ബ്ലാക്ക് നസ്റീന്‍ തേടി
Published : Tuesday,
January 10,
2012
ഒരു മഹാസമുദ്രം പോലെ ജനങ്ങള്‍ ഒഴുകിക്കോണ്ടേയിരുന്നു. വിശ്വാസത്തിന്‍റെ അലകള്‍ ഒടുങ്ങിയതേയില്ല. അനുഗ്രഹം നേടാന്‍ നീളുന്ന കൈകള്‍. ആള്‍ക്കൂട്ടത്തിന്‍റെ പ്രാര്‍ഥന, ആരവങ്ങള്‍. എല്ലാം പ്രതിധ്വനിക്കുകയായിരുന്നു ആ തെരുവില്‍. ലോകത്തിലെ ഏറ്റവും വലിയ വിശ്വാസ ഘോഷയാത്രകളിലൊന്നില്‍ പങ്കു കൊള്ളുകയായിരുന്നു അവിടുത്തെ ജനങ്ങള്‍. ഓരോ വര്‍ഷവും ജനുവരി ഒമ്പതിനു ഈ വിശ്വാസക്കൂട്ടങ്ങളില്‍ അലിയാന്‍ ലക്ഷക്കണക്കിനു പേരാണു ഫിലിപ്പീന്‍സിന്‍റെ തലസ്ഥാനമായ മനിലയിലെ ക്വിയാപ്പോ ഗ്രാമത്തിന്‍റെ തെരുവിലേക്ക് ഒഴുകിയെത്തിയത്. ഇക്കുറിയും അതു തെറ്റിയില്ല. ബ്ലാക്ക് നസ്റീന്‍ ഘോഷയാത്രയ്ക്കു വേണ്ടി ജനസാഗരം ഇരമ്പിയാര്‍ത്തെത്തി, പതിനാലു മണിക്കൂറിലധികം നീണ്ട യാത്രയില്‍ പങ്കു കൊണ്ടു.
കൗതുകങ്ങളായ കഥകളും വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇഴചേരുന്നുണ്ട് ബ്ലാക്ക് നസ്റീനില്‍. മരത്തില്‍ തീര്‍ത്ത ക്രിസ്തുവിന്‍റെ ശില്‍പ്പമാണു ബ്ലാക്ക് നസ്റീന്‍. പതിവു ക്രിസ്തുശില്‍പ്പങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതിന്‍റെ നിറം കറുപ്പാണെന്നു മാത്രം. ഫീസ്റ്റ് ഒഫ് ബ്ലാക്ക് നസ്റീന്‍ ആഘോഷിക്കുന്ന മൈനര്‍ ബസലിക്ക ഒഫ് ബ്ലാ ക്ക് നസ്റീനിലാണു ശില്‍പ്പം സൂക്ഷിച്ചിരിക്കുന്നത്. ക്വിയാപ്പോയിലെ പള്ളിയിലേക്കു ശില്‍പ്പം മാറ്റിയതിന്‍റെ സ്മരണയിലാണു ജനുവരി ഒമ്പതിനു ഘോഷയാത്രയും ആഘോഷങ്ങളും. ജനസഞ്ചയത്തിന്‍റെ ആധിക്യം കൊണ്ടു തന്നെ ഏറെ സമയമെടുത്താണ് എല്ലാ വര്‍ഷവും ഘോഷയാത്ര പൂര്‍ണമാകുക. ഘോഷയാത്രയോട് അനുബന്ധിച്ചു പാരമ്പര്യമായി ആചാരങ്ങളും തുടരുന്നു. മെറൂണ്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ വിശ്വാസികളായിരിക്കും അധികവും. തിക്കിലും തിരക്കലും പെട്ട് മരിക്കുന്നതും പരുക്കു പറ്റുന്നതും മറ്റും പതിവാണെങ്കിലും ഓരോ കൊല്ലവും വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.
