Wednesday, May 23, 2012   6:12 PM IST
Vaartha BlogRSS
Loading
മായന്മാരും മണ്ടത്തരങ്ങളും
Published : Monday, January 23, 2012
|
  
Text Size
സിപിആര്‍

കമ്യൂണിസത്തിനോളം പോന്ന പിടിപ്പോ പാണ്ഡിത്യമോ പഠിപ്പോ പത്രാസോ ഒന്നും മായനിസത്തിനില്ല. ഉത്പാദനത്തിലും ഉപയോഗത്തിലും സ്വകാര്യതകളില്ലാതെ, പൊതു ഉടമസ്ഥാവകാശത്തിലേക്കു ലക്ഷ്യം വയ്ക്കുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക പ്രത്യയശാസ്ത്രമാണു കമ്യൂണിസം. വര്‍ഗരഹിത-പണരഹിത-ഭൂരഹിത-സ്ഥിതിസമത്വ-വിപ്ലവ പ്രത്യയശാസ്ത്രം എന്നും എളുപ്പത്തിന് വിവക്ഷിക്കാം. ജര്‍മന്‍ ഫിലോസഫര്‍ കാള്‍ മാക്സിന്‍റെ കാലത്താണ് അതു തുടങ്ങിയതെന്നാണു കമ്യണിസ്റ്റ് സഖാക്കളില്‍ നല്ലപങ്കും വിശ്വസിച്ചിരിക്കുന്നത്. ഈ അറിവ് ശരിയാണെങ്കില്‍ കമ്യൂണിസം രൂപം കൊണ്ടിട്ട് രണ്ടു നൂറ്റാണ്ടു തികഞ്ഞിട്ടില്ല. വിശ്വ മാനവ സംസ്കൃതിയുടെ ചരിത്രം പഠിക്കുന്നവര്‍ക്ക് അതു തീരെച്ചെറിയ ഒരു കാലഘട്ടമാണ്. പ്രായം കൊണ്ട് അത്രയും ചെറിയൊരു പ്രത്യയസാസ്ത്രത്തിനു പത്രാസു പോരെന്ന് വിജ്ഞാനപടുക്കളായ ചില കമ്യൂണിസ്റ്റുകാരെങ്കിലും കരുതുന്നുണ്ട്. അവരുടെ ചരിത്രാന്വേഷണം ഇന്നും തുടരുന്നു.

വന്നുവന്ന് ഈ അന്വേഷണം എത്തിനില്‍ക്കുന്നത് ക്രിസ്തുവിനും 350ല്‍പ്പരം വര്‍ഷം മുന്‍പ് പുരാതന ഗ്രീക്ക് ദേശത്താണ്. ഇന്നു ലോകത്തെ നയിക്കുന്ന വിശ്രുത സംസ്കാരങ്ങളുടെയെല്ലാം മാതാവാണ് പുരാതന ഗ്രീക്ക് സംസ്കാരം എന്നാണു വയ്പ്. അതിനും രണ്ടുമൂന്നു സഹസ്രാബ്ദങ്ങള്‍ മുന്‍പ് സിന്ധു -ഗംഗാ നദീതടങ്ങളില്‍ വേരുറപ്പിച്ചിരുന്ന ആര്‍ഷ സംസ്കാരമാണു മറ്റെല്ലാ സംസ്കാരങ്ങളുടെയും മാതാവ് എന്ന് നമ്മള്‍ ഇന്ത്യക്കാര്‍ മേനി പറഞ്ഞാലും സായിപ്പു സമ്മതിച്ചു തരില്ല. അതവിടെ നില്‍ക്കട്ടെ. നമുക്ക് കമ്യൂണിസത്തെക്കുറിച്ചു ചിന്തിക്കാം.

