Wednesday, May 23, 2012   5:43 PM IST
Vaartha BlogRSS
Loading
അധിനിവേശത്തിന്‍റെ അവശിഷ്ടം
Published : Thursday, January 12, 2012
|
  
Text Size
ഉലകം വെല്ലാന്‍ ഉഴറി റോമന്‍ സൈന്യം പാഞ്ഞു നടന്ന കാലത്തെ ചരിത്രത്തിലേക്കുള്ള വഴിയാണ് ഈ പട്ടാളത്തൊപ്പി. രണ്ടായിരം വര്‍ഷം മുമ്പ് ബ്രിട്ടന്‍ കീഴടക്കാന്‍ എത്തിയ റോമന്‍ സൈന്യത്തിലെ ഏതോ പടയാളി ധരിച്ചിരുന്നതാണ് ഈ ലോഹനിര്‍മിത തൊപ്പി. ലീസെസ്റ്റര്‍ ഷെയറില്‍ നിന്നു മൂന്നു വര്‍ഷത്തിനു മുമ്പാണ് ഈ തൊപ്പി കണ്ടെത്തിയത്. മണ്ണില്‍ നിന്നു കണ്ടെടുക്കുമ്പോള്‍ തുരുമ്പെടുത്തു നശിച്ച നിലയിലായിരുന്നു. ഏതാണ്ട് ആയിരത്തോളം ചെറിയ കഷണങ്ങളായി ചിതറിയ അവസ്ഥയിലായിരുന്നു.

ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചു അവശിഷ്ടങ്ങള്‍. ഇത്രയും കാലം ഗഹനമായ പഠനങ്ങള്‍. ഒപ്പം തൊപ്പിക്കു കൃത്യമായ രൂപം നല്‍കാനുള്ള ശ്രമങ്ങളും. അവശിഷ്ടങ്ങള്‍ യോജിപ്പിക്കേണ്ടത് എങ്ങനെ എന്നായിരുന്നു ആദ്യ ഗവേഷണം. മുമ്പു ബ്രിട്ടനില്‍ നിന്നു കിട്ടിയിട്ടുള്ള റോമന്‍ സൈനികത്തൊപ്പികളില്‍ നിന്നു വ്യത്യസ്തമായിരുന്നു ഇത്. ഇരുമ്പു ഷീറ്റില്‍ത്തന്നെയാണു നിര്‍മാണം. എന്നാല്‍ സില്‍വര്‍ ഗില്‍റ്റ് പ്ലേറ്റിങ്ങാണു സവിശേഷത. മുമ്പു കിട്ടിയ തൊപ്പികളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകവും ഈ പ്ലേറ്റിങ്ങാണ്. സിംഹങ്ങള്‍ വലയം ചെയ്യുന്ന ദേവത, വിജയപതാകയുമായി കുതിരപ്പുറത്തിരിക്കുന്ന ചക്രവര്‍ത്തി...ഇങ്ങനെ പല ആലേഖനങ്ങളുമുണ്ട് തൊപ്പിയില്‍. ഡിസൈന്‍ ആന്‍ഡ് ടെക്നോളജി അധ്യാപകനായിരുന്ന കെന്‍ വാലസിന്‍റെ തേതൃത്വത്തിലുള്ള സംഘമാണ് ഈ തൊപ്പി കണ്ടെത്തിയത്.

റോമന്‍ സൈന്യത്തിലെ സാധാരണ പടയാളിയുടെ തൊപ്പിയല്ല ഇത് എന്നാണ് ആദ്യ പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജെറെമി ഹില്‍ പറയുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഏതോ സൈനികന്‍റേതാണ് ഇത്.

എഡി നാല്‍പ്പത്തിമൂന്നില്‍ ക്ലൗഡിയസ് ചക്രവര്‍ത്തിയുടെ കാലത്താണ് റോമന്‍ അധിനിവേശം ശക്തമാകുന്നത്. ബ്രിട്ടന്‍റെ വടക്കു ഭാഗം പൂര്‍ണമായും കീഴടക്കിയ ക്ലൗഡിയത് അതു റോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കി.

ക്ലൗഡിയസിന്‍റെ സൈന്യം ബ്രിട്ടനില്‍ കടന്ന കാലത്തിന്‍റെ ശേഷിപ്പാണ് ഈ തൊപ്പി എന്നാണു ഗവേഷകര്‍ കരുതുന്നത്. പല കാലങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ള പലതരം റോമന്‍ പട്ടാളത്തൊപ്പികളുടെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ആദ്യ നിഗമനങ്ങളില്‍ എത്തിയത്. അവശിഷ്ടങ്ങള്‍ യോജിപ്പിച്ച് പട്ടാളത്തൊപ്പിയുടെ പൂര്‍ണരൂപത്തില്‍ കണ്ടപ്പോഴുണ്ടായ സന്തോഷം വിവരിക്കാന്‍ വാക്കുകള്‍ ഇല്ലെന്നു പറയുന്നു, ജെറെമി ഹില്‍. അവശിഷ്ടങ്ങള്‍ കണ്ടെടുത്ത ലീസെസ്റ്റര്‍ ഷെയറില്‍ ഇതു പ്രദര്‍ശിപ്പിക്കും. കൗണ്ടി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഹാര്‍ബോറോ മ്യൂസിയത്തിലാണു പ്രദര്‍ശനം.
Rate This News :
Latest News