നേപ്പാളിലെ കാര്യസ്ഥന്‍
Published : Monday,
January 30,
2012
ആ സ്ട്രീറ്റിലുള്ള ഏതെങ്കിലും ഒരാളുടെ വീടിന്‍റെ ഓടിളകിയാല്‍ നിയല്‍സ് ഗോഷോയുടെ മനസു വേദനിക്കും. എവിടെ നിന്നെങ്കിലും പണിക്കാരെ കൊണ്ടുവന്ന് അറ്റകുറ്റപ്പണി നടത്തിക്കഴിഞ്ഞാലേ അദ്ദേഹത്തിന് ഉറക്കം വരൂ. പഴയ വീടുകള്‍ കേടു വരുമ്പോള്‍ ഈ മനുഷ്യനെന്തിനാ ഇങ്ങനെ പരക്കം പായുന്നത്...? കാഠ്മണ്ഡുവിലുള്ളവരുടെ സംശയം മാറി കഴിഞ്ഞ ദിവസം. ഫുക്കുവോക്ക ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ പുരസ്കാരം നിയേല്‍സിനു ലഭിച്ചപ്പോഴാണ് ഈ ജര്‍മനിക്കാരന്‍ ചെയ്യുന്നതെന്തെന്ന് നേപ്പാളിലുള്ളവര്‍ മനസിലാക്കിയത്. കാഠ്മണ്ഡുവിലെ ബക്താപുരില്‍ സ്ഥിരതാമസമാക്കി നേപ്പാളിലെ പഴയ ഗൃഹങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുകയാണ് ഈ എഴുപതുകാരന്‍. പഴയ വീടുകളുടെ ഫോട്ടൊ എടുത്തു വച്ചോളൂ. അധികംവൈകാതെ ഇതൊക്കെ ഓര്‍മയാകുമെന്നു നേപ്പാളിലുള്ളവരോട് നിയല്‍സ് പറയുമ്പോള്‍ പെട്ടെന്ന് മുന്നില്‍ തെളിയുന്ന ചിത്രം കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ നാലുകെട്ടും നടുമുറ്റവുമൊക്കെയാണ്...
ഇഷ്ടികകൊണ്ടു കെട്ടിപ്പൊക്കിയ വീടുകള്‍. വലിയ വാതിലും രണ്ടാം നിലയും മച്ചും മേല്‍ജനലുമൊക്കെയായി എന്‍ഷ്യന്‍റ് ലുക്ക്. നേപ്പാളില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവരുടെ മനസില്‍ ആ നാടിനെക്കുറിച്ചുള്ള ചിത്രം പഗോഡകളും ബഹുനില മാളികകളുമാണ്. ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്കു വഴിമാറുന്ന വികസനം നേപ്പാളിന്‍റെ ഈ ഭംഗി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നു പറയുന്നു പുരാതന ശൈലികളെ സംരക്ഷിക്കുന്ന നിയല്‍സ് ഗോഷെ. ഇപ്പോള്‍ നേരില്‍ കാണുന്നതെല്ലാം ഫോട്ടൊകളാക്കുക. പുസ്തകങ്ങളില്‍ എഴുതി വയ്ക്കുക. നേപ്പാളിന്‍റെ പ്രാചീന ഭംഗിക്കുവേണ്ടി അതു മാത്രമേ ഇനി ചെയ്യാനുള്ളൂ... നാല്‍പ്പതു വര്‍ഷമായി നേപ്പാളിലെ വീടുകളുടെ സംരക്ഷകന്‍ നിയല്‍സ് പറയുന്നു.
കാഠ്മണ്ഡു താഴ്വരയുടെ ഭംഗി എത്രയോ സിനിമകള്‍ക്കു പശ്ചാത്തലമായിട്ടുണ്ട്. യോദ്ധ ഉള്‍പ്പെടെ മലയാളം സിനിമകളും നിരവധി ഷൂട്ട് ചെയ്തിട്ടുണ്ട് യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ള ഈ മലയോരത്ത്. ഹിന്ദുമതവും ബുദ്ധമതവും പ്രചരിച്ച ആദ്യ കാലത്താണ് ഇവിടെ പ്രാചീന കെട്ടിടങ്ങളും വിഹാരങ്ങളും നിര്‍മിക്കപ്പെട്ടത്. ബക്താപുര്‍, കാഠ്മണ്ഡു, പത്താന്‍ പ്രദേശങ്ങള്‍ ഏഷ്യയില്‍ നിന്ന് ആദ്യമായി വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണ്. ഇവിടെയുള്ള എല്ലാ കെട്ടിടങ്ങളുടേയും സംരക്ഷണത്തിനായി നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു നിയല്‍സ്.
