വേറിട്ട വരമൊഴികള്‍
Published : Wednesday,
January 18,
2012
സൂര്യ സുരേഷ്
വൈക്കം മുഹമ്മദ് ബഷീറിനേയും നെല്‍സണ്‍ മണ്ടേലയേയും ഒരുമിച്ചു കാണാം. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ അടുത്ത് മിസ്റ്റര്‍ ബീന്‍ പതിവുമുഖവുമായി പരുങ്ങുന്നതും വീക്ഷിക്കാം. ഇവരൊക്കെ കുറച്ചു ദിവസമായി എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ എത്തിയിട്ടുണ്ട്. വരയുടെ വിരുതില്‍ വിരിഞ്ഞ കാരിക്കേച്ചറുകളായി കാഴ്ചക്കാരനു കൗതുകം പകരുന്ന അനേകം കഥാപാത്രങ്ങള്‍, മുഖങ്ങള്‍. നെല്‍സണ്‍ മണ്ടേല, കോണ്ടലീസ റൈസ്, ജെയിംസ് കാമറൂണ്‍... വാര്‍ത്തയുടെ ഇടങ്ങളില്‍ പോയകാലങ്ങളില്‍ സജീവമായിരുന്ന നിരവധി പേരുടെ കാരിക്കേച്ചറുകളുടെ പ്രദര്‍ശനം. മെട്രൊ വാര്‍ത്ത എക്സിക്യൂട്ടിവ് ആര്‍ട്ടിസ്റ്റ് തോമസ് ആന്‍റണിയുടെ കാരിക്കേച്ചര്‍ പ്രദര്‍ശനം ഫ്രൈഡേ ദ തേര്‍ട്ടീന്‍ത്ത് ശ്രദ്ധേയമാകുന്നു.
ദേശീയ - അന്തര്‍ദേശീയനേതാക്കള്‍, സിനിമക്കാര്‍, സ്പോര്‍ട്സ് താരങ്ങള്‍, സാഹിത്യകാരന്മാര്‍. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം പ്രശസ്തര്‍. ഒരു കാരിക്കേച്ചറില്‍ കാഴ്ച കൊരുത്ത് അടുത്തതിലേക്കെത്തുമ്പോള്‍ അത്ഭുതം തോന്നും. വരയുടെ വിസ്മയം മാത്രമല്ല അപാരമായ ഭാവനയുടെ കൂട്ടും ഒത്തുച്ചേരുന്ന കാരിക്കേച്ചറുകള്‍. പതിവു കാര്‍ട്ടൂണുകളില്‍ നിന്നും കാരിക്കേച്ചറുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ രചനാരീതി. മനുഷ്യരൂപങ്ങളിലെ ഓവര്‍ എക്സാജറേഷന്‍ പലപ്പോഴും നമ്മെ ചിരിപ്പിക്കും, അതിനപ്പുറം ചിന്തയുടെ ഒരു വഴി കൂടി തുറന്നിടുന്നു തോമസ് ആന്‍റണിയുടെ വര. നാല്‍പതു കാരിക്കേച്ചറുകളാണു ഫ്രൈഡേ ദ തേര്‍ട്ടീന്‍ത്ത് എന്ന പ്രദര്‍ശനത്തിലുള്ളത്. എല്ലാം ചെയ്തിരിക്കുന്നതു വാട്ടര്‍ കളറിലും.
സൂകിയും കോണ്ടോലിസയും
ചായങ്ങള്‍ മാത്രമല്ല. അതിശയോക്തിയും ചാലിച്ചിട്ടുണ്ട് ചിത്രങ്ങളില്‍. ഒരാളുടെ അപ്പിയറന്‍സില്‍ പെട്ടെന്നു ശ്രദ്ധിക്കുന്ന ഘടകമേതോ അതിന്‍റെ എക്സാജറേഷന്‍. പല്ലുകള്‍ മാത്രമായി ബ്രസീലിയന്‍ ഫുട്ബോളര്‍ റൊണാള്‍ഡീഞ്ഞോ, അതാണ് നല്ല ഉദാഹരണം. 2000ലെ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഇറാനില്‍ നടത്തിയ മത്സരത്തില്‍ ടോപ്പ് ലിസ്റ്റില്‍ വന്ന കാരിക്കേച്ചറാണിത്. മലയാളിയുടെ മനസില്‍ പതിഞ്ഞു പോയ മറ്റൊരു ഇമേജ്, ചാരുകസേരയിലിരുന്ന് എഴുതുന്ന ബഷീര്‍ തൊട്ടരികില്‍ ഗ്രാമഫോണും. അവതാറിന്‍റെ ശില്‍പ്പിയെ അവതാര്‍ കോസ്റ്റ്യൂമില്‍ അണിയിച്ചൊരുക്കിയാല്‍ എങ്ങനെയിരിക്കും..? ക്യാന്‍വാസില്‍ ജെയിംസ് കാമറൂണ്‍. നീണ്ട കഴുത്തുമായി മ്യാന്‍മറിന്‍റെ വിമോചന നായിക ഓങ് സാന്‍ സ്യൂകി മറ്റൊരു വശത്തുണ്ട്. 2010 ല്‍ വേള്‍ഡ് പ്രസ് ബുക്കില്‍ ഉണ്ടായിരുന്ന കാരിക്കേച്ചറാണിത്.