മുന്‍പറഞ്ഞ ഗ്രീക്കുദേശത്തെ പ്രതാപിയായ ചിന്തകനായിരുന്നു പ്ലേറ്റോ. പ്ലേറ്റോയുടെ കാലത്ത് ഗ്രീക്കില്‍ സ്വകാര്യ സ്വത്തുക്കള്‍ അനുവദിക്കപ്പെട്ടിരുന്നില്ല. രാജ്യത്തുള്ളതെല്ലാം പൊതുസ്വത്ത്. അതായത് എന്‍റേതെന്നോ നിന്‍റേതെന്നോ വ്യത്യാസമില്ല. സ്വത്തു മാത്രമല്ല, ഭാര്യമാര്‍, മക്കള്‍ തുടങ്ങിയ ഒന്നും ആര്‍ക്കും സ്വന്തമായിരുന്നില്ല. എല്ലാം എല്ലാവരുടെയും സ്വന്തം.

പ്ലേറ്റോയുടെ കാലത്തു പുരാതന ഗ്രീസില്‍ അനുവര്‍ത്തിച്ച ഈ സംസ്കാരം ജര്‍മന്‍ സായിപ്പ് മാര്‍ക്സ് അടിച്ചുമാറ്റി അതില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി ഉണ്ടാക്കിയതാണത്രേ കമ്യൂണിസം. വര്‍ഗരഹിത-പണരഹിത-ഭൂരഹിത-സ്ഥിതിസമത്വ-വിപ്ലവ പ്രത്യയശാസ്ത്രത്തില്‍, സാമ്പത്തിക സ്രോതസുകളുടെ ഉത്പാദനത്തിലും ഉപയോഗത്തിലും സ്വകാര്യതകളില്ലാതെ, പൊതു ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക പ്രത്യയശാസ്ത്രം എന്ന കമ്യൂണിസത്തിന്‍റെ പിറവി അങ്ങനെ. പറഞ്ഞുവരുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്നാല്‍ പലരും കരുതുന്നതു പോലെ ഒന്നോ ഒന്നരയോ നൂറ്റാണ്ടു മാത്രം പഴക്കമുള്ള ഒന്നല്ല. സഹസ്രാബ്ദങ്ങളുടെ പിന്‍ബലമുണ്ട് അതിന്. അതുവച്ചു നോക്കിയാല്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമൊക്കെ ഇന്നലെ കിളിര്‍ത്ത തളിരുകള്‍.

ഇനി മായനിസത്തെക്കുറിച്ചു രണ്ടു വാക്ക്. കമൂണിസ്റ്റുകാരെപ്പോലെ പ്രത്യയശാസ്ത്രപരമായ വലിയ പിടിപാടൊന്നും മായനിസ്റ്റുകള്‍ക്കില്ല. പ്ലേറ്റോ മുതല്‍ മാര്‍ക്സ് വരെയുള്ള ചിന്തകരും അവര്‍ക്കില്ല. ആകെയുള്ളത് കമ്യൂണിസ്റ്റുകാരെക്കാള്‍ വിശ്വാസപ്രമാണങ്ങളിലുള്ള അടിയുറച്ച വിശ്വാസം മാത്രം. കമ്യൂണിസ്റ്റുകാര്‍ക്കു ചിലപ്പോഴെങ്കിലും ചില തെറ്റുകള്‍ പറ്റാം. സമയംപോലെ അവരതു തിരുത്തുകയും ചെയ്യും. എന്നാല്‍ മായനിസ്റ്റുകള്‍ക്ക് അങ്ങനെ തെറ്റാറില്ല. അതുകൊണ്ട് ഒരിക്കലും തിരുത്തേണ്ടി വന്നിട്ടുമില്ല.

