Wednesday, May 23, 2012   5:44 PM IST
Vaartha BlogRSS
Loading
ആനപ്പുറത്തിവളാരാണ്ടാ...
Published : Saturday, January 14, 2012
|
  
Text Size
ആനപ്പുറത്തു പുഴ കടക്കുന്ന വിനോദസഞ്ചാരികള്‍. ആനയുടെ മുകളില്‍ ഏറ്റവും മുമ്പിലായി ഇരിക്കുന്നതൊരു യുവതി. എലഫെന്‍റ് സഫാരിയുടെ സാഹസികത അനുഭവിക്കാന്‍ എത്തിയ സഞ്ചാരിയല്ല അവള്‍. സഞ്ചാരത്തിനിടയില്‍ ആഹ്വാനങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയും ആനയ്ക്കു കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട് അവള്‍. കാട്മണ്ഡുവിലെ ചിറ്റ്വാന്‍ നാഷണല്‍ പാര്‍ക്കിലെ എലഫെന്‍റ് ഗൈഡാണു കക്ഷി. ആ വഴിയിലൂടെയുള്ള ആനസഞ്ചാരത്തിന്‍റെ എല്ലാ കാര്യങ്ങളും അനുഭവത്തിലൂടെ മന:പ്പാഠമാക്കിയ വനിതാ പാപ്പാന്‍. നേപ്പാളിലെ ആദ്യ വനിത പാപ്പാന്‍ എന്ന വിശേഷണവും ഇവളുടെ കൂടെച്ചേര്‍ക്കാം. ആനകളെ നിയന്ത്രിക്കാന്‍, പാപ്പാനാകാന്‍ വനിതകള്‍ക്കും കഴിയുമോ എന്ന സംശയത്തിനു തന്‍റെ ജോലിയിലൂടെ കൃത്യമായി മറുപടി നല്‍കുന്നു, മീന ചൗധരി.

ഏഷ്യയില്‍ത്തന്നെ വളരെ കുറച്ചു സ്ത്രീകളേ ആനകളെ വരുതിയില്‍ നിര്‍ത്തുന്ന ജോലി ഏറ്റെടുക്കാന്‍ തയാറായിട്ടുള്ളൂ. അതിനുള്ള പരിശീലനം നേടിയെടുത്തിട്ടുള്ളൂ. അപ്പോള്‍പ്പിന്നെ യാഥാസ്ഥിതികതയുടെ കാര്യത്തില്‍ കാര്‍ക്കശ്യം കൂടുതലുള്ള നേപ്പാളില്‍ ഹൈന്ദവമത വിശ്വാസിയായ മീന ഈ ജോലി ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നത് അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. പുരുഷന്‍റെ സാമ്രാജ്യമായിരുന്ന ഒരു തൊഴില്‍ മേഖല കൂടി സ്ത്രീകള്‍ കൈയടക്കുന്നതിനു തെളിവായി മാറുന്നു മീന. പൊതുമേഖലയില്‍ കൂടുതല്‍ സ്ത്രീകളെ പങ്കാളികളാക്കാനുള്ള ഗവണ്‍മെന്‍റിന്‍റെ പദ്ധതിപ്രകാരം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പതിനഞ്ചു പേരില്‍ ഒരാളായിരുന്നു മീന. അവരില്‍ നിന്നാണുപരിശീലനം ഏറെ ആവശ്യമുള്ള പാപ്പാന്‍ ജോലിയിലേക്കു മീന എത്തിയത്.

