Wednesday, May 23, 2012   6:12 PM IST
Vaartha BlogRSS
Loading
സ്വകാര്യ മേഖലയ്ക്ക്
Published : Monday, January 23, 2012
|
  
Text Size
ന്യൂഡല്‍ഹി

കുടിവെള്ളവും വൈദ്യുതിയുമുള്‍പ്പെടെ അവശ്യ സേവന മേഖലകളില്‍ നിന്നു സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറണമെന്നു കേന്ദ്ര ആസൂത്രണ കമ്മിഷന്‍. ഈ മേഖലകള്‍ പൂര്‍ണമായി സ്വകാര്യവത്കരിക്കണമെന്നും സബ്സിഡികള്‍ ഒഴിവാക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

ദേശീയ ജലനയത്തിന്‍റെ കരടിലാണു ജനസംഖ്യയിലെ നല്ലൊരു ശതമാനം പൊതു ടാപ്പിനെ ആശ്രയിക്കുന്ന രാജ്യത്ത് കുടിവെള്ള വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ ശുപാര്‍ശ. നിര്‍ദേശങ്ങളെക്കുറിച്ചു ജലവിഭവ മന്ത്രാലയം വിവിധ തലങ്ങളില്‍ ചര്‍ച്ച തുടങ്ങി. 15 പേജുള്ള കരട് വിദഗ്ധ സമിതികളും പരിശോധിച്ചുവരുന്നു. വെള്ളത്തിനും വൈദ്യുതിക്കും വന്‍തോതില്‍ വില വര്‍ധിക്കാനിടയാക്കുന്നതാണു 2005ലെ ലോകബാങ്ക് നല്‍കിയ നിര്‍ദേശത്തിന്‍റെ ചുവടുപിടിച്ചു തയാറാക്കിയ നയം.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സബ്സിഡി നല്‍കരുതെന്നു നിര്‍ദേശിക്കുന്ന കമ്മിഷന്‍ ജലവിതരണം ഏറ്റെടുക്കുന്ന സ്വകാര്യ ഏജന്‍സിക്ക് ഇളവുകളും ഇന്‍സെന്‍റീവും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നതു വിരോധാഭാസം.

സേവനദാതാവെന്ന ചുമതല സര്‍ക്കാര്‍ പൂര്‍ണമായി ഉപേക്ഷിച്ചു ജലവിതരണം സ്വകാര്യ മേഖലയെയും സൊസൈറ്റികളെയും ഏല്‍പ്പിക്കാനാണു പ്രധാന ശുപാര്‍ശ. പശ്ചാത്തലസൗകര്യമൊരുക്കുന്നതില്‍ മാത്രം മതി സര്‍ക്കാര്‍ ഇടപെടല്‍. കാര്‍ഷിക, ഗാര്‍ഹിക ഉപയോഗമുള്‍പ്പെടെ വെള്ളത്തിനു സബ്സിഡി പൂര്‍ണമായും പിന്‍വലിക്കണം. എന്നാല്‍, മലിന ജലം ശുദ്ധീകരിക്കാനും പുനരുപയോഗിക്കാനും സംവിധാനം സജ്ജമാക്കുന്ന സ്വകാര്യ ഏജന്‍സികള്‍ക്ക് സബ്സിഡിയും ഇന്‍റന്‍സീവും നല്‍കണം.

കാര്‍ഷിക വൈദ്യുതി കണക്ഷന്‍ വേണ്ടെന്നാണ് കമ്മിഷന്‍റെ നിലപാട്. വൈദ്യുതിയും ജലവും പാഴാക്കുന്ന ഇടപാടാണത്രെ ഇത്. വിപണിയില്‍ മത്സരം ഉറപ്പാക്കി സംശുദ്ധമായ വെള്ളം എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ നിര്‍ദേശിക്കുന്ന രേഖയില്‍ വെള്ളത്തിനു വിപണി വില ഈടാക്കാമെന്നും പറയുന്നു. വില സ്വകാര്യമേഖല നിശ്ചയിക്കും.

ജലസേചനം, കുടിവെള്ളം, ശുചീകരണം രംഗങ്ങളില്‍ മത്സരം ഉണ്ടാകണമെന്നും കരടിലുണ്ട്. വൃത്തിയുള്ള ചുറ്റുപാട്, ആരോഗ്യം തുടങ്ങിയവയ്ക്ക് അവകാശമുണ്ടെന്നിരിക്കെ എല്ലാ കുടുംബങ്ങള്‍ക്കും വെള്ളം ലഭിക്കണമെന്നു പറയുന്ന കരടില്‍ പക്ഷേ, വെള്ളം അടിസ്ഥാന അവകാശമെന്നു പറയാന്‍ തയാറായിട്ടില്ല.

സംസ്ഥാനാന്തര നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തില്‍ ട്രൈബ്യൂനല്‍ സ്ഥാപിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. വന്‍കിട ജലവൈദ്യുത പദ്ധതികളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പദ്ധതികൊണ്ടു പ്രയോജനം ലഭിക്കുന്നവര്‍ക്കു തുല്യമായി പുരോഗതിയുടെ വിഹിതത്തിന് അര്‍ഹതയുണ്ടെന്നും കരട് പറയുന്നു. അഥവാ ജലവൈദ്യുത പദ്ധതിയിലെ വെള്ളത്തിന്‍െ വിലയ്ക്കനുസൃതമായിരിക്കണം നഷ്ടപരിഹാരം.

ഉത്പാദനച്ചെലവിന് ആനുപാതികമായിരിക്കണം വൈദ്യുതിക്കു വിലയെന്നും മുന്‍ സിഎജി വി.കെ. ഷുംഗ്ലു ചെയര്‍മാനായ സമിതിയുടെ നിര്‍ദേശം. താരിഫ് റെഗുലേറ്ററി കമ്മിഷനുകള്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിനു വഴങ്ങി ചെലവിന് അനുസൃതമായി വില നിര്‍ണയിക്കുന്നില്ല.

ഹൈക്കോടതി സിറ്റിങ് ജഡ്ജി ചെയര്‍മാനും കേന്ദ്ര താരിഫ് റെഗുലേറ്ററി കമ്മിഷനംഗം, ചീഫ് സെക്രട്ടറി, മറ്റേതെങ്കിലും സംസ്ഥാനത്തെ പിഎസ്സി അംഗം എന്നിവര്‍ അംഗങ്ങളുമായി കമ്മിഷനുകളെ പുനഃസംഘടിപ്പിക്കണമെന്നും കമ്മിഷന്‍.

പ്രധാനമായി കാര്‍ഷികമേഖലയെ ആശ്രയിക്കുന്ന രാജ്യത്ത് മിക്ക സംസ്ഥാനങ്ങളും കൃഷിക്കു വൈദ്യുതി സൗജന്യമായോ സബ്സിഡികളോടെയോ ആണു നല്‍കുന്നത്. ഇതു നിര്‍ത്തിവച്ചാല്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥ അപ്പാടെ തകരുമെന്നതു നയം തയാറാക്കിയ കമ്മിഷന്‍ കണക്കിലെടുത്തിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വികസിത രാജ്യങ്ങളില്‍ ജലവിതരണമുള്‍പ്പെടെ എല്ലാ രംഗത്തും സാധാരണക്കാര്‍ക്കും കൃഷിക്കാര്‍ക്കും സൗജന്യങ്ങള്‍ അനുവദിക്കുന്നുണ്ടെന്നതും കരട് നയത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല.
Rate This News :
Latest News