Wednesday, May 23, 2012   5:51 PM IST
Vaartha BlogRSS
Loading
വിഎസ് ആരാ മോന്‍!
Published : Monday, January 16, 2012
|
  
Text Size
സിപിആര്‍

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നൊരു ചൊല്ലുണ്ട്. കൊല്ലവും കൊട്ടാരക്കരയും തമ്മില്‍ വലിയ അകലമില്ലാത്തതുകൊണ്ടു പഴഞ്ചൊല്ല് മനോധര്‍മം പോലെ മാറ്റിവായിച്ചാലും തരക്കേടില്ല.

പഴയകാല കൊട്ടാരങ്ങളുടെ നാടാണു കൊട്ടാരക്കര. തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ സാമന്തന്മാരായ ഇളയിടത്തു സ്വരൂപത്തിന്‍റെ രാജധാനി. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച കൊട്ടാരക്കര തമ്പുരാക്കന്മാരാണു കേരളത്തിന്‍റെ തനതു കലാരൂപം കഥകളിക്കു ബീജാവാപം ചെയ്തതെന്നു പുരാണം. പടക്കുറുപ്പന്മാരും പടയോട്ടങ്ങളുമൊന്നുമില്ലാതെ തന്നെ ഇളയിടത്തു സ്വരൂപം നാമാവശേഷമായി. മഹാഗണപതി, കഥകളി, പഴയൊരു മാര്‍ത്തോമ്മാ ദേവാലയം തുടങ്ങിയവയുടെ പേരിലാണു പിന്നീടുള്ള കാലമത്രയും കൊട്ടാരക്കര ദേശത്തെക്കുറിച്ചുള്ള ജനങ്ങളുടെ കേട്ടറിവ്.

എന്നാല്‍ ഗതകാല ഗരിമയെല്ലാം കവച്ചുവച്ചു കൊട്ടാരക്കരയില്‍ തലയെടുപ്പുള്ള ഒരു കൊമ്പന്‍ പിറന്നതു കഴിഞ്ഞ നൂറ്റാണ്ടില്‍. കൃത്യമായി പറഞ്ഞാല്‍ 1935 മാര്‍ച്ച് എട്ടിന്. കൊമ്പും തുമ്പിക്കൈയുമൊന്നും ഇല്ലെങ്കിലും ഏതു കൊലകൊമ്പനെയും മുട്ടുകുത്തിച്ചുപോന്ന സാക്ഷാല്‍ കീഴൂട്ടു ബാലകൃഷ്ണ പിള്ളയാണു കക്ഷി. പിള്ളയുടെ കൊമ്പൊടിക്കാന്‍ ഭൂമിമലയാളത്തില്‍ ഒരാള്‍ ഉണ്ടാകുമെന്നു കുറഞ്ഞപക്ഷം കൊട്ടാരക്കരക്കാരെങ്കിലും കരുതിയിരുന്നില്ല. പക്ഷേ, മാരാരിക്കുളത്തുകാരന്‍ ഒരു അച്യുതാനന്ദന്‍ അക്ഷരാര്‍ഥത്തില്‍ കൊമ്പനെ തളച്ചു. ഇടമലയാര്‍ പദ്ധതിക്കു കരാര്‍ നല്‍കിയതില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ചു പത്തിരുപതു വര്‍ഷക്കാലം പിള്ളയ്ക്കു പിന്നാലെ നടന്നു കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെ കയറിയിറങ്ങി ഒരു വര്‍ഷത്തേയ്ക്കെങ്കിലും അഴി വാങ്ങിക്കൊടുത്തു അച്യുതാനന്ദന്‍.

