നേരം കുറെയായി. ആദ്യം വിമാനത്തില്‍, ഇപ്പോഴിതാ ട്രക്കില്‍. നേരിയൊരു മയക്കമുള്ളതിനാല്‍ ട്രക്കിന്‍റെ ഡ്രൈവറെ വലിച്ചു കീറിയിട്ടില്ല ഇതുവരെ. അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാല്‍ അപ്പോള്‍ത്തന്നെ ആക്രമിക്കുന്ന രണ്ടു സ്പെഷ്യല്‍ പാസഞ്ചേഴ്സിനെ കൊണ്ടാണു റേഞ്ചര്‍ ഫൈസന്‍ സുവേദി യാത്ര തുടര്‍ന്നത്, മലാവിയിലെ മജേതേ വൈല്‍ഡ് റിസര്‍വിലേക്ക്. രണ്ടു പുള്ളിപ്പുലികളായിരുന്നു ആ വിലയേറിയ യാത്രക്കാര്‍. മജേതേ റിസര്‍വിനെ വീണ്ടും വന്യമൃഗങ്ങളാല്‍ നിറയ്ക്കുന്ന പ്രൊജക്റ്റിന്‍റെ ഭാഗമായാണു പുള്ളിപ്പുലി പലായനം. പുലി മാത്രമല്ല, ആനകളും കാണ്ടാമൃഗവുമൊക്കെയായി ഒരുപാടു പേര്‍ അതിഥികളായെത്തി. ഇപ്പോള്‍ അവര്‍ അവിടുത്തെ അന്തേവാസികളായി മാറിക്കഴിഞ്ഞു. വന്യമൃഗസംരക്ഷണ ശാലയെ വീണ്ടും സജീവമാക്കുകയെന്ന ലക്ഷ്യത്തിലേക്കു മൃഗങ്ങളോരോന്നായി എത്തിക്കൊണ്ടേയിരിക്കുന്നു.
സൗത്ത് ആഫ്രിക്കയില്‍ നിന്ന് ആയിരം കിലോമീറ്റര്‍ വിമാന ത്തിലായിരുന്നു പുള്ളിപ്പുലികളുടെ യാത്ര. ഒരാണ്‍ പുലിയും ഒരു പെണ്‍ പുലിയും. ഇവര്‍ റിസര്‍വുമായി പരിചയമായ ശേഷം ഇവരുടെ സന്തതിപരമ്പരകള്‍ പെരുകുമെന്നാണു പ്രതീക്ഷ. എന്നാ ല്‍ ഇപ്പോള്‍ അവരെ ഒരുമിച്ച് അഴിച്ചുവിട്ടാല്‍ കടികൂടി ചാകാന്‍ വരെ സാധ്യതയുണ്ട്. യാത്ര പുള്ളിപ്പുലികളെ അത്രയ്ക്ക് അസ്വസ്ഥരാക്കിയിരിക്കുന്നുവെന്നു ഫൈസന്‍ പറയുന്നു. എങ്കിലും പുതിയ വീട്ടിലേക്കുള്ള സഞ്ചാരത്തിനിടയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചില്ല ഇരുവരും. ആണ്‍പുലിക്ക് ഇരുപത്തിരണ്ടു മാസവും പെണ്‍പുലിക്കു പതിനേഴു മാസവും പ്രായമുണ്ടന്നു വൈല്‍ഡ്ലൈഫ് റിഹാബിലിറ്റേഷന്‍ ഡയറക്റ്റര്‍ ബ്രയാന്‍ ജോണ്‍സ്. എന്തായാലും അവര്‍ക്കൊരു കുഞ്ഞുണ്ടാകാന്‍ ഒന്നോ രണ്ടോ വര്‍ഷം കാത്തിരിക്കേണ്ടി വരും. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടും വരെ.