ഓരോ വര്‍ഷവും ബുദ്ധവിഹാരങ്ങളും പഴയ വീടുകളും പൊളിച്ചു മാറ്റപ്പെടുന്നു. അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയരുന്നു. ചുടുകട്ടയില്‍ കെട്ടിപ്പൊക്കിയ പഴയ വീടുകളുടെ മേല്‍ക്കൂരകള്‍ ഇടിഞ്ഞു വീഴുന്നു. വലിയ ജനലുകളും വാതിലുകളും പൊളിച്ചു മാറ്റി മോഡേണ്‍ വിന്‍ഡോകള്‍ സ്ഥാപിക്കുന്നു... സന്യാസ മഠങ്ങള്‍, വിഹാരങ്ങള്‍, ക്ഷേത്രങ്ങള്‍, പുരാവസ്തുക്കള്‍, ചരിത്രഗൃഹങ്ങള്‍... പൊളിഞ്ഞു വീഴുന്നവയില്‍ ചിലത്. പത്തു വര്‍ഷം മുമ്പു വരെ വീടു പൊളിക്കുന്നതിന് അനുമതി പോലും വേണ്ടിയിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍, അതുവരെ ഇടിഞ്ഞു വീണത് ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്. വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടിച്ചുപൊളിക്കപ്പെട്ട കെട്ടിടങ്ങളുടെ ഫോട്ടൊ കാണിച്ചുകൊണ്ട് നിയല്‍സ് പറയുന്നു. പഴയ കെട്ടിടങ്ങള്‍ പൊളിക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നു നിയമമുണ്ടായത് അടുത്തിടെയാണ്.
ഹാംബര്‍ഗില്‍ ജനിച്ച നിയല്‍സിന് നേപ്പാളുമായി വ്യക്തിപരമായ ബന്ധങ്ങളൊന്നുമില്ല. ഡാംസ്റ്റഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ആര്‍ക്കിടെക്ചര്‍ ഡിഗ്രിക്കു ശേഷം കുറച്ചുകാലം ജപ്പാനില്‍ കഴിഞ്ഞു.
നേപ്പാളിലെ ചരിത്രഗൃഹങ്ങളെക്കുറിച്ച് പഠിക്കാനിടയായി. 1971ല്‍ അവയുടെ സംരക്ഷണം ലക്ഷ്യമാക്കി കാഠ്മണ്ഡുവിലേക്കു തിരിച്ചു. പൂജാരി മഠ് ഹിന്ദു സന്യാസ കേന്ദ്രത്തിന്‍റെ സംരക്ഷണ ജോലികളായിരുന്നു ആദ്യം ഏറ്റെടുത്തത്. കൂടെ ഭാര്യ വാവുവും ഉണ്ടായിരുന്നു.
കെട്ടിടങ്ങളുടെ പഴയ ഫോട്ടൊകള്‍ നോക്കി അതുപ്രകാരം അറ്റകുറ്റപ്പണികള്‍ നടത്തലാണു നിയല്‍സിന്‍റെ പ്രവര്‍ത്തന രീതി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച പത്താന്‍ റോയല്‍ പാലസിന്‍റെ നവീകരണമാണ് ഏറ്റവുമൊടുവില്‍ നിയല്‍സ് ഏറ്റെടുത്ത ദൗത്യം. അതിന്‍റെ ജോലി പൂര്‍ത്തിയാക്കി. ഇപ്പോഴും പലയിടത്തും പുതിയ കെട്ടിടങ്ങളുയരുന്നു, പഴയവ പൊളിച്ചു മാറ്റുന്നു. വികസനത്തോടു മുഖം മറച്ചു നില്‍ക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും താത്പര്യമില്ല. ഇപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ഒരുപാടു വിഷമിക്കാറില്ല നിയല്‍സ്. ഇറ്റ്സ് പാര്‍ട്ട് ഒഫ് ലൈഫ്... നിയല്‍സ് പറയുന്നു.
Close...
Maximum Character Allowed -
4000