അന്നേ പിള്ളേച്ചന്‍ പറഞ്ഞതാണ്. അതിന്‍റെ ഫലം അച്യുതാനന്ദന്‍ അനുഭവിക്കുമെന്ന്. ഗണപതി പ്രിയനായ പിള്ള പറഞ്ഞാല്‍ ഫലിക്കുമെന്ന് അന്ന് അച്യുതാനന്ദന്‍ സ്വപ്നേപി കരുതിയില്ല. പക്ഷേ, പിള്ള ശപിച്ചാല്‍ ശപിച്ചതാണ്. ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് ഇതാ കൈയാമം അച്യുതാനന്ദന്‍റെ നേര്‍ക്കു നീളുന്നു. പിള്ളയ്ക്ക് ഒരു വര്‍ഷമാണു ജയില്‍ ശിക്ഷ ലഭിച്ചതെങ്കില്‍ അച്യുതാനന്ദനെ കാത്തിരിക്കുന്നത് ഏഴു വര്‍ഷത്തെ തടവാണ്. ഏതായാലും സഖാവിനു കാര്യം പിടികിട്ടി. ബാലകൃഷ്ണ പിള്ളയും കുഞ്ഞാലിക്കുട്ടിയും ടോമിന്‍ തച്ചങ്കരിയും മറ്റു ചിലരും കൂടി നടത്തുന്ന രാഷ്ട്രീയ പ്രേരിത കള്ളത്തരങ്ങളാണത്രേ, തനിക്കെതിരേ ഉണ്ടാക്കിയ ഈ കേസ് എന്നാണ് വിഎസിന്‍റെ വിശദീകരണം.

അതുകേട്ട എം.എം. ഹസന്‍റെ സംശയവും തള്ളിക്കളയാനാവില്ല. പിള്ളയ്ക്കും കുഞ്ഞാലിക്കുട്ടിക്കുമെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പല അവസരങ്ങളില്‍ കോടതികള്‍ പോലും തള്ളിക്കളഞ്ഞിട്ടും, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലകളില്‍ ലഭിക്കുന്ന തുച്ഛമായ ശമ്പളവും സുഹൃത്തുക്കളില്‍ നിന്നു ലഭിക്കുന്ന അല്ലറ ചില്ലറ സംഭാവനകളും വഴി വസൂലാക്കിയ കോടികള്‍ ചെലവാക്കി സുപ്രീം കോടതി വരെ കേസു നടത്തിയാണു പിള്ളയെ അകത്താക്കിയത്. അതിനു പിന്നില്‍ രാഷ്ട്രീയമായ എന്തെങ്കിലും പ്രേരണ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതു തികച്ചും യാദൃച്ഛികം.

ഉപ്പു തിന്നാല്‍ ആരെങ്കിലും വെള്ളം കുടിക്കുമോ? തിന്നു ശീലമുള്ളവരോടു തന്നെ ചോദിക്കാം. എസ്എന്‍സി ലാവലിന്‍ എന്നു പറഞ്ഞാല്‍ വെറും ഉപ്പല്ല. തെക്കന്‍ ഭാഷയില്‍പ്പറഞ്ഞാല്‍ ഉപ്പിന്‍റെ കഞ്ചാണ്. ഉപ്പ് ഉറഞ്ഞുണ്ടായ കൂറ്റന്‍ ഉപ്പു കല്ല് എന്നു പറഞ്ഞാലും മതി.

അനേകലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെലവില്‍ അച്യുതാനന്ദന്‍ സഖാവു കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വാഴുന്ന കാലം. ലാവ്ലിന്‍ കേസില്‍ സിബിഐ കയറി കൊത്തി. പഴയ വൈദ്യുതി മന്ത്രിയും നിലവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ ചോദ്യം ചെയ്യുമെന്ന് സിബിഐ വെളിപാടുണ്ടായി. സിബിഐ പറഞ്ഞു നാക്കു വായിലിട്ടില്ല, അച്യുതാനന്ദന്‍ സഖാവിന്‍റെ പ്രതികരണം വെണ്ടയ്ക്ക മുഴുപ്പില്‍ ചാനലുകളില്‍ സ്ക്രോള്‍ ചെയ്തു- ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമത്രേ..! ഒരു സഖാവിനെ വേറൊരു സഖാവു സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നതു പോലും സഹിക്കാത്ത പിണറായി, ഈ പ്രതികരണം കേട്ടപ്പോള്‍ ഫ്ളാറ്റ്! സിബിഐക്കൊണ്ടു കേസ് എടുപ്പിച്ച് എങ്ങനെയെങ്കിലും പാര്‍ട്ടി സെക്രട്ടറിയെ അകത്താക്കാന്‍ കഴിയുമോ എന്ന ഗവേഷണത്തിലായിരുന്നു അന്നു മുഖ്യമന്ത്രി.

