ബെന്‍സ് മാപ്പു ചോദിക്കുന്നു
Published : Saturday,
January 14,
2012
മെഴ്സിഡസ് ബെന്‍സിന്‍റെ സിഇഒ ഡോ. ഡീറ്റര്‍ സെറ്റ്സ്കെ വേദിയിലേക്കു വന്നു. ലാസ് വെഗാസിലെ കാസിനോ ഹോട്ടലില്‍ സജീകരിച്ച വേദി ആര്‍ഭാടങ്ങളില്‍ മുങ്ങി. പ്രകാശത്തിന്‍റെ വേരിയേഷനുകള്‍ സൃഷ്ടിച്ച് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ചു. ഇന്‍റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഷോ 2012ല്‍ മെഴ്സിഡസ് ബെന്‍സിന്‍റെ പുതിയൊരു സംരംഭം അവതരിപ്പിക്കാനാണ് ഡോ. ഡീറ്ററിന്‍റെ വരവ്.
കാര്‍ റ്റുഗദര്‍ അതാണ് ഞങ്ങളുടെ പുതിയ ആപ്ലിക്കേഷന്‍, ഡോ. ഡീറ്റര്‍ സംസാരിച്ചു തുടങ്ങി. കാര്‍ ഷെയറിങ് പ്രോഗ്രാം. മെഴ്സിഡസ് ബെന്‍സിന്‍റെ പുതിയ കാര്‍ ഒരു ഡ്രൈവിനു ഷെയര്‍ ചെയ്യാന്‍ താത്പര്യമുള്ളവരെ കണ്ടെത്താനുള്ള ആപ്ലിക്കേഷന്‍. സംഭവത്തെക്കുറിച്ചു വാചാലനാവുകയാണ് സിഇഒ. ഒരര്‍ഥത്തില്‍ ഓട്ടൊമൊബൈല്‍ രംഗത്തെ കമ്യൂണിസം എന്നു പറയാം. പെട്ടെന്ന് വേദിയിലെ പ്രകാശം നേര്‍ത്തു വന്നു. അരണ്ട പ്രകാശത്തില്‍ വേദിക്കു പിന്നിലെ വലിയ സ്ക്രീനില്‍ ചിരപരിചിതമായ മുഖം. വിപ്ലവത്തിന്‍റെ രാജകുമാരന്‍ ചെ ഗുവേര.
ആല്‍ബര്‍ട്ടോ കോര്‍ഡ എടുത്ത ഏറ്റവും വിഖ്യാതമായ ചിത്രം. ക്യൂബന്‍ വിപ്ലവ നായകന് ഒരു ഓട്ടൊമൊബൈല്‍ കമ്പനിയുടെ പ്രമോഷണല്‍ ഇവന്‍റില്‍ എന്തു കാര്യം എന്ന് ആലോചിക്കുന്നതിനു മുമ്പ് വേദിയില്‍ വീണ്ടും പ്രകാശം നിറഞ്ഞു. ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ എന്ന മട്ടില്‍ ഡോ. ഡീറ്റര്‍ ചിരിക്കുന്നു. അമ്പതുകളുടെ തുടക്കത്തില്‍ അര്‍ജന്‍റീന മുഴുവന്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ കറങ്ങിയ ചെ ഗുവേരയെ ഓട്ടൊമൊബൈല്‍ വ്യാവസായവുമായി ആദ്യം ബന്ധിപ്പിച്ചതു ഞങ്ങള്‍ എന്ന അവകാശവാദമുണ്ടായിരുന്നു ആ ചിരിയില്‍.
എന്നാല്‍ നേരത്തോടു നേരം കഴിയുന്നതിനു മുമ്പ് മെഴ്സിഡസ് ബെന്‍സിന്‍റെ ഓഫിസില്‍ നിന്ന് അറിയിപ്പ്, മാപ്പ്, ചെ ഗുവേരയുടെ ചിത്രം ഇങ്ങനെ ഉപയോഗിച്ചതിന്. ലാസ് വെഗാസിലെ വേദിയില്‍ നിറഞ്ഞ സംഗീതത്തിന്‍റെ അകമ്പടിയില്‍ തെളിഞ്ഞ ചെ ഗുവേരയുടെ ചിത്രത്തിലേക്ക് ഒന്നു റീ വൈന്‍ഡ് ചെയ്യാം. തൊപ്പിയിലേക്കു സൂക്ഷിച്ചു നോക്കൂ, പ്രശസ്തമായ നക്ഷത്ര ചിഹ്നം എവിടെ? ഇല്ല, അവിടെയിപ്പോള്‍ മെഴ്സിഡസ് ബെന്‍സിന്‍റെ ലോഗോയാണ്.
പതാകകളില്‍ മുതല്‍ ടീഷര്‍ട്ടുകളില്‍ വരെ പലവട്ടം പല തരത്തില്‍ എടുത്തുപയോഗിക്കുമ്പോഴൊന്നും അടിസ്ഥാനമായി ചിത്രത്തില്‍ മാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നാല്‍ ചെ ഗുവേരയുടെ തൊപ്പിയില്‍ സ്വന്തം ലോഗോ പതിച്ച മെഴ്സിഡസ് ബെന്‍സിന്‍റെ നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഹെരിറ്റേജ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഫേസ്ബുക്കില്‍ പ്രത്യേക പേജു തന്നെ തുടങ്ങി. അതിലേക്ക് പ്രതിഷേധ സന്ദേശങ്ങള്‍ ഒഴുകിയെത്തി. പെട്ടെന്നാണ് മെഴ്സിഡസ് ബെന്‍സ് പ്രതികരിച്ചത്. ചെ ഗുവേരയുടെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചതില്‍ അവര്‍ മാപ്പു ചോദിച്ചു. അദ്ദേഹത്തിന്‍റെ ആരാധകരെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എല്ലാവരോടും മാപ്പു ചോദിക്കുന്നു, കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. കാര്‍ റ്റുഗദര്‍ പ്രമോഷന് ഇനി ചെ ഗുവേരയുടെ ചിത്രം ഉപയോഗിക്കില്ലെ ന്നും ഉറപ്പു നല്‍കി. ഒരു വിപ്ലവം ജയിച്ച സന്തോഷത്തിലാണ് ചെയുടെ ആരാധകര്‍.
Close...
Maximum Character Allowed -
4000