Wednesday, May 23, 2012   5:33 PM IST
Vaartha BlogRSS
Loading
ഫ്ളാറ്റുകള്‍ അനുവദിച്ചതില്‍ തിരിമറി;
Published : Friday, January 06, 2012
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

കരിമഠം കോളനിയില്‍ ഫ്ളാറ്റുകള്‍ അനുവദിച്ചതില്‍ തിരിമറി നടന്നെന്ന് ആരോപിച്ച് ചില ഉപഭോക്താക്കള്‍ നഗരസഭ ഓഫിസില്‍ ബഹളം വച്ചു. അതേസമയം പട്ടിക പരിശോധിച്ച ശേഷം നടപടി എടുക്കാമെന്ന് മേയര്‍ കെ. ചന്ദ്രിക.

തുടര്‍ന്ന് ഒരു മണിക്കൂറോളം നിന്ന സംഘര്‍ഷത്തിനൊടുവില്‍ ബഹളക്കാര്‍ പിരിഞ്ഞു പോയി. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം.

ജെന്‍റോം പദ്ധതിയുടെ രണ്ടാം ഘട്ടം നിര്‍മിച്ച 20 വീടുകളുടെ താക്കോല്‍ ദാനം നടത്താന്‍ ശ്രമിച്ചെങ്കിലും ഉപഭോക്താക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചു. ഉച്ചതിരിഞ്ഞ് മേയര്‍ കോളനി നിവാസികളെ ചര്‍ച്ചയ്ക്കു വിളിച്ചു.

ഫോര്‍ട്ട് സിഐയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിനിടയിലാണു ബഹളം നടന്നത്. അലോട്ട് ചെയ്ത ഫ്ളാറ്റുകളില്‍ തിരിമറി നടന്നെന്ന് ആരോപിച്ച് കോളനിയിലെ ഒരു വിഭാഗം ഹൈക്കോടതിയില്‍ നിന്നു സ്റ്റേ വാങ്ങിയിരുന്നു. നഗരസഭ ഈ മാസം രണ്ടിന് സ്റ്റേ ഒഴിപ്പിച്ചു. തുടര്‍ന്നാണ് ഇന്നലെ താക്കോല്‍ദാനം നടത്താന്‍ തീരുമാനിച്ചത്. രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം അടുത്തഘട്ടം തുടങ്ങാനാണെന്നും മേയര്‍.

കോളനിയിലെ കമ്മ്യൂണിറ്റിഹാളില്‍ കഴിയുന്നവരെ പണികഴിഞ്ഞ 20 ഫ്ളാറ്റുകളിലേക്കു മാറ്റുമെന്ന് യോഗത്തില്‍ മേയര്‍ പറഞ്ഞു. എന്നാല്‍ രണ്ടാം ഘട്ടത്തിലുള്ള 60 ഫ്ളാറ്റുകളുടെയും പണി പൂര്‍ത്തിയാക്കിയ ശേഷം താക്കോല്‍ ദാനം നടത്തിയാല്‍ മതിയെന്ന് ഉപഭോക്താക്കളില്‍ പലരും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇവര്‍ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. ചര്‍ച്ചയ്ക്ക് ശേഷം സരസ്വതി എന്ന സ്ത്രീ മേയറെ കാണണമെന്നു പറഞ്ഞ് ബഹളം വച്ചു. പ്രതിപക്ഷ നേതാവ് ജോണ്‍സന്‍ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഇവരെ അനുനയിപ്പിച്ച് മേയറുടെ മുറിയിലെത്തിച്ചു. സഹോദരിയുടെ മകള്‍ പ്രീയയുടെ പേര് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച് സരസ്വതി മേയറുടെ കാലില്‍ വീണ് കരഞ്ഞു. നഗരസഭാ സെക്രട്ടറി ഒപ്പിട്ട ആദ്യത്തെ പട്ടികയില്‍ പ്രിയയുടെ പേരുണ്ടെന്ന് തമ്പാനൂര്‍ കൗണ്‍സിലര്‍ ഹരികുമാര്‍ ആരോപിച്ചു.

കോളനിയിലെ കുടുംബശ്രി പ്രവര്‍ത്തകയായ അശ്വതിയും കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ ശൈലേന്ദ്ര പ്രസാദും ചേര്‍ന്നാണ് ഫ്ളാറ്റുകളുടെ ലിസ്റ്റില്‍ തിരിമറഇ നടത്തിയതെന്ന് തമ്പാനൂര്‍ കൗണ്‍സിലര്‍. അശ്വതിയുടെ ആളുകള്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ നല്‍കൂ. വായ്പകളും മറ്റു കാര്യങ്ങളും സാധിച്ച് നല്‍കുന്നതിന് അശ്വതി കമ്മീഷന്‍ വാങ്ങുന്നുണ്ട്. ഫ്്ളാറ്റ് ആവശ്യമുള്ളവര്‍ 25000 രൂപ നല്‍കണം.

പലരില്‍ നിന്നും ഇതില്‍ കൂടുതല്‍ തുക വാങ്ങിയ ശേഷമാണ് ഇവര്‍ തിരിമറി നടത്തിയതെന്ന് കോളനി നിവാസികളില്‍ ചിലര്‍ ആരോപിച്ചു. ആദ്യ ഘട്ടം 80 ഫ്ളാറ്റുകളാണ് അനുവദിച്ചത്.

അത് കിട്ടിയവരില്‍ പലരും മറിച്ചുവിറ്റു. ചിലര്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ക്കു വരെ ഫ്ളാറ്റ് ലഭിച്ചു. കോളനിയില്‍ ജനിച്ചു വളര്‍ന്ന തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചില്ലെന്ന് അഷ്റഫ് എന്ന യുവാവ്.

പദ്ധതി പ്രകാരം 560 ഫ്ളാറ്റകളാണ് നഗരസഭ നിര്‍മ്മിച്ച് നല്‍കുന്നത്. എന്നാല്‍ നഗരസഭ എല്‍ഡിഫ് അനുഭാവികളെ മാത്രമേ ഉപഭോക്താക്കളായി തെരഞ്ഞെടുക്കൂ.

ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് മണക്കാട് വാര്‍ഡ് കൗണ്‍സിലര്‍ പി.എസ് നായര്‍. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് നഗരസഭ അധികൃതര്‍.

ഇതില്‍ തിരിമറിയൊന്നും ഇല്ല. എസ്ഡിപിഐ പോലുള്ള ചില സംഘടനകളാണ് പ്രശ്നം ഉണ്ടാക്കിയത്. സരസ്വതിഎന്ന സ്ത്രീയ്ക്കും കുടുംബത്തിനും നേരത്തെ ഫ്ളാറ്റ് അനുവദിച്ചതാണെന്നും അവര്‍. മേയറെ ആര്‍ക്കും ഏത് സമയവും കാണാം. അതിന് ബഹളം വച്ച് പ്രശ്നം ഉണ്ടാക്കേണ്ട കാര്യമില്ല. ഇത് മറ്റെന്തോ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും അവര്‍.
Rate This News :
Latest News