സ്ത്രീകള്‍ വിമാനം പറത്തുന്നു. അപ്പോള്‍പ്പിന്നെ ആനകളെ നിയന്ത്രിക്കുന്നതു നിസാരമെന്നു പറയുന്നു മീന. പുരുഷന്മാര്‍ക്കു തുല്യരാണു സ്ത്രീകള്‍ എന്നു തെളിയിക്കണമെന്നുണ്ടായിരുന്നു. പാപ്പാനായി മാറിയതിലൂടെ താനതു തെളിയിക്കുകയായിരുന്നെന്നു മീന അഭിമാനത്തോടെ പറയുന്നു. പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രം ചെയ്തു വന്നിരുന്ന ജോലി ഏറ്റെടുത്തതിന്‍റെ ത്രില്‍ ശരിക്കും ആസ്വദിക്കുന്നു മീന. സതേണ്‍ നേപ്പാളിലെ ചിറ്റ്വാന്‍ നാഷണല്‍ പാര്‍ക്കില്‍ എലഫെന്‍റ് സഫാരി നടത്തലാണു മീനയുടെ ജോലി. വംശനാശ ഭീഷണി നേരിടുന്ന ബംഗാള്‍ കടുവയും ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗവും അപൂര്‍വങ്ങളായ പക്ഷികളുമുള്ള കാട്ടിലൂടെയാണു സഫാരി. കഴിഞ്ഞ രണ്ടു മാസമായി മീന ഈ ജോലി ഏറ്റെടുത്തിട്ട്. ആദ്യമായി സഫാരി പോയ കാര്യം ചോദിക്കുമ്പോള്‍ ചെറിയൊരു പേടി ഉണ്ടായിരുന്നെന്നു മീന സമ്മതിക്കുന്നു.

വല്ലാത്ത ആകാംക്ഷയായിരുന്നു അന്ന്. പഠിച്ചതു പ്രാവര്‍ത്തികമാക്കുമ്പോള്‍ ശരിയാകുമോ എന്നു പേടിയുണ്ടായിരുന്നു. പക്ഷേ എല്ലാം ശരിയായി വന്നു, മീന ആശ്വസിക്കുന്നു. മൂന്നു ദിവസത്തെ ട്രെയ്നിങ്ങായിരുന്നു. ആനകളെ എങ്ങനെ കൈകാര്യം ചെയ്യണം, കാട്ടിലേക്ക് എങ്ങനെ കൊണ്ടു പോകണം എന്നതിനൊക്കെ കൃത്യമായി നിര്‍ദേശവും പരിശീലനവും ലഭിച്ചു. എന്തെങ്കിലുമൊരു അപകടം ഉണ്ടായാല്‍ മരത്തില്‍ കയറാനും, നീന്താനുമൊക്കെ പഠിച്ചിരുന്നു. മീനയ്ക്കൊപ്പം മറ്റൊരു സ്ത്രീ കൂടി ഇതേമേഖലയില്‍ പരിശീലനം നേടി പാപ്പാനായി സേവനം അനുഷ്ഠിക്കുന്നു. ഇപ്പോള്‍ ഒരു ദിവസം ആറു പ്രാവശ്യമെങ്കിലും സഫാരി നടത്തുന്നുണ്ട് മീന. സ്ഥിരം റൂട്ടായതിനാല്‍ അത്യാവശ്യം പരിചയമായിക്കഴിഞ്ഞു. മാസം പതിനായിരം രൂപയാണു ശമ്പളം.

സ്വന്തം കുട്ടികളെ പോലെ ആനകളെ പരിപാലിക്കണമെന്നാണു പാപ്പാന്മാര്‍ക്കു ലഭിക്കുന്ന നിര്‍ദേശം. പതിറ്റാണ്ടുകള്‍ ഒരേ ആനയ്ക്കൊപ്പം നില്‍ക്കുന്നതിനാല്‍ അറിയാതെ തന്നെ അവര്‍ തമ്മിലൊരു ആത്മബന്ധം സൃഷ്ടിക്കപ്പെടും. പാപ്പാന്‍റെ ഓരോ ചലനങ്ങളും എന്താണ് അര്‍ഥമാക്കുന്നതെന്നു വരെ ആനകള്‍ക്കു മനസിലാക്കാന്‍ കഴിയും. ഇത്തരം വൈകാരികമായ ബന്ധം കൂടി ആനയുമായി വികസിപ്പിക്കണം എന്നാഗ്രഹിച്ചു കൊണ്ടാണു മീന ഈ തൊഴിലിലേക്ക് ഇറങ്ങിയിരിക്കുന്നത്. നേപ്പാളിലെ ആദ്യ വനിത പാപ്പാനായി മാറിയതിന്‍റെ സന്തോഷം നിറയുന്നുണ്ട് മീനയുടെ ഓരോ സഞ്ചാരത്തിലും സംസാരത്തിലും. മീനയ്ക്കൊപ്പം ആനപ്പുറത്തേറുന്ന സഞ്ചാരികള്‍ക്കും അതേ കൗതുകം തന്നെ.

Rate This News :
Latest News