അമേരിക്കന്‍ നയതന്ത്രജ്ഞ കോണ്ടോലിസ റൈസിന്‍റെ ചിത്രം ഏറെ ശ്രദ്ധേയം. സിറിയയില്‍ പ്രദര്‍ശനത്തിനുണ്ടായ ഇതിന്‍റെ ഒറിജിനല്‍ ഇപ്പോഴും സിറിയയില്‍ത്തന്നെ. നിറഞ്ഞ ചിരിയോടെയുളള നമ്മുടെ പ്രധാനമന്ത്രിയുടെ കാരിക്കേച്ചറിനുമുണ്ട് ഒരുപാടു പ്രത്യേകതകള്‍. ഇന്ത്യയിലെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും ചേര്‍ന്നു മന്‍മോഹന്‍സിങ്ങിനെ വരച്ച് പുസ്തകമാക്കി അദ്ദേഹത്തിനു നല്‍കുകയുണ്ടായി. അതിന്‍റെ കവര്‍പേജായിരുന്നു ഈ ചിത്രം. അമേരിക്കന്‍ നടന്‍ ജാക്ക് നിക്കോള്‍സണു മറ്റൊരു വേറിട്ട ആവിഷ്കാരം. കാരിക്കേച്ചര്‍ കാണുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക നിക്കോള്‍സന്‍റെ നിരയൊത്ത പല്ലുകള്‍. വേള്‍ഡ് പ്രസിന്‍റെ ടോപ്പ് ടെന്നില്‍ ഇടം പിടിച്ച ചിത്രം. ഇന്ത്യയുടെ മില്‍ക്ക്മാന്‍ ഡോ. വര്‍ഗീസ് കുര്യന് തോമസ് ആന്‍റണിയുടെ ക്യാന്‍വാസില്‍ ഒരു പശുവിന്‍റെ രൂപത്തോടു സാദൃശ്യം. ചിന്തകളുടെയും ഭാവനയുടെയും ചിറകുകള്‍ക്ക് എത്രത്തോളം പറന്നുയരാമെന്നതിന്‍റെ മറ്റൊരു ഉദാഹരണം. ഹൈദരാബാദിലെ ഇന്ത്യ ഇന്‍റര്‍നാഷണല്‍ കാര്‍ട്ടൂണ്‍ സൊസൈറ്റിയുടെ അവാര്‍ഡ് നേടിയ സോണിയ ഗാന്ധിയുടെ കാരിക്കേച്ചറും പ്രദര്‍ശനത്തിലുണ്ട്. ഇറാന്‍ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ച മദര്‍ തെരേസയുടേയും വേള്‍ഡ് പ്രസ്സിന്‍റെ കാര്‍ട്ടൂണ്‍ ബുക്കില്‍ ഇടം നേടിയ ബുഷിന്‍റേയും ഒബാമയുടെയുമെല്ലാം കാരിക്കേച്ചറുകള്‍ പ്രദര്‍ശനത്തിലെ സാന്നിധ്യങ്ങള്‍.
ബഷീറിന്‍റെ ആരാധകര്‍
അമ്പതിലധികം രാജ്യങ്ങളില്‍ തോമസ് ആന്‍റണിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനമാണിത്. നിരവധി അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്. 2007ല്‍ യുണൈറ്റഡ് നേഷന്‍സ് പോളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ്, 2009 ല്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡ്, 2001 ല്‍ നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് എന്നിവ ചിലതുമാത്രം. വേള്‍ഡ് കാര്‍ട്ടൂണ്‍ ബുക്കിലും ഇദ്ദേഹ ത്തിന്‍റെ കാര്‍ട്ടൂണുകള്‍ ഇടം നേടിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം പത്തൊമ്പതിന് അവസാനിക്കും.
കാരിക്കേച്ചറുകളുടെ പ്രദര്‍ശനം നാലു ദിവ സം പിന്നിടുന്നു, ഇത്രയും ദിവസത്തെ അനുഭവം... ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പേയെത്തിയ മറുപടിയും വര പോലെ വ്യത്യസ്തം,
കഥയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിനോടുള്ള അവസാനിക്കാത്ത ആരാധനയാണ് അത്ഭുതപ്പെടുത്തിയത്. പ്രദര്‍ശനം കാണാന്‍ എത്തിയവരില്‍ മിക്കവരും ബഷീറിന്‍റെ ചിത്രത്തിന്‍റെ ഒരു കോപ്പി ചോദിച്ചു. ആ ചാരുകസേരയും ഗ്രാമഫോണും ചിരപരിചിതനായ മനുഷ്യനും മലയാളിയുടെ മനസിന്‍റെ മാഞ്ചോട്ടില്‍ നിന്ന് തെല്ലും മാഞ്ഞിട്ടില്ല...
Close...
Maximum Character Allowed -
4000