അതിനു കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്താക്കാനെങ്കിലും ശ്രമിച്ചു നോക്കി. സിബിഐ പരാമര്‍ശം വന്ന സാഹചര്യത്തില്‍ കുറ്റാരോപിതനായ ഒരാളെ പാര്‍ട്ടി സെക്രട്ടറിയായി നിലനിര്‍ത്തുന്നതു പാര്‍ട്ടിക്കു ചീത്തപ്പേരുണ്ടാക്കുമെന്നു കാണിച്ചു കേന്ദ്ര നേതൃത്വത്തിനു കമ്പിയടിച്ച ശേഷം മാത്രമേ സഖാവ് കാപ്പി കുടിച്ചുള്ളൂ. പിണറായിക്കു കുറ്റപത്രം കിട്ടുമെന്നും വിചാരണ നേരിടുമെന്നും ശിക്ഷ മൂന്നുതരമെന്നും മനസാ കരുതി ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ അച്യുതാനന്ദന്‍ നടത്തിയ ഗൂഢ സ്മിതം ഓര്‍മശക്തിയുള്ളവര്‍ ഇപ്പോഴും സ്മരിക്കുന്നുണ്ടാകും.

ഇനി പാമോയില്‍ കേസ്. അതും പത്തിരുപതു വര്‍ഷം മുന്‍പു നടന്ന സംഭവം. പശുവും ചത്തു മോരിലെ പുളിയും പോയി കെട്ടടങ്ങിക്കിടന്നതാണത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട വിഷമത്തിനു ടി.എച്ച്. മുസ്തഫ പൊട്ടിച്ച ഉണ്ടയില്ലാ വെടിയുടെ പുക പറ്റിയായിരുന്നു സഖാവിന്‍റെ അടുത്ത കുതിപ്പ്. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി ഹനീഫ, ഉമ്മന്‍ ചാണ്ടെക്കെതിരേ പരാമര്‍ശം നടത്തിയതേയുള്ളൂ, അച്യുതാനന്ദന്‍ ഇരുന്നിടിത്തു നിന്ന് മൂന്നു മുഴം പൊങ്ങിച്ചാടി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദം ഉടന്‍ രാജി വയ്ക്കണമെന്നായിരുന്നു അടിയന്തര ആവശ്യം. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവില്ലെന്നു പിന്നാലെ വന്ന കോടതി വിധിച്ചിട്ടും ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യത്തില്‍ ഉറച്ചു നില്‍പ്പാണ് അച്യുതാനന്ദന്‍.

പണ്ടൊരിക്കല്‍ ഏതോ ചന്ദന ഫാക്റ്ററിക്കാരെ സഹായിച്ചു എന്ന് അന്നു വനം മന്ത്രി ആയിരുന്ന കെ.പി. വിശ്വനാഥനെതിരേ ഒരു കോടതി പരാമര്‍ശം വന്നപ്പോഴും ഇതേ ആവശ്യം ഉന്നയിച്ചു അന്നത്തെ പ്രതിപക്ഷ നേതാവ്. രായ്ക്കു രാമാനം കെ.പിയെ രാജി വയ്പിച്ചിട്ടേ വിഎസ് വിശ്രമിച്ചുള്ളു. അധികം വൈകാതെ, ഈ പരാമര്‍ശം കോടതി നീക്കിയെങ്കിലും പിന്നീട് ഇന്നുവരെ വിശ്വനാഥന്‍ ഗതിപിടിച്ചില്ല.

അതൊക്കെ പോകട്ടെ, വര്‍ത്തമാന പത്രങ്ങള്‍ അക്ഷരം നിരത്തി വാര്‍ത്ത അച്ചടിക്കുന്ന കാലമായിരുന്നെങ്കില്‍ കുഞ്ഞാലിക്കുട്ടി എന്ന അക്ഷരങ്ങള്‍ ഒന്നു പോലും മിച്ചമുണ്ടാകുമായിരുന്നില്ല. അത്രയ്ക്കാണു കുഞ്ഞാലിക്കുട്ടിക്കു മേല്‍ കേസുകെട്ടുകള്‍ ചാര്‍ത്തിക്കൊടുത്തത്. ആരെല്ലാം വെറുതേ വിട്ടാലും കുഞ്ഞാപ്പയെ അച്യുതാനന്ദന്‍ വെറുതേ വിടുമെന്നു തോന്നുന്നില്ല. ഇവരെല്ലാം ഉള്‍പ്പെട്ട കേസുകള്‍ക്കൊന്നിലും അസ്വാഭാവികതയോ രാഷ്ട്രീയ പ്രേരണയോ ഒന്നും സഖാവു കാണുന്നുമില്ല. തന്നെയുമല്ല, ഇവരെല്ലാം കള്ളന്മാരാണെന്നും അവര്‍ കെട്ടിച്ചമയ്ക്കുന്ന കേസുകള്‍ക്ക് തന്നെ കുടുക്കാനാവില്ലെന്ന കാര്യത്തിലും സഖാവിന് അശേഷമില്ല സംശയം. മറ്റുള്ളവരെ കള്ളന്മാരെന്നു നിര്‍ദാക്ഷിണ്യം മുദ്രകുത്താന്‍ തയാറാകുന്ന വിഎസ്, സ്വന്തം ബന്ധുവിനു വേണ്ടി ഭൂമി തട്ടിപ്പു നടത്തിയ കുറ്റത്തിന് എന്തു പേരിട്ടു വിളിക്കും ഈ പ്രതിയോഗികള്‍? ശ്രീകണ്ഠേശ്വരത്തിന്‍റെ ശബ്ദതാരാവലിയോ, നാട്ടുനടപ്പുള്ള വായ്മൊഴി വഴക്കങ്ങളോ പരതി വിവരമുള്ള ആരെങ്കിലും പറഞ്ഞുകൊടുക്കട്ടെ.