1955ലാണു മജേതെ റിസര്‍വ് ആരംഭിക്കുന്നത്. എന്നാല്‍ മൃഗമോഷണം മൂലവും കൊന്നൊടുക്കല്‍ മൂലവും വന്യമൃഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. പിന്നീടൊരു കണ്‍സര്‍വേഷന്‍ ഗ്രൂപ്പ് അനിമല്‍ റിഹാബിലിറ്റേഷന്‍ വര്‍ക്കുകള്‍ ഏറ്റെടുക്കുകയായിരുന്നു. 2003ല്‍ ആ ഗ്രൂപ്പ് മലാവി ഗവണ്‍മെന്‍റുമായി ഉടമ്പടി ഒപ്പുവച്ചു. അതിനുശേഷം രണ്ടായിരത്തഞ്ഞൂറോളം കൃഷ്ണമൃഗങ്ങള്‍, ആന, കാണ്ടാമൃഗം തുടങ്ങിയവയെല്ലാം എത്തി. സൗത്ത് ആഫ്രിക്കയിലെ കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയപ്പോള്‍ പിടിച്ചെടുത്ത രണ്ടു പുള്ളിപ്പുലികളെയാണിപ്പോള്‍ മലാവിയിലേക്കു കൊണ്ടു വന്നിരിക്കുന്നത്. മലാവിയിലേക്കു തിരിക്കുന്നതിനു മുമ്പ് നോര്‍ത്ത് ഈസ്റ്റ് ആഫ്രിക്കയിലെ വൈല്‍ഡ്ലൈഫ് റിഹാബിലിറ്റേഷന്‍ സെന്‍ററില്‍ രണ്ടു മൂന്നാഴ്ച താമസിപ്പിച്ചിരുന്നു. മലാവിയിലേക്കു തിരിക്കുന്ന ദിവസം രാവിലെ സെഡേഷന്‍ നല്‍കി. റാബീസിനും ക്യാറ്റ് ഫ്ളൂവിനും എതിരെയുള്ള മരുന്നുകളും ഇവയ്ക്കു നല്‍കിയിരുന്നു.
യാത്രയില്‍ കുറച്ചുനേരം പുള്ളിപ്പുലികള്‍ ഉണര്‍ന്നു. ഇടയ്ക്ക് അവര്‍ പരസ്പരം ബഹളംവച്ചതല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചതേയില്ല. യാത്രയുടെ അസ്വസ്ഥത മാറുന്നുണ്ടോ എന്ന നിരീക്ഷണത്തിലായിരിക്കും ഇനി കുറച്ചു ദിവസം. പിന്നീടു സ്വതന്ത്രമാക്കും. പക്ഷേ അഴിച്ചുവിട്ടാലും അത്രയും നാള്‍ താമസിച്ചിടത്തു കുറച്ചുകാലം കൂടി ചുറ്റിക്കറങ്ങും. അതിനുശേഷമായിരിക്കും വിശാലമായ 700 സ്ക്വയര്‍ കിലോമീറ്റര്‍ റിസര്‍വിന്‍റെ സ്വാതന്ത്ര്യം അവര്‍ പൂര്‍ണമായും അനുഭവിക്കുക. അത്രയും നാള്‍ താമസിച്ചിരുന്ന വീടു മാറുമ്പോള്‍ പുതിയ വീടുമായി പരിചയപ്പെടുന്നതു വരെയുള്ള കാലതാമസം, അത്രമാത്രം. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും സ്വന്തന്ത്രരാക്കിയിട്ടില്ല. കഴുത്തിലെ ബെല്‍റ്റില്‍ സാറ്റ്ലൈറ്റ് സിഗ്നല്‍ നല്‍കുന്ന കോളര്‍ സ്ഥാപിച്ചിട്ടുണ്ട്. പുള്ളിപ്പുലികള്‍ എവിടെയൊക്കെ പോകുന്നുണ്ടെന്നു കൃത്യമായി നിരീക്ഷിക്കാനുളള സംവിധാനം.
റിസര്‍വിന്‍റെ വിശാലതയിലേക്കിറങ്ങിയാല്‍ അവര്‍ ഒറ്റയ്ക്കല്ല. കഴിഞ്ഞ ഒക്റ്റോബറില്‍ അവിടെ അഴിച്ചുവിട്ട രണ്ടു പുള്ളിപ്പുലികള്‍ വേറെയുമുണ്ട്. അവരും സൗത്ത് ആഫ്രിക്കന്‍ സ്വദേശികള്‍ തന്നെ. തീര്‍ന്നില്ല കാട്ടിലെ രാജാവ് വരാന്‍ പോകുന്നതേയുള്ളൂ. അടുത്ത ജൂലൈയില്‍ സിംഹം ലാന്‍ഡ് ചെയ്യും. പിന്നെഇതൊരു കാടായി, കാട്ടുരാജ്യമായി. കാത്തിരുന്നു കാണാം.
Close...
Maximum Character Allowed -
4000