നിയമനം റദ്ദാക്കി
Published : Tuesday,
January 10,
2012
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
കേരള സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് ഗ്രേഡ് നിയമനം റദ്ദാക്കിയ ഉപലോകായുക്ത നടപടി സര്‍വകലാശാലാ സിന്‍ഡിക്കെറ്റും അംഗീകരിച്ചു. ലോകായുക്ത നടപടിക്കെതിരേ അപ്പീല്‍ നല്‍കേണ്ടെന്നും തീരുമാനം. സിന്‍ഡിക്കെറ്റിലെ എല്‍ഡിഎഫ് - യുഡിഎഫ് അനുഭാവികള്‍ തമ്മിലുള്ള രൂക്ഷമായ തര്‍ക്കത്തിനു ശേഷം വോട്ടിങ്ങിലൂടെയാണ് തീരുമാനമെടുത്തത്.
അസിസ്റ്റന്‍റ് ഗ്രേഡ് നിയമന വിഷയത്തില്‍ മുന്‍ നിലപാടുകള്‍ക്കു വിരുദ്ധമായ സത്യവാങ്മൂലം സര്‍വകലാശാല ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മുന്‍ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, നാലു സിന്‍ഡിക്കെറ്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരേയായിരിക്കും പുതിയ സത്യവാങ്മൂലം. ലോകായുക്ത വിധിക്കെതിരേ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയും ഇന്നു ഹൈക്കോടതി പരിഗണിക്കും.
ലോകായുക്ത നടപടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അപ്പീല്‍ പോകണമെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ലോകായുക്ത നിര്‍ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു എല്‍ഡിഎഫ് അംഗങ്ങളുടെ വാദം. അപ്പീല്‍ പോകേണ്ടെന്നും നടപടി അംഗീകരിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ വാദിച്ചു. നിയമനത്തിനെതിരേ ലോകായുക്തയും ഹൈക്കോടതി നിയോഗിച്ച കമ്മിഷനും ആരോപണമുന്നയിച്ച സാഹചര്യത്തില്‍ നിര്‍ദേശം നടപ്പാക്കിയില്ലെങ്കില്‍ സര്‍വകലാശാലയുടെ വിശ്വാസ്യതയെ ബാധിക്കും. അതിനാല്‍ അടിയന്തര നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വോട്ടിനിട്ടപ്പോള്‍, എട്ടിനെതിരേ 10 വോട്ടുകള്‍ക്കാണ് ഉപലോകായുക്ത വിധി അംഗീകരിക്കാന്‍ സിന്‍ഡിക്കെറ്റ് തീരുമാനിച്ചത്. യുഡിഎഫ് അംഗമായ ഹയര്‍ എജ്യുക്കേഷന്‍ സെക്രട്ടറി വോട്ട് ചെയ്തില്ല. മറ്റൊരംഗമായ ഡിപിഐ യോഗത്തില്‍ പങ്കെടുത്തില്ല. എട്ടു സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ സിപിഐ അംഗം വിട്ടുനിന്നു. അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം യോഗത്തിലുടനീളം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എല്‍ഡിഎഫ് അംഗം പ്രൊഫ. വിവേകാനന്ദനും യുഡിഎഫ് അംഗം ചാമക്കാല ജ്യോതികുമാറും തമ്മില്‍ കൈയേറ്റശ്രമം വരെയുണ്ടായി.
വോട്ടെടുപ്പിനു ശേഷം വൈസ് ചാന്‍സലര്‍ ഡോ. എ. ജയകൃഷ്ണനെ വളഞ്ഞുവയ്ക്കാന്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Close...
Maximum Character Allowed -
4000