ചരിത്രം പരിശോധിച്ചാല്‍ പ്ലേറ്റോയെക്കാള്‍ സീനിയറാണു മായന്‍. ആരാണ് കക്ഷി എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറഞ്ഞുതരാനുള്ള അറിവൊന്നും ഈയുള്ളവനില്ല. എല്ലാം ഒരു മായ എന്നു പുരാണങ്ങളില്‍ പറയാറില്ലേ? ഏതാണ്ട് അതുപോലെ അരൂപിയായ ഒരു വിശ്വാസ സങ്കല്പത്തില്‍ അധിഷ്ഠിതമായ കുറേ തത്വചിന്തകളുടെ സമന്വയം എന്നു തല്‍ക്കാലം പറയാം. അതിനൊരു നായകനുണ്ടോ, അദ്ദേഹത്തിന് ഒരു രാജ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളിലുമുണ്ട് അവ്യക്തതകള്‍.

ഏതായാലും മായനിസത്തില്‍ വിശ്വസിക്കുന്നവരെ മായനിസ്റ്റുകള്‍ എന്നാണു വിളിക്കുന്നത്. അവരുടെ വിശ്വാസ പ്രമാണപ്രകാരം നാമെല്ലാം അധിവസിക്കുന്ന ഈ അണ്ഡകടാഹത്തിന് ഇനി കഷ്ടിച്ച് 333 ദിവസത്തെ ആയുസേ ബാക്കിയുള്ളൂ. അതായത് 2012 ഡിസംബര്‍ 21ന് (സമയം കൃത്യമായി പറഞ്ഞിട്ടില്ല) ഭൂലോകത്തിന്‍റെ കാര്യം ക്ലോസ്. ലോകാവസാനം എന്നു ചുരുക്കം.

മായനിസ്റ്റുകള്‍ ഇതു വെറുതേ പറയുന്നതല്ല. അവരുടെ കലണ്ടര്‍ അവസാനിക്കുന്നത് 5125ലാണ്. നമ്മുടെ കലണ്ടര്‍പ്രകാരം അത് 2012 ഡിസംബര്‍ 21 ആയിപ്പോയി. കലണ്ടര്‍ ഇല്ലാതെ ഭൂമിക്കു സൂര്യനെ വലം വയ്ക്കാന്‍ കഴിയില്ല. സൂര്യചന്ദ്രന്മാര്‍ക്കു ഭൂമിയെ കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് ലോകാവസാനമെന്ന പ്രവചനം.

അതിനു മുന്‍പ് കൈയിലുള്ളതെല്ലാം കിട്ടുന്ന വിലയ്ക്കു വിറ്റുപെറുക്കി വയറ്റിനു കൊള്ളാവുന്ന വല്ലതും വാങ്ങി കഴിക്കുകയോ മനുഷ്യനു ചേര്‍ന്ന തരത്തില്‍ മനസിനിണങ്ങി ജീവിക്കുകയോ ചെയ്താല്‍ കൊള്ളാം. ഇല്ലെങ്കില്‍ അതിനുള്ള യോഗമില്ലെന്നു കണ്ട് വല്ല പാതാളത്തിലേക്കും മുങ്ങിത്താഴാന്‍ തയാറായിക്കൊള്ളുക.

ഇനിയാണു മായനിസവും കമ്യൂണിസവും തമ്മിലുള്ള പ്രശ്നം. മായന്‍ കലണ്ടര്‍പ്രകാരം ലോകത്തിന്‍റെ കാര്യം ഒരു വഴിക്കായി. എന്നാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കാര്യം അങ്ങനെയല്ല. പ്രത്യേകിച്ചും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച്. ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ കമ്യൂണിസവും കാള്‍ മാക്സും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയിലാണ്. ലോകാവസനത്തോടൊപ്പം തങ്ങളുടെ വിശ്വാസ സങ്കല്പങ്ങളും കടലെടുത്തുപോകുമെന്നു മായന്മാരെപ്പോലെ ചിന്തിക്കുന്ന മഠയന്മാരല്ല കമ്യൂണിസ്റ്റുകള്‍.