അജ്ഞാതനായ ഒരു മെക്സിക്കന്‍ ശില്‍പ്പിയുടെ സൃഷ്ടിയാണു ബ്ലാക്ക് നസ്റീന്‍. ഏകദേശം ഇരുനൂറു വര്‍ഷത്തിലധികം പഴക്കമുള്ള ഈ ശില്‍പ്പത്തിന്‍റെ നിറം കറുപ്പായതിനു പിന്നിലും രസകരമായ കഥയുണ്ട്. മെക്സിക്കോയിലെ അക്കപ്പുല്‍ക്കോയില്‍ നിന്നു വലിയ കപ്പലില്‍ 1606ലാണ് ഇതു മനിലയിലേക്കു കൊണ്ടു വന്നത്. സ്പാനിഷ് അധിനിവേശ കാലത്തായിരുന്നു ഇത്. എന്നാല്‍ സമുദ്രയാത്രക്കിടയില്‍ കപ്പലിനു തീപിടിച്ചു. ശില്‍പ്പത്തിന്‍റെ യഥാര്‍ഥ നിറം മങ്ങി കറുപ്പായി മാറി. വിശ്വാസകഥകള്‍ ഇനിയുമേറെ. എങ്കിലും ശില്‍പ്പത്തിന്‍റെ കറുത്ത നിറത്തിനു കാരണമായി ഏറ്റവുംകൂടുതല്‍ പറഞ്ഞു കേള്‍ക്കുന്ന കഥ ഇതു തന്നെ.
ബ്ലാക്ക് നസ്റീന്‍ ഘോഷയാത്ര പതിനേഴാം നൂറ്റാണ്ടിലാണ് ആരംഭിച്ചത്. ആദ്യമൊക്കെ പുരുഷന്മാര്‍ മാത്രം പങ്കെടുത്തിരുന്നുള്ളൂ. ശില്‍പ്പത്തിന്‍റെ ക്യാരേജ് വലിക്കുന്നതും പുരുഷന്മാര്‍ മാത്രമായിരുന്നു. ഇപ്പോള്‍ സ്ത്രീകളും എത്തുന്നു. നഗ്നപാദരായിട്ടാണു വിശ്വാസികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്, കാല്‍വരിക്കുന്നിലേക്കുള്ള ക്രിസ്തുവിന്‍റെ പീഡാനുഭവ യാത്രക്കു തുല്യമായ വിധം.
ബ്ലാക്ക് നസ്റീന്‍ ശില്‍പ്പത്തിനരികില്‍ എത്താനും അതില്‍ സ്പര്‍ശിക്കാനുമാണു വിശ്വാസികള്‍ ഘോഷയാത്രയില്‍ ഉടനീളം ശ്രമിക്കുക. അതുകൊണ്ടു തന്നെ അപകടങ്ങളും പതിവ്. കുരിശില്‍ തൊടാനായാല്‍ അത്ഭുതകരമായ പലതും സംഭവിക്കുമെന്നു വിശ്വാസം. രോഗം മാറാനും ഐശ്വര്യം ഉണ്ടാകാനുമൊക്കെ ഇതു കൊണ്ടു സാധിക്കുമെന്നു കരുതുന്നു ക്വിയാപ്പോയിലെ ഓരോ വിശ്വാസിയും. അങ്ങനെ രോഗം മാറിയ അനേകം പേരുണ്ടെന്ന തെളിവുകള്‍ നിരത്തുന്നതും വിശ്വാസത്തിന്‍റെ തീവ്രതയേറ്റുന്നു.
നിരവധി പേര്‍ പങ്കെടുത്ത ഘോഷയാത്ര. ഇക്കുറി തീവ്രവാദ ഭീഷണി ഉണ്ടായിരുന്നെങ്കിലും, വിശ്വാസികളുടെ എണ്ണത്തില്‍ ഒട്ടും കുറവുണ്ടായില്ല. എട്ടോ ഒമ്പതോ ദശലക്ഷം പേര്‍ പങ്കെടുത്തുവെന്നാണു പൊലീസ് പുറത്തുവിടുന്ന കണക്കുകള്‍. അതിലുമെത്രയോ പേര്‍ വിശ്വാസത്തിന്‍റെ കണ്ണുകളുമായി ബ്ലാക്ക് നസ്റീന്‍റെ ദര്‍ശനം ലഭിക്കുക എന്ന ഭാഗ്യത്തിനായി ആ തെരുവുകളില്‍ കാത്തു നിന്നിട്ടുണ്ടാകും.
Close...
Maximum Character Allowed -
4000