Wednesday, May 23, 2012   6:37 PM IST
Vaartha BlogRSS
Loading
പോളിയോ ദിനാചരണം; ജില്ലയില്‍ ഒരുക്കം വ്യാപകം
Published : Tuesday, January 31, 2012
|
  
Text Size
മലപ്പുറം

ജില്ലയില്‍ ഫെബ്രുവരി 19, ഏപ്രില്‍ ഒന്ന് തീയതികളില്‍ നടക്കുന്ന പള്‍സ് പോളിയോ ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജില്ലയിലെ അഞ്ചു വയസിനു താഴെയുള്ള നാലുലക്ഷത്തോളം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി സമ്പൂര്‍ണ പോളിയോ വിമുക്ത ജില്ലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതികളാവിഷ്കരിക്കുന്നത്.

125 കുട്ടികള്‍ക്കു ഒരു ബൂത്ത് എന്ന രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ക്യാംപെയ്നു മുമ്പായി ഡോക്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം നല്‍കി കഴിഞ്ഞു. അടുത്തയാഴ്ചയില്‍ ജില്ലയിലെ ജെപിഎച്ച്എന്‍, ജെഎച്ച്ഐമാര്‍, ആംഗന്‍വാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലനം പ്രധാന കേന്ദ്രങ്ങളില്‍ നടക്കും. സ്കൂള്‍, കോളെജുകളിലെ എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ് അംഗങ്ങള്‍ എന്നിവരെയും ഇത്തവണ ക്യാംപെയ്ന്‍ പ്രചരണത്തിനും കുട്ടികളെ പോളിയൊ ബൂത്തുകളിലെത്തിക്കുന്നതിനുമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രൂപത്തിലാണ് പദ്ധതികള്‍ തയാറാക്കുന്നത്. ഫെബ്രുവരി 19ന് മുമ്പായി സ്കൂളുകളില്‍ പ്രത്യേക അസംബ്ലികള്‍ ചേര്‍ന്ന് പോളിയോ പ്രതിജ്ഞയെടുപ്പിക്കും. വിദ്യാര്‍ഥികള്‍ മുഖേന പോളിയൊ ബോധവത്കരണ ലഘുലേഖകള്‍ വീടുകളിലെത്തിക്കാനും പരിപാടിയുണ്ട്.

സംസ്ഥാനത്ത് അഞ്ചുവയസിന് താഴെ പ്രായമുള്ള ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ജില്ലയാണ് മലപ്പുറം. ജില്ലയില്‍ തിരൂര്‍, അരീക്കോട്, കുറ്റിപ്പുറം ബ്ലോക്കുകള്‍ രോഗപ്രതിരോധ മേഖല പ്രശ്നബാധിതമെന്നു നേരത്തെ കണ്ടെത്തിയിരുന്നു. താനൂര്‍, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍, വേങ്ങര ബ്ലോക്കുകളിലും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നു. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം അഞ്ച് ടെറ്റനസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്നു നവജാത ശിഷുവിനായിരുന്നു. നാല് ഡിഫ്തീരിയ കേസുകളും 605 അഞ്ചാംപനി കേസുകളും കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു. 16 പേര്‍ക്കാണു വില്ലന്‍ചുമ കണ്ടെത്തിയത്.

ഈ വര്‍ഷം ജനുവരിയില്‍ മാത്രം ഒരു ടെറ്റനസ് കേസും ആറ് അഞ്ചാം പനി കേസും രണ്ട് വില്ലന്‍ചുമ കേസും കണ്ടെത്തയിട്ടുണ്ട്. രോഗ പ്രതിരോധമേഖലയില്‍ ജില്ലയുടെ പിന്നാക്കാവസ്ഥയെ മറികടക്കാനായി വിപുലമായ പരിപാടികള്‍ക്കാണു ആരോഗ്യ വകുപ്പ് അധികൃതര്‍ രൂപം നല്‍കുന്നത്.

ഇതിന്‍റെ പ്രചാരണത്തിനായി വരും ദിവസങ്ങളില്‍ മതമേലധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, യുവജന സംഘടന പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ ഉള്‍പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണു ആസൂത്രണം ചെയ്യുന്നത്.

Rate This News :
Latest News