പ്രത്യയശാസ്ത്ര പ്രതിലോമതകള്‍ കൊണ്ടാണോ അതോ വര്‍ഗശത്രുക്കളുടെ ചെറുത്തു നില്പുകൊണ്ടാണോ എന്നറിയില്ല, മാര്‍ക്സിന്‍റെ നാട്ടില്‍പ്പോലും ഇപ്പോള്‍ കമ്യൂണിസ്റ്റുകളെ കാണാനില്ല. യൂറോപ്പില്‍ അത്ര വ്യാപകമായിരുന്നില്ലെങ്കിലും സോവ്യറ്റ് യൂണിയനില്‍ എന്തായിരുന്നു പ്രതാപം. അവിടെയിപ്പോള്‍ റെയ്ല്‍വേ ലൈനില്‍ മാത്രമാണു ചെങ്കൊടിയെന്നു പ്രസംഗിച്ചു നടപ്പാണ് വി.ഡി. സതീശനെപ്പോലുള്ള ശത്രുക്കളുടെ പ്രധാന പണി.

സോവ്യറ്റ് തകര്‍ച്ചയ്ക്കു കാരണം മിഖായെല്‍ ഗോര്‍ബഷെവ് എന്ന പഴയ സഖാവിന്‍റെ ഗ്ലാസ്നസ്തും പെരിസ്ത്രോയ്ക്കയും മറ്റു ചില ഏടാകൂടങ്ങളുമായിരുന്നു. റഷ്യയോടു തൊട്ടുകിടക്കുന്ന ചൈനയുടെ കാര്യമാണു കഷ്ടം. കമ്യൂണിസ്റ്റ് ചൈന എന്ന് ഇനി എത്രകാലം വിളിക്കും ആ രാജ്യത്തെ? കച്ചവടത്തില്‍ അമേരിക്കയോടും ഇംഗ്ളീഷുകാരോടും ജപ്പാനോടുമൊക്കെയാണു സഖാക്കളുടെ മത്സരം. കാശിന്‍റെ കാര്യത്തില്‍ ഷെര്‍ലോക്കിന്‍റെ കണക്കും ഇയാഗോയുടെ ചിരിയുമാണത്രേ സഖാക്കള്‍ക്ക്. തിരുവായക്ക് എതിരു പറയണമെന്നുള്ളവര്‍ ടിയനെന്‍മെന്‍ ചത്വരം കണ്ടു വണങ്ങി, അവസാന ആഗ്രഹവും സാധിച്ചേ ബീജിങ്ങില്‍ വണ്ടി ഇറങ്ങാവൂ.

ക്യൂബ ആയിരുന്നു പിന്നെയൊരു പ്രതീക്ഷ. അവിടെ ഒരു പെരുമഴ പെയ്താല്‍ കേരളത്തില്‍ കുടപിടിക്കുമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റിനെ തള്ളിപ്പറഞ്ഞ്, ഫിദല്‍ കാസ്ട്രോ എന്നു കേട്ടാല്‍ ജയ് വിളിക്കുന്നവര്‍ എത്രയായിരുന്നു വംഗനാട്ടിലും ത്രിപുരയിലും കേരളത്തിലും. താമസം കേരളത്തിലായിരുന്നെങ്കിലും മനസ് ക്യൂബയിലായിരുന്ന എത്രയെത്ര മുകുന്ദന്മാരുണ്ടായിരുന്നു ഇവിടെ? ഇവിടുത്തെപ്പോലെ വംശാധിപത്യം, സ്വേച്ഛാധിപത്യം എന്നൊന്നും അവിടെ ഇല്ലായിരുന്നു. കമ്യൂണിസ്റ്റ്കാരനാണോ, വിളിച്ചു കൊണ്ടുപോയി മന്ത്രിയാക്കും. അതായിരുന്നു രീതി.

പക്ഷേ, പ്രായമായപ്പോള്‍ കാസ്ത്രോ ഇങ്ങനെയൊരു പണി ചെയ്യുമെന്ന് ആരെങ്കിലും കരുതിയോ? ഒരു കോടിയിലധികം വരുന്ന ക്യൂബന്‍ കമ്യൂണിസ്റ്റുകാരില്‍ ഒരാള്‍ക്കെങ്കിലും അധികാരം കൈമാറാതെ അനുജന്‍ റൗള്‍ കാസ്ത്രോയെ പിടിച്ചു പ്രസിഡന്‍റ് ആക്കിയില്ലേ കക്ഷി? ഇതാണോ ഒരു നല്ല കമ്യൂണിസ്റ്റ് ചെയ്യേണ്ടിയിരുന്നത്.

