സുകുമാര്‍ അഴീക്കോട് അന്തരിച്ചു
Published : Tuesday,
January 24,
2012
തൃശൂര്‍
പ്രശസ്ത സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 85 വയസായിരുന്നു. തൃശൂര്‍ അമല ആശുപത്രിയില്‍ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെത്തുടര്‍ന്നു കഴിഞ്ഞ മാസം ഒമ്പതിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ഒമ്പതരയോടെ മൃതദേഹം തൃശൂര്‍ ഇരവിമംഗലത്തെ വസതിയിലേക്കു കൊണ്ടുപോകും. തുടര്‍ന്നു കേരള സാഹിത്യ അക്കാഡമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചയ്ക്ക് പയ്യമ്പലത്ത്. സഹായി സുരേഷും സഹോദരി പുത്രന്‍ മനോജും ചേര്‍ന്നു ചിതയ്ക്കു തീകൊളുത്തും.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് പനങ്കാവില്‍ ദാമോദരന്‍റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടേയും മകനായി 1926 മേയ് 12ന് ജനനം. 1941 ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്നു പത്താം ക്ലാസ് പാസായി. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ ഒരുവര്‍ഷത്തെ വൈദ്യ പഠനം. 1946 ല്‍ സെന്‍റ് അലോഷ്യസ് കോളെജില്‍ നിന്നു ബികോം ബിരുദം. തുടര്‍ന്നു കോഴിക്കോട് ഗവണ്‍മെന്‍റ് ട്രെയ്നിങ് കോളെജില്‍ നിന്നു ബിടി ബിരുദം. സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അദ്ദേഹം കേരള യൂനിവേഴ്സിറ്റിയില്‍ നിന്നു പിഎച്ച്ഡിയും കരസ്ഥമാക്കി.
1948 ല്‍ ചിറക്കല്‍ രാജാസ് സ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മംഗലാപുരം സെന്‍റ് അലോഷ്യസ് കോളെജ്, കോഴിക്കോട് സെന്‍റ് ജോസഫ് കോളെജ് എന്നിവിടങ്ങളില്‍ ലക്ചറര്‍. മൂത്തകുന്നം എസ്എന്‍എം ട്രെയ്നിങ് കോളെജില്‍ പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാളവിഭാഗം മേധാവി, പ്രൊ വൈസ് ചാന്‍സലര്‍, ആക്റ്റിങ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1963 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തലശേരിയില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. യുജിസിയുടെ ആദ്യ നാഷണല്‍ ലക്ചറര്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്‍റ്, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഒഫ് ഇന്ത്യ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.
ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
കുറച്ചു കാലം വര്‍ത്തമാനം ദിനപത്രത്തിന്‍റെ പത്രാധിപരായിരുന്നു. തൃശൂര്‍ പൂത്തൂരിനടുത്ത് ഇരവി മംഗലത്ത് താമസിച്ചു വരികയായിരുന്നു. അവിവാഹിതനാണ്.
അദ്ദേഹത്തിന്‍റെ തത്ത്വമസി എന്ന കൃതിക്കു കേന്ദ്ര-കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ഉള്‍പ്പെടെ 12 അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1989 ല്‍ വയലാര്‍ അവാര്‍ഡും 2004 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും നല്‍കി അദ്ദേഹത്തെ ആദരിച്ചു. വിവിധ ഭാഷകളില്‍ തര്‍ജിമ ചെയ്യപ്പെട്ടവ ഉള്‍പ്പെടെ മുപ്പത്തഞ്ചിലേറെ കൃതികള്‍ രചിച്ചു. മലയാള സാഹിത്യ വിമര്‍ശനം, അഴീക്കോടിന്‍റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, മഹാത്മാവിന്‍റെ മാര്‍ഗം, രമണനും മലയാള കവിതയും, അഴീക്കോടിന്‍റെ ആത്മകഥ, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, ഭാരതീയത, ആശാന്‍റെ സീതാകാവ്യം, പുരോഗമനസാഹിത്യവും മറ്റും, വായനയുടെ സ്വര്‍ഗത്തില്‍, മലയാള സാഹിത്യ പഠനങ്ങള്‍, തത്വവും മനുഷ്യനും, അഴീക്കോടിന്‍റെ ഫലിതങ്ങള്‍, ഗുരുവിന്‍റെ ദുഖം, മഹാകവി ഉള്ളൂര്‍, ഖണ്ഡനവും മണ്ഡനവും, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, എന്തൊരു നാട്, നട്ടെല്ല് എന്ന ഗുണം.
Close...
Maximum Character Allowed -
4000