ഏതായാലും ഭൂമി തട്ടിപ്പു കേസ് നിയമപരമായി നേരിടുമെന്നാണു വിഎസ് അറിയിച്ചിരിക്കുന്നത്. മറ്റു കേസുകള്‍ പോലെ ഉറ്റമിത്രം സുപ്രീം കേടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷനെത്തന്നെ ഏല്‍പിക്കണം. അഴിമതി വിരുദ്ധ പോരാട്ടത്തില്‍ അച്യുതാനന്ദനെക്കാള്‍ മികച്ച ട്രാക്ക് റിക്കോര്‍ഡ് ആണ് അദ്ദേഹത്തിനുള്ളത്. അതില്‍ ഒരെണ്ണം അടുത്ത നാളുകളില്‍ നാട്ടുകാര്‍ അറിഞ്ഞതേയുള്ളൂ. അലാഹാബാദ് സിവില്‍ ലൈന്‍ ഏരിയയില്‍ 7818 ചതുരശ്ര മീറ്റര്‍ ഭൂമി ശാന്തി ഭൂഷന്‍ സ്വന്തമാക്കി. ഈ ഇടപാടില്‍ 1.35 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചെന്നാണ് ഈ അഴിമതി വിരുദ്ധനെതിരേ ഉയര്‍ന്ന ആരോപണം. വെറും ആരോപണമല്ല, 27 ലക്ഷം രൂപ പിഴ കെട്ടി തല്‍ക്കാലം തടിതപ്പി.

അച്യുതാനന്ദന്‍ സഖാവു പിള്ളയ്ക്കെതിരായ കേസു നടത്തിയതും കുഞ്ഞാലിക്കുട്ടിക്കെതിരായ നിയമോപദേശം നല്‍കിയതും പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ തന്ത്രങ്ങള്‍ മെനയുന്നതുമൊക്കെ ശാന്തി ഭൂഷന്‍റെ കൂടി പിന്‍ബലത്തിലാണെന്നാണ് അറിവുള്ളവര്‍ പറയുന്നത്. ഇപ്പോഴത്തെ ഭൂമി തട്ടിപ്പു കേസില്‍ അച്യുതാനന്ദനെ കുടുക്കാമെന്ന് ഉമ്മന്‍ ചാണ്ടിയും ബാലകൃഷ്ണ പിള്ളയും കുഞ്ഞാലിക്കുട്ടിയും ടോമിന്‍ തച്ചങ്കരിയുമൊന്നും സ്വ്പനം കാണേണ്ട. വിഎസിന്‍റെ കേസ് നടത്താന്‍ ശാന്തി ഭൂഷനുണ്ടാകും. അതിനു വേണ്ടി പണപ്പിരിവു നടത്താന്‍ ഒട്ടേറെ സുഹൃത്തുക്കളുമുണ്ടാകും. വേണ്ടിവന്നാല്‍ ജുഡീഷ്യറിയെ പിടിക്കാന്‍ കംപ്ലയ്ന്‍റ് കുമാറുണ്ടാകും. വഴി പറഞ്ഞുകൊടുക്കാന്‍ റൗഫ് എപ്പോഴേ റെഡി! വി.എസ് ആരാ മോന്‍?
Rate This News :
Latest News