ഏതായാലും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനൊന്നും സംഭവിക്കില്ല, മൂന്നുതരം. കാരണം പാര്‍ട്ടിയെ നയിക്കുന്നത് കൊമ്രേഡ് പ്രകാശ് കാരാട്ട് ആണ്. നല്ല കമ്യൂണിസ്റ്റ്കാരെ കണ്ടാല്‍ അദ്ദേഹത്തിനു പെട്ടെന്നു തിരിച്ചറിയാം. ഈ വര്‍ഷം ലോകാവസാനം പ്രവചിച്ച മായന്മാരെപ്പോലെ, ഇന്ത്യയില്‍ നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ക്കും അന്ത്യമാകുമെന്നു സഖാവ് പ്രവചിക്കുന്നു. അതിന് ഈ വര്‍ഷം ഡിസംബര്‍ 21 വരെ കാത്തിരിക്കണ്ട. ഈ വരുന്ന ഏപ്രില്‍ നാലുമുതല്‍ കോഴിക്കോട്ടു നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിനു യോജിച്ച നവീകരിച്ച പുതിയ സോഷ്യലിസ്റ്റ് ബദലിന് അന്തിമരൂപമാകും. പാര്‍ട്ടിയില്‍ അന്നുവരെ സംഭവിച്ച എല്ലാ പിശകുകളും തിരുത്തും. അതിനു പറ്റിയ ബദലും അദ്ദേഹം കണ്ടുവച്ചിട്ടുണ്ട്. കൊമ്രേഡ് വി.എസ്. അച്യുതാനന്ദന്‍.

കേരളത്തില്‍ അഴിമതി നടത്തുന്നവര്‍ കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണ പിള്ളയും മറ്റുമാണ്. ആരോടും മമതയോ പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിച്ചുകൊള്ളാമെന്നു ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തശേഷം വല്ലവരെയും സഹായിക്കാന്‍ പുറപ്പെട്ടാല്‍ അഴിയെണ്ണും. സഹായിക്കുന്നെങ്കില്‍ രക്തബന്ധുക്കളെ സഹായിക്കണം. മകന്‍, മകള്‍, പിതൃസഹോദര പുത്രന്‍ എന്നൊക്കെ പറയുന്ന രക്തബന്ധുക്കളെ. അവര്‍ക്കു വഴിവിട്ട സഹായങ്ങള്‍ ചെയുന്നതു സത്യപ്രതിജ്ഞാലംഘനമേ അല്ല. രക്തബന്ധുക്കളോട് ഇത്തിരി മമതയോ പ്രീതിയോ കാണിക്കരുതെന്നോ, വിദ്വേഷം ആകാമെന്നോ ഏതു ഭരണഘടനയിലാണ് എഴുതിവച്ചിരിക്കുന്നത്. അതുകൊണ്ടാണ് അച്യുതാനന്ദന് പാര്‍ട്ടി ക്ലീന്‍ ചിറ്റ് നല്കിയത്. പോളണ്ടും ക്യൂബയും റഷ്യയും ചൈനയുമൊക്കെ പോകട്ടെ. ബംഗാളിലും ത്രിപുരയിലും വരെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി. കൊച്ചുകേരളത്തിലെങ്കിലും പാര്‍ട്ടിക്കു നിലനില്ക്കണ്ടേ?

മായനിസ്റ്റുകളുടെ മണ്ടത്തരം കമ്യൂണിസ്റ്റുകള്‍ക്കു പാടില്ലല്ലോ. ലാല്‍സലാം.
Rate This News :
Latest News