പത്തു കോടി ഇനാം
Published : Tuesday,
January 17,
2012
ഇസ്ലാമാബാദ്
പാക്കിസ്ഥാന്‍റെ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷ്റഫിന്‍റെ തലയ്ക്ക് 101 മില്യണ്‍ (10കോടി 10 ലക്ഷം) രൂപ ഇനാം നല്‍കുമെന്ന് പ്രഖ്യാപനം. ദിവസങ്ങള്‍ക്കം മുഷ്റഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്താനിരിക്കെ, വധിക്കപ്പെട്ട ബലൂചിസ്ഥാന്‍ നേതാവ് അക്ബര്‍ ബുഗ്തിയുടെ ചെറുമകനാണ് പ്രഖ്യാപനം നടത്തിയത്.
മുഷ്റഫിനെ വധിക്കുന്ന ഏതൊരാള്‍ക്കും 10 കോടി വിലമതിക്കുന്ന ബംഗ്ലാവും പത്തു ലക്ഷം രൂപ പണമായും നല്‍കുമെന്ന് ബുഗ്തിയുടെ ചെറുമകന്‍ ഷാസെയ്ന്‍ ബുഗ്തി. കൊല നടത്തുന്നയാളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും ഷാസെയ്ന്‍.
മുഷ്റഫിന്‍റെ ഭരണകാലത്ത് ബലൂചിസ്ഥാനില്‍ നടത്തിയ സൈനിക നടപടിയിലാണ് അക്ബര്‍ ബുഗ്തിയും അനുയായികളും വധിക്കപ്പെട്ടത്. പ്രസിഡന്‍റും സൈനിക മേധാവിയുമായിരുന്ന മുഷ്റഫിന്‍റെ ഉത്തരവ് പ്രകാരമായിരുന്നു സൈനിക നടപടി.
മുഷ്റഫിനെ തൂക്കിക്കൊല്ലണമെന്ന് സിന്ധ് പ്രവിശ്യയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ഷാസെയ്ന്‍. രാജ്യത്തു തിരിച്ചെത്തുന്ന മുഷ്റഫിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. നൂറു കണക്കിനു പേരുടെ മരണത്തിന് ഉത്തരവാദിയാണ് മുഷ്റഫ്. ലാല്‍ മസ്ജിദ് ഓപ്പറേഷനിടെ ഒട്ടേറെ പേരെ മുഷ്റഫിന്‍റെ സൈന്യം കൊലപ്പെടുത്തി. വധിക്കപ്പെടേണ്ടവന്‍ ആണെന്ന് മത പണ്ഡിതര്‍ വിധിച്ചയാളാണ് മുന്‍ പ്രസിഡന്‍റ് എന്നും ഷാസെയ്ന്‍.
2009 മുതല്‍ വിദേശത്തു കഴിയുന്ന മുഷ്റഫ് ഈ മാസം 27നും 30നും ഇടയില്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബേനസീര്‍ ബൂട്ടോ വധ കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുഷ്റഫ് അറസ്റ്റ് ഭീഷണിക്കിടെയാണ് തിരിച്ചെത്തുന്നത്.
Close...
Maximum Character